തൃശൂർ: കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ജോജുവിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്. കൊച്ചിയിലെ സംഭവത്തിന് പിന്നാലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് താരത്തിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജോജുവിന്റെ തൃശൂര്‍ മാളയിലെ വീട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. വീടിനുമുന്നില്‍ ബാരിക്കേഡ് വെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. മാള പൊലീസിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും നേതൃത്വത്തിലാണ് പൊലീസ് തടഞ്ഞത്.
ഇന്ന് രാവിലെയാണ് ഇടപ്പള്ളി-വൈറ്റില ദേശീയ പാതയില്‍ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തിയത്. എന്നാല്‍ ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടന്‍ ജോജു കാറില്‍ നിന്നിറങ്ങി പ്രതിഷേധിച്ചത്. ജോജുവും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
നടൻ മദ്യപിച്ചാണ് പ്രവർത്തകരോട് തട്ടിക്കയറിയതെന്നും വനിത പ്രവർത്തകരോട് മോശമായി സംസാരിച്ചതെന്നും ഡി.സി.സി പ്രസിഡന്‍റ് ഷിയാസ് പറഞ്ഞിരുന്നു. എന്നാൽ, ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞത് കോൺഗ്രസിന് തിരിച്ചടിയായി. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലെത്തിയാണ് താരം വൈദ്യപരിശോധനക്ക് വിധേയനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.