കോഴിക്കോട്: മഹല്ല് തലങ്ങളിൽ വനിതകളെ ശാക്തീകരിക്കുന്നതിനായി വഖഫ് സ്ഥാപനങ്ങളിലൂടെ കർമ പരിപാടികൾ ആവിഷ്കരിക്കാൻ വഖഫ് ബോർഡ് സംഘടിപ്പിച്ച വനിത ശാക്തീകരണ ശിൽപശാല തീരുമാനിച്ചു.
വനിതകൾക്കിടയിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, മത സംഘടന പ്രതിനിധികൾ പെങ്കടുത്ത പരിപാടിയിൽ മുസ്ലിം വനിതകളുടെ വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക ഉന്നതിക്കായി നിരവധി നിർദേശങ്ങൾ ഉയർന്നു. വിവാഹത്തിന് മുമ്പ് വധൂവരന്മാർക്കും ഇരുകുടുംബങ്ങൾക്കും പ്രീ-മാരിറ്റൽ കൗൺസിലിങ് നിർബന്ധമാക്കണമെന്നും ഇതിന് വഖഫ് ബോർഡ് സംവിധാനം ഒരുക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. വനിതകളുടെ ക്ഷേമം സംബന്ധിച്ച് മഹല്ല് തലത്തിൽ സർവേ നടത്തണമെന്നും മദ്റസാധ്യാപകരായി വനിതകളെ ഉപയോഗപ്പെടുത്തണമെന്നും ആവശ്യമുണ്ടായി. വഖഫ് ബോർഡിൽ വനിത പ്രാതിനിധ്യം ഏർപ്പെടുത്തിയതുപോലെ മഹല്ല് കമ്മിറ്റികളിലും വനിതകൾക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം. മഹല്ലുകളിൽ വനിതകൾക്ക് വോട്ടവകാശം അനുവദിക്കുകയും വേണം. മഹല്ലുകളിൽ പ്രവർത്തിക്കുന്ന പ്രശ്നപരിഹാര സമിതികളിലും സ്ത്രീകൾക്ക് അഭിപ്രായം പറയാൻ അവസരം ലഭ്യമാക്കണം.
ഭാര്യാഭർതൃ പ്രശ്നങ്ങൾ മഹല്ലുകളിൽ കൈകാര്യം ചെയ്യുേമ്പാൾ വനിത കൗൺസിലർ ഇല്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പള്ളികളിൽ വനിതകൾക്കായി നീക്കിവെച്ച ഭാഗത്ത് ശുചിത്വ പരിശോധന നടത്താൻ സംവിധാനം വേണം. വഖഫ് ഭൂമികളിൽ വനിതകൾക്ക് വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ സൗകര്യമുണ്ടാക്കുന്നതിന് വഖഫ് ബോർഡും മഹല്ല് കമ്മിറ്റികളും മുന്നോട്ടുവരണം. മുസ്ലിം വനിതകളെ നിയമരംഗത്ത് ശാക്തീകരിക്കാൻ അഭിഭാഷകരുൾപ്പെടുന്ന കോർ ഗ്രൂപ്പുകൾ മഹല്ല് തലങ്ങളിൽ രൂപവത്കരിക്കണമെന്നും കുടുംബങ്ങളിൽ ഗ്രീൻ പ്രോേട്ടാേകാൾ ഏർപ്പെടുത്താൻ വഖഫ് ബോർഡ് മുൻകൈയെടുക്കണമെന്നും ശിൽപശാലയിൽ ആവശ്യമുയർന്നു. പ്രായപൂർത്തിയാകാത്തവർ തമ്മിലെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് മഹല്ല് കമ്മിറ്റികളെ നിരുത്സാഹപ്പെടുത്താൻ നടപടികൾ വേണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ശിൽപശാല ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം അഡ്വ. ഫാത്തിമ റോഷ്ന അധ്യക്ഷത വഹിച്ചു.
അംഗം അഡ്വ. പി.വി. സൈനുദ്ദീൻ വിഷയം അവതരിപ്പിച്ചു. മറ്റംഗങ്ങളായ എം.സി. മായിൻ ഹാജി, അഡ്വ. എം. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. നൂർബിന റഷീദ്, ശമീമ ഇസ്ലാഹിയ, ടി. റഹ്മത്തുന്നീസ ടീച്ചർ, കെ.പി. മറിയുമ്മ, കുൽസു ടീച്ചർ, സുഹറ മമ്പാട്, ഖമറുന്നിസ അൻവർ, ഡോ. ടി.പി. ജമീല, ടി.പി.എം. ശറഫുന്നീസ ടീച്ചർ, ഒ.കെ. ഹഫ്സ മോൾ, റോഷ്നി ഖാലിദ്, എം.കെ. വിനീത, സെറീന ഹസീബ്, എ. ആമിന ടീച്ചർ, അഡ്വ. കെ. ഫാത്തിമ തെഹ്ലിയ, ഡോ. ആബിദ ഫാറൂഖി, ടി.കെ. സുബൈദ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. വഖഫ് ബോർഡ് ചീഫ് എക്സി. ഒാഫിസർ എം.കെ. സാദിഖ് സ്വാഗതവും ഡിവിഷനൽ ഒാഫിസർ യു. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനുള്ള കർമപരിപാടികൾ മഹല്ലുകൾ കേന്ദ്രീകരിച്ച് കാര്യക്ഷമമായി നടപ്പാക്കാൻ കോർ കമ്മിറ്റിക്ക് രൂപം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.