വിതുര: മാൻകൊമ്പും മാരകായുധങ്ങളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് ടീമിന്റെ അന്വേഷണത്തിലാണ് വിതുര കല്ലാർ മേഖലയിലെ സ്ഥിരം കുറ്റവാളിയായ ചിറ്റാർ സ്വദേശി ഷഫീക്ക് എന്ന ചിറ്റാർ ഷഫീക്ക് (35) പിടിയിലായത്.
ആയുധനിർമാണം നടക്കുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളുടെ വീട് ഡാൻസഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് വലിയമല ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട് വളഞ്ഞുനടത്തിയ റെയ്ഡിൽ മുകൾനിലയിലെ മുറി ആയുധനിർമാണത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഏറുപടക്കങ്ങളും വെടിമരുന്നും കൂടാതെ മാൻകൊമ്പ്, വിവിധ രൂപങ്ങളിലുള്ള മാരകായുധങ്ങൾ, എയർ ഗൺ, ഇവയുടെ നിർമാണ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ വധശ്രമം, മയക്കുമരുന്ന് കച്ചവടം, ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണിയാൾ. ജയിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. മാൻകൊമ്പ് കണ്ടെടുത്തതിൽ വനംവകുപ്പ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഉറവിടം കണ്ടെത്തി മുമ്പും മൃഗവേട്ട നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ്. വലിയമല ഇൻസ്പെക്ടർ ശിവകുമാർ, ഡാൻസഫ് സബ് ഇൻസ്പെക്ടർ ഷിബു, എസ്.സി.പി.ഒമാരായ സതികുമാർ, അനൂബ്, ഉമേഷ്ബാബു, വിതുര എസ്.ഐ സതികുമാർ, എസ്.സി.പി.ഒ ബിനു എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.