തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറെ നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വീട്ടിലിരുന്ന് സമയം തേടാം. ഇതിനായി കേരള പൊലീസിന്റെ പോൽ ആപ് സൗകര്യം ഏർപ്പെടുത്തി. പൊലീസ് സ്റ്റേഷനിൽ പോകാതെ പോൽ ആപ് ഉപയോഗിച്ച് പരാതി നൽകുന്നതുപോലെ എളുപ്പമാണിതും.
പോൽ ആപ് തുറന്ന് സർവിസ് മെനുവിൽനിന്ന് അപ്പോയ്മെന്റ് ഫോർ വിമന്‍ ആൻഡ് ചൈൽഡ് തെരഞ്ഞെടുത്ത് ന്യൂ റിക്വസ്റ്റിൽ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയാൽ കൂടിക്കാഴ്ചക്കുള്ള തീയതിയും സമയവും എസ്.എം.എസായി മൊബൈൽ ഫോണിൽ ലഭിക്കും.
വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യവിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും പൊലീസിനെ അറിയിക്കാനും ആപ്പിൽ സൗകര്യമുണ്ട്. ഷെയർ ഇൻഫൊർമേഷൻ അനോണിമസ്ലി എന്ന ഓപ്ഷനിലാണ് സൗകര്യം.
കംപ്ലയിന്റ് രജിസ്ട്രേഷൻ എന്ന ഓപ്ഷനിലൂടെ സ്റ്റേഷനിൽ പോകാതെ പരാതി നൽകാനുള്ള സൗകര്യവുമുണ്ട്. വാഹനാപകടങ്ങൾ സംഭവിച്ചാൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പൊലീസ് സ്റ്റേഷനിലെ ജി.ഡി (ജനറൽ ഡയറി) എൻട്രി ഓൺലൈനായി ലഭ്യമാക്കുന്ന സൗജന്യ സേവനവും പോൽ ആപ് നൽകുന്നു. റിക്വസ്റ്റ് ആക്സിഡന്റ് ജി.ഡി സേവനം തെരഞ്ഞെടുത്ത് വിവരങ്ങൾ നൽകിയാൽ മതി.
തിരിച്ചറിയൽ രേഖയും സംഭവത്തിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതിനുശേഷം ആക്സിഡന്റ് സംബന്ധിച്ചും വാഹനത്തിന്റെ വിവരങ്ങളും നൽകി സബ്മിറ്റ് ചെയ്യാം. അപേക്ഷയിൽ പൊലീസ് പരിശോധന പൂർത്തിയായശേഷം ജി.ഡി എൻട്രി അനുവദിക്കും. അത് ആപ്പിൽനിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.