കൊടുമൺ: വാക്കിടോക്കി അടിച്ചുമാറ്റി പൊലീസിനെ വട്ടംകറക്കുന്ന ‘ആക്ഷൻ ഹീറോ ബിജു’ സിനിമയിലെ കഥാപാത്രത്തെ മലയാളി മറന്നിട്ടുണ്ടാവില്ല. സമാനമായ മറ്റൊരു അടിച്ചുമാറ്റലിൽ പത്തനംതിട്ട കൊടുമൺ സ്റ്റേഷനിലെ പൊലീസുകാർ ഇ-പോസ് മെഷീനിനായി നെട്ടോട്ടത്തിലാണ്. പ്രതിയെ പൊക്കിയെങ്കിലും ഇ-പോസ് മെഷീൻ കണ്ടെത്തിയിട്ടില്ല.
പെറ്റിക്കേസിൽ കാർഡ് സ്വൈപ് ചെയ്തു അപ്പോൾ തന്നെ പിഴ ഈടാക്കാനാണ് സ്റ്റേഷനുകളിൽ മെഷീൻ നൽകിയത്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മരുതിമൂട് എബി ഭവനത്തിൽ എബിജോണാണ് (28) പൊലീസ് സ്റ്റേഷനിൽനിന്ന് ഇ-പോസ് മെഷീനുമായി മുങ്ങിയത്. ജനുവരി 27ന് രാത്രി ഒമ്പതിനാണ് ഇയാളെ കസ്റ്റഡയിലെടുത്തത്.
പിന്നീട് ജാമ്യത്തിൽ വിട്ടു. പോകുന്ന പോക്കിൽ ആരും കാണാതെ ഇ-പോസ് മെഷീൻ കൈക്കലാക്കി വസ്ത്രത്തിൽ ഒളിപ്പിച്ചു. ജി.ഡി ചാർജിന്റെ സമീപത്ത് വയർലെസ് സെറ്റിനൊപ്പം വെച്ചിരിക്കയായിരുന്നു മെഷീൻ. ഇ-പോസ് കാണാതായതോടെ പൊലീസുകാർ പരക്കം പാഞ്ഞു. ഒടുവിൽ സി.സി ടി.വിയിൽനിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. തുടർന്ന് എബിയെതേടി പൊലീസ് അന്വേഷണമായി. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. പൊതുമുതൽ മോഷണത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എന്നാൽ, മെഷീൻ ഇയാളിൽനിന്ന് കിട്ടിയില്ല. പോയ പോക്കിൽ വഴിയിൽ എറിഞ്ഞുകളഞ്ഞെന്നാണ് പറയുന്നത്. കാൽലക്ഷത്തോളം രൂപ വില വരുന്നതാണ് മെഷീൻ. പ്രതിയെ പൊലീസുകാർ മർദിച്ചതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.