അർമീനിയയിൽ പോയ മകൻ കോഴിക്കോട് ലഹരിക്കച്ചവടത്തിൽ; വീട്ടുകാർ അറിയുന്നത് രണ്ട് കോടിയുടെ ലഹരി കേസിൽ പൊലീസ് തേടിയെത്തിയപ്പോൾ

കോഴിക്കോട്: ഒരുവർഷം മുമ്പ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് അർമീനിയയിലേക്ക് യാത്രയാക്കിയ യുവാവ് രണ്ട് കോടിയുടെ ലഹരി ഇടപാടിൽ പൊലീസ് പിടിയിൽ. പെരുവണ്ണാമുഴി സ്വദേശി മുതുകാട് കിഴക്കയിൽ ഹൗസിൽ ആൽബിൻ സെബാസ്റ്റ്യ(24)നെയാണ് ഇടുക്കി ജില്ലയിലെ കുമളിയിൽനിന്ന് വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ആൽബിൻ എട്ടുമാസം മുമ്പ് നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. അർമീനിയയിൽ ജോലി ചെയ്ത് നല്ല നിലയിൽ കഴിയുകയാണെന്നാണ്  കരുതിയത്. എന്നാൽ, രണ്ടുകോടി വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിൽ പോയ ആൽബിനെ തേടി പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് അർമീനിയയിൽ അല്ലെന്നും കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുന്ന ശ്യംഖലയിലെ കണ്ണിയാണെന്നും വീട്ടുകാർ അറിഞ്ഞത്.

കഴിഞ്ഞ മാസം മെയ് 19 നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ വീട്ടിൽ നിന്ന് രണ്ട് കോടിയിലധികം വില വരുന്ന മാരക മയക്ക് മരുന്നുകൾ പിടി കൂടിയിരുന്നു. പൊലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും പിടിച്ചെടുത്തു.

ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കി ഊർജിത അന്വേഷണം നടത്തിയതിൽ ആദ്യ പ്രതി ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇവർ കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ്.

സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട രണ്ടുപേരും പൊലീസിന്റ കണ്ണുവെട്ടിച്ച് ഗോവ, ഡൽഹി, ഹിമാചൽ, ബംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന ഇവരെ കുറിച്ച് ആർക്കും വ്യക്തമായ അറിവ് ഉണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുടുക്കി. എന്നാൽ ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ള ആളുകളെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അതിവിദഗ്ധമായി ബംഗളൂരുവിൽനിന്ന് ഷൈൻ ഷാജിയെയും കുമളിയിൽ നിന്ന് ആൽബിൻ സെബാസ്റ്റ്യനെയും പിടികൂടിയത്.

ആൽബിൻ സെബാസ്റ്റ്യനെതിരെ കോഴിക്കോട് ജില്ലയിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ട്. ഇവർ രണ്ട് പേരും കോഴിക്കോട് ഹോട്ടൽ മാനേജ്മെൻറിന് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ്. ജോലി ആവശ്യത്തിന് രണ്ട് പേരും അർമീനിയയിൽ പോയിരുന്നു. 4 മാസം അവിടെ നിന്ന ശേഷം വീട്ടുകാരും നാട്ടുകാരും അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ച് വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി കച്ചവടം നടത്തുകയായിരുന്നു.

ഇവർക്ക് മയക്കു മരുന്ന് നൽകിയവരെ പറ്റിയും ഇവർ ആർക്കെല്ലാമാണ് വിൽപന നടത്തുന്നതെന്നും കോഴിക്കോട് ജില്ലയിൽ ഇവരെ ആരെല്ലാമാണ് സഹായിക്കുന്നതെന്നും അന്വേഷിച്ച് കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാദ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ബീച്ച് പാർക്കുകൾ എന്നിവിടങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജി രാജ്പാൽ മീണ പറഞ്ഞു.

അന്വേഷണ സംഘത്തിൽ വെള്ളയിൽ ഇൻസ്പെക്ടർ ജി. ഹരീഷ്, ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ കെ. അബ്ദുറഹ്മാൻ, പി. ദിപു, എ. പ്രശാന്ത് കുമാർ, അനീഷ് മുസേൻ വീട്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, സരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ്, ഇ. സുജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    
News Summary - youth arrested in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.