കല്ലടിക്കോട്: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തിരിപ്പാല ലക്കിടി മറ്റത്ത് പടി വീട്ടിൽ ചാമി-ലക്ഷ്മി ദമ്പതികളുടെ മകൾ സജിതയെ (26) കരിമ്പ വെട്ടത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഞായറാഴ്ച രാവിലെ ആറോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് കരിമ്പ വെട്ടത്ത് പടിഞ്ഞാക്കര നിഖിൽ(28) തമിഴ്നാട്ടിൽവെച്ചാണ് പൊലീസിന്റെ പിടിയിലായത്.
യുവതിയുടെ മൃതദേഹം പൂർണമായി പുതച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്. സംഭവശേഷം ഭർത്താവ് നിഖിലിനെയും ഇവരുടെ രണ്ടു കുട്ടികളെയും കാണാതായിരുന്നു. നിഖിൽ പുതുച്ചേരിയിലേക്ക് പുറപ്പെട്ടതായി സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി.
തുടർന്ന് തമിഴ്നാട്ടിലെ സേലം പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കല്ലടിക്കോട്ടെത്തിച്ച് കൂടുതൽ ചോദ്യംചെയ്ത ശേഷമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. നിഖിൽ ഒമ്പതു വർഷം മുമ്പാണ് സജിതയെ വിവാഹംചെയ്തത്. പ്രണയവിവാഹമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിൽനിന്ന് പരിസരവാസികൾ ബഹളം കേട്ടിരുന്നു. വഴക്ക് പതിവായതിനാൽ ഇക്കാര്യം ഗൗനിച്ചില്ല. ഞായറാഴ്ച രാവിലെ ഇവരെ പുറത്ത് കാണാതായതോടെ പന്തികേട് തോന്നി സമീപവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ശരീരത്തിൽ പാടുകളോ മുറിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ട വിശദാംശങ്ങൾ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
മക്കൾ: നിജിൽ, നിവേദ്യ. സജിതയുടെ മൃതദേഹം ലക്കിടിയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. ഇവരുടെ കുട്ടികളെ സജിതയുടെ മാതാവിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.