പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച കാർ വാടകക്കെടുത്തത് ബി.ജെ.പി പ്രവർത്തകൻ. കൃപേഷിന്റെ പേരിലാണ് കാറുണ്ടായിരുന്നത്. ഇതനുസരിച്ച് കൃപേഷിനെ മാധ്യമങ്ങൾ സമീപിച്ചതോടെ ചുരുളഴിഞ്ഞത്.
അലിയാർ എന്നയാൾ തന്റെ പേരിൽ എടുത്തതാണ് കാറെന്ന് കൃപേഷ് പറഞ്ഞു. കാർ അലിയാർ വാടകയ്ക്ക് നൽകാറുണ്ടെന്നും സുബൈർ കൊല്ലപ്പെട്ട ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൃപേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷിക്കാനെത്തിയപ്പോൾ കാര്യങ്ങൾ അവരോട് പറഞ്ഞിട്ടുണ്ടെന്നും കൃപേഷ് പറഞ്ഞു.
ഇതേസമയം വെള്ളിയാഴ്ച രാവിലെ മുതലാണ് കാർ വാടകക്കെടുത്തതെന്ന് അലിയാർ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് എന്ന ബി.ജെ.പി പ്രവർത്തകനാണ് കാർ കൊണ്ടുപോയത്. നേരത്തെയും അദ്ദേഹം വാടകയ്ക്ക് കാർ എടുത്തിരുന്നു. ഇന്നലെ വിഷുവിന് കുടുംബത്തോടൊപ്പം അമ്പലത്തിൽ പോവാനാണെന്നുപറഞ്ഞാണ് വണ്ടിയെടുത്തത്. ഇന്നലെ 12.45 മുതൽ വിളിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിന് സമീപത്താണ് രമേശിന്റെ വീടെന്നും അലിയാർ പറഞ്ഞു.
കഞ്ചിക്കോട്‌നിന്നാണ് ഇന്ന് കാർ കണ്ടെത്തിയത്. നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ പേരിലുള്ള കാറാണ് സുബൈറിനെ ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതാകട്ടെ, സഞ്ജിത്ത് കൊല്ലപ്പെടുന്നതിനു മുൻപ് തന്നെ പാലക്കാട്ടെ വർക്ക്ഷോപ്പിലായിരുന്നുവെന്നും പിന്നീട് അതേ കുറിച്ച് ചിന്തിച്ചില്ലെന്നും സഞ്ജിത്തിന്റെ പിതാവ് അറുമുഖൻ പറയുന്നു. ഇതിനിടെ,
സംഭവത്തിനു പിന്നിൽ സ്ഥിരം ആർ.എസ്.എസ് ക്വട്ടേഷൻ സംഘമാണെന്ന് പറയുന്നു. അന്വേഷണം പഴയ വെട്ടുകേസിലേക്കാണ് ചെന്നെത്തുന്നത്. നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സർക്കീർ ഹുസൈനെ മാരകമായി വെട്ടിപരിക്കേൽപിച്ച കേസിലെ പ്രതികൾ തന്നെയാണ് ഈ കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ആസംഘത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഈ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ ഒരുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരടങ്ങിയ അഞ്ചുപേരാണ് സംഘത്തിലെന്ന് പറയുന്നു. കൊലപാതകികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇതനുസരിച്ച് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സുബൈർ കൊലപാതകത്തിനുപയോഗിച്ച കാർ കഞ്ചിക്കോട്ട് ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രതികൾ പാലക്കാടിന്റെ പലഭാഗത്തായി ഒളിവിൽ കഴിയുന്നുണ്ടാവുമെന്നും സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.