പാലക്കാട്: എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താൻ അക്രമികൾ ഉപയോഗിച്ച കാർ സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുമായി കാറുടമ സഞജിത്തിന്റെ പിതാവ് അറുമുഖൻ. 2021 നവംബറിൽ സഞജിത്ത് കൊല്ലപ്പെട്ട ശേഷം തങ്ങൾ ഈ കാർ ഉപയോഗിച്ചിട്ടില്ലെന്നും മരിക്കുന്നതിനു 15 ദിവസം മുൻപ് കാർ വർക്ക്ഷോപ്പിൽ കൊണ്ടിട്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്ടെ വർക്ക്ഷോപ്പിലാണ് കാർ എന്ന് മകൻ പറഞ്ഞിരുന്നുവെന്നും എന്നാൽ ഏത് വർക്ക്ഷോപ്പിലാണെന്നറിയില്ലെന്നും അറുമുഖൻ വ്യക്തമാക്കി. മകന്റെ മരണശേഷം അതേകുറിച്ച് അന്വേഷിച്ചില്ല. ഇപ്പോഴാണറിയുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ സുബൈറിനു പങ്കുള്ളതായി നേരത്തെ പറയപ്പെട്ടിരുന്നു. പൊലീസ് ചോദ്യം ചെയ്തിരുന്നുവെന്നാണ് അറിവ്. ഇപ്പോൾ നടന്ന കൊലപാതകത്തെ കുറിച്ച് ഒന്നുമറിയില്ല. പുറംനാട്ടുകാരായിരിക്കാം കൊലപാതകത്തിന് പിന്നിൽ -അറുമുഖൻ പറഞ്ഞു.
സുബൈറിനെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനു രണ്ടുകാരണങ്ങളാണ് പൊലീസ് പറയുന്നത്. സഞ്ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണിതെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടുത്താനായിരിക്കാം. മറ്റൊന്ന്, കാറിന്റെ ടയറിനുകേടുപാടുകളുണ്ട്. അതുകൊണ്ടാവാം ഉപേക്ഷിച്ചത്. സുബൈറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പാലക്കാട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷംസുദ്ധീന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.