പാലക്കാട്: തങ്കം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം മൂന്ന് ജീവനുകൾ നഷ്ടമായതിൽ പ്രതിഷേധിച്ച് യുവജന സംഘനകളുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.മുദ്രാവാക്യം മുഴക്കി പൊലീസ് വലയം മറികടക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിലും പ്രതിഷേധം അരങ്ങേറി.
യുവമോർച്ച മാർച്ചിന് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ, ജനറൽ സെക്രട്ടറി കെ. ഷിനു, കെ.എം. പ്രതീഷ്, ആർ. ശ്രീജിത്ത്, എച്ച്. മോഹൻദാസ്, ജി. അജേഷ്, വിഷ്ണു ഗുപ്ത എന്നിവർ നേതൃത്വം നൽകി. ചടനാംകുറുശ്ശിയിൽനിന്ന് ആരംഭിച്ച ഡി.വൈ.എഫ്.ഐ മാർച്ച് ആശുപത്രി പരിസരത്ത് പൊലീസ് തടഞ്ഞു.
ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ, സംസ്ഥാന കമ്മിറ്റി അംഗം ഷക്കീർ, ജില്ല പ്രസിഡന്റ് ആർ. ജയദേവൻ, ട്രഷറർ രൺദീഷ് എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിന് പ്രസിഡന്റ് സദ്ദാം ഹുസൈൻ, പ്രശോഭ്, വിനോദ് ചെറാട്, നിഖിൽ കണ്ണാടി, മൻസൂർ, സുരഭി, ജയഘോഷ്, അനുപമ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞദിവസം ചികിത്സ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച ആശുപത്രിയിൽ ചൊവ്വാഴ്ച കാലിന്റെ ശസ്ത്രക്രിയക്ക് എത്തിയ യുവതിയും മരിച്ചിരുന്നു.
സമഗ്ര അന്വേഷണം വേണം -സി.പി.എം
പാലക്കാട്: യാക്കര തങ്കം ആശുപത്രിയിൽ ഒരാഴ്ചക്കകം ചികിത്സക്കിടെ മൂന്നുപേർ മരിച്ചത് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം ജില്ല കമ്മിറ്റി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകി.
ചികിത്സയിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി വസ്തുത ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.