നെടുമങ്ങാട്: കുഞ്ഞിന്റെ സ്വർണ പാദസരം കവർന്ന കേസിൽ യുവതി പിടിയിൽ. അരുവിക്കര ഇരുമ്പ ആലുംമൂട് കുന്നുംപുറം സ്വദേശി വട്ടിയൂർക്കാവ് കുണ്ടമൺകടവ് വാടകക്ക് താമസിക്കുന്ന ശ്രീലത(45) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം നെടുമങ്ങാട് മാർക്കറ്റ് ജങ്ഷന് സമീപത്തെ ഫാൻസി കടയിലാണ് മോഷണം നടന്നത്. കടയിലെത്തിയ ഇരിഞ്ചയം സ്വദേശിനിയുടെ ഒരു വയസുള്ള മകളുടെ അര പവൻ പാദസരമാണ് കവർന്നത്.
തുടർന്ന് പോലീസിൽ പരാതി നൽകിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇവർക്ക് വിവിധ പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റത്തിനും വഞ്ചനാ കുറ്റത്തിനും അഞ്ചോളം കേസുകൾ നിലവിലുണ്ട്. ഇതിന്റെ പേരിൽ ജയിൽ വാസം അനുഭവിച്ചതായും നെടുമങ്ങാട് എസ്.എച്ച്.ഒ എസ്. സതീഷ് കുമാർ പറഞ്ഞു.
തിരക്കുള്ള സ്ഥലങ്ങളിലെത്തി കൈക്കുഞ്ഞുങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുന്നതാണ് പതിവ് രീതിയെന്നും മോഷണം നടത്തിയ സ്വർണം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.