നൂറിൻ ഷെരീഫും ഫാഹിം സഫറും. ചി​​​ത്ര​​​ങ്ങൾ: വിദ്യുത് വേണു



‘പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ദിലീപാകും ഈ ചിത്രത്തിൽ. കൂടെ വിനീത്‌ ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും’ -നൂറിൻ ഷെരീഫും ഫാഹിം സഫറും

ആദ്യ ചിത്രത്തിൽതന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം. ഏതൊരു താരത്തിന്‍റെയും ആഗ്രഹമാണത്. അത്തരമൊരു അപൂർവ ഭാഗ്യം ലഭിച്ച താരമാണ്‌ നൂറിൻ ഷെരീഫ്‌. ‘ഒരു അഡാർ ലവി’ലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നൂറിൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തിരക്കുള്ള താരംതന്നെയാണ്‌.

ഇപ്പോൾ സിനിമയിലൊന്നും കാണുന്നില്ലല്ലോ എന്ന്‌ ചോദിക്കുന്നവരോട്‌ കൃത്യം മറുപടിയുണ്ട്‌ നൂറിനും ഭർത്താവ് നടനും തിരക്കഥാകൃത്തുമായ ഫാഹിം സഫറിനും.

ഒരു വർഷത്തോളമായി സ്വന്തമായി തിരക്കഥയൊരുക്കുന്ന സിനിമയുടെ തിരക്കുകളിലാണ്‌ ഇരുവരും. ജൂലൈയിലാണ്‌ ഷൂട്ടിങ് ആരംഭിക്കുക. അതിനിടെ വിവാഹം കഴിഞ്ഞുള്ള ആദ്യ ബലിപെരുന്നാളിന്‍റെ തിരക്കുമുണ്ട്‌ ഇരുവർക്കും.

നൂറിൻ ഷെരീഫ്

ഞങ്ങളുടെ സിനിമ വരുന്നതുതന്നെയാണ്‌ വലിയ വിശേഷം

ഫാഹിം: ഞങ്ങളുടെ സിനിമ വരുന്നു എന്നതുതന്നെയാണ്‌ ഏറ്റവും വലിയ വിശേഷം. വിനീത്‌ ശ്രീനിവാസന്‍റെ അസോസിയേറ്റായിരുന്ന ധനഞ്‌ജയ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ദിലീപ്‌, വിനീത്‌ ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ്‌ പ്രധാന വേഷത്തിലെത്തുന്നത്‌. ‘ഭഭബ’ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്‌ ഗോകുലം മൂവീസാണ്‌.

കഥയുടെ ആദ്യ ആശയം പങ്കിട്ടത്‌ നൂറിനായിരുന്നു. തിരക്കഥ എഴുത്ത്‌ എനിക്ക്‌ പ്രശ്‌നമുള്ള വിഷയമായിരുന്നില്ല. എന്നാൽ, നന്നായി വായിക്കുന്ന ആളായിട്ടും ചെറിയ ചെറിയ കഥകൾ എഴുതുന്ന ആളായിട്ടും തിരക്കഥയിൽ പങ്കാളിയായി നൂറിൻ എത്തിയത്‌ ഏറെ ആലോചിച്ച ശേഷമാണ്‌. ഒരുമിച്ച്‌ എഴുതാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക്‌ വളരെ വേഗം കണക്‌ടായി. കാരണം, രണ്ടാൾക്കും സിനിമയെന്നാൽ അത്രത്തോളം ഇഷ്‌ടമാണ്‌.

നൂറിൻ: എഴുതുന്ന സമയത്ത്‌ അഭിപ്രായ വ്യത്യാസങ്ങളൊക്കെ വരും. അത്‌ വ്യക്തിജീവിതത്തെ ബാധിക്കുമോയെന്ന്‌ ഭയന്നു. പക്ഷേ, എഴുത്തിന്‍റെ സമയത്തുള്ള തീരുമാനങ്ങൾ ഞങ്ങൾ അവിടെത്തന്നെ അവസാനിപ്പിക്കും. അതൊരിക്കലും കൊണ്ടുനടക്കില്ല. അതുതന്നെയായിരുന്നു ഏറ്റവും വലിയ ആശ്വാസവും.

പിന്നെ ഹോട്ട്‌സ്‌റ്റാറിലെ ഒരു വെബ്‌ സീരീസിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്‌. അതിന്‍റെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

തിരക്കഥയുടെ വേളയിൽ ഫാഹിമിനാണെങ്കിലും എനിക്കാണെങ്കിലും സിനിമ അവസരങ്ങൾ വന്നിരുന്നു. പക്ഷേ, തിരക്കുകാരണം നോ പറയേണ്ടി വന്നു. ഇപ്പോൾ മുഴുവൻ ശ്രദ്ധയും ഞങ്ങളുടെ സിനിമയിലാണ്‌. ഫാഹിം മുമ്പും തിരക്കഥ ഒരുക്കിയ ആളാണ്‌. എന്‍റെ ആദ്യ പരിപാടിയാണ്‌. അതിന്‍റെ ടെൻഷൻ എന്തായാലുമുണ്ട്‌.

ഫാഹിം സഫറും നൂറിൻ ഷെരീഫും

തിരക്കഥ ഞങ്ങളാണെങ്കിലും ചിത്രത്തിലുണ്ടോയെന്ന്‌ പറയാനാകില്ല

ഫാഹിം: പുതിയ ചിത്രത്തിൽ ഞങ്ങളുണ്ടോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ല. അതൊക്കെ വരുംവഴി അറിയാം. ഞങ്ങൾ തിരക്കഥ എഴുതുന്ന ഞങ്ങളുടെ സുഹൃത്ത്‌ എടുക്കുന്ന സിനിമയാണെങ്കിലും കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നവരെയാവും തീരുമാനിക്കുക. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്‌ടപ്പെടുന്ന സിനിമയാകും ഇതെന്ന്‌ ഉറപ്പാണ്‌.

വിനീതേട്ടനോട്‌ (വിനീത്‌ ശ്രീനിവാസൻ) കഥ പറയാനുള്ള ഒരു ഓപണിങ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ധൈര്യമായി പോയി കഥ പറഞ്ഞു. ചെറിയ സജഷനുകൾ തന്നു. അതനുസരിച്ച്‌ മാറ്റങ്ങൾ വരുത്തി വീണ്ടും പോയി. ഇക്കുറി പച്ചക്കൊടി കാട്ടി.

അതിലെ മെയിൻ കഥാപാത്രമായി എല്ലാവരുടെയും മനസ്സിൽ ഒരുപോലെ വന്ന പേരാണ്‌ ദിലീപേട്ടന്‍റേത്‌. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ദിലീപാകും ഈ ചിത്രത്തിൽ. മറ്റൊരു പ്രധാന കഥാപാത്രമായി ധ്യാനിനെയും (ധ്യാൻ ശ്രീനിവാസൻ) തീരുമാനിക്കുകയായിരുന്നു.


മലയാള സിനിമയുടെ കോടിക്കാലം

ഫാഹിം: പല മാറ്റങ്ങളിലൂടെയാണ്‌ മലയാള സിനിമ കടന്നുപോകുന്നത്‌. അത്‌ ഒരു പോസിറ്റിവ്‌ മാറ്റമായാണ്‌ തോന്നുന്നത്‌. കഥ പറയുന്ന രീതിയായാലും സിനിമയുടെ മേക്കിങ്ങായാലും വരുമാനമായാലും ഒക്കെ വലിയ തരത്തിൽ മാറി. 2024 അഞ്ചു മാസം പിന്നിടുമ്പോൾ മലയാള സിനിമയുടെ റവന്യൂ ആയിരം കോടിയിലേക്ക്‌ എത്തുകയാണ്‌.

അത്‌ സിനിമക്ക്‌ നൽകുന്ന ഉണർവ്‌ വളരെ വലുതാണ്‌. ഇതോടൊപ്പം ചേർത്തുവെക്കുന്ന ഒന്നാണ്‌ പ്രേക്ഷകരുടെ മാറ്റം. അവർ സിനിമയുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നുണ്ട്‌.

സോഷ്യൽ മീഡിയയിലൂടെ എല്ലാ വിവരങ്ങളും അവർക്കു മുന്നിലെത്തുന്നുണ്ട്‌. അത്തരത്തിലുള്ള പ്രേക്ഷർക്കു മുന്നിൽ മികച്ച സിനിമ ​കൊടുത്താൽ ഉറപ്പായും ഇരുകൈയും നീട്ടി സ്വീകരിക്കും. സിനിമയിലും കഥാപാത്രത്തിലും ഞങ്ങൾ കോൺഫിഡന്‍റാണ്‌.

സിനിമയും സോഷ്യൽ മീഡിയയും

നൂറിൻ: കുട്ടിക്കാലം മുതൽ സിനിമതന്നെയായിരുന്നു മനസ്സിൽ. കണ്ണാടിക്കു മുന്നിൽ അഭിനയിച്ചു നോക്കുന്ന പതിവൊക്കെയുണ്ടായിരുന്നു. മക്കളുടെ ഇഷ്‌ടത്തിന്‌ പ്രാധാന്യം നൽകുന്ന വാപ്പിയും ഉമ്മിയുമായിരുന്നു എന്‍റെയും ഇത്തയുടെയും അനുഗ്രഹം.

സിനിമയിലേക്ക്‌ ​പോകാൻ തീരുമാനിക്കുമ്പോൾ സംശയം പറഞ്ഞ ചില ബന്ധുക്കളുണ്ട്‌. അവൾ നന്നായി പഠിക്കുന്ന കുട്ടിയല്ലേ. ഒരു സ്ഥിരവരുമാനമുള്ള ജോലി നോക്കുന്നതല്ലേ നല്ലത്‌ എന്നൊക്കെ ചോദിച്ചവർ. അവർക്കൊക്കെ മറുപടി നൽകിയത്‌ വാപ്പിയും ഉമ്മിയും കൂടിയാണ്‌.

ആദ്യ സിനിമ കഴിഞ്ഞ്‌ ഇടവേള വന്നപ്പോഴും എനിക്ക്‌ പിന്തുണയുമായി കുടുംബമുണ്ടായിരുന്നു. ഫാഹിമിനെ വിവാഹം കഴിക്കുന്ന കാര്യം വന്ന​പ്പോഴും അതേ പിന്തുണ തന്നെയാണ്‌ അവർ നൽകിയത്‌. കാരണം അവർക്ക്‌ ഫാഹിമിനെ നന്നായി അറിയാമായിരുന്നു.

ആദ്യ സിനിമ വന്നപ്പോൾ യുട്യൂബ്‌ അടക്കമുള്ള സോഷ്യൽ മീഡിയ നൽകിയ സപ്പോർട്ട്‌ വളരെ വലുതായിരുന്നു. അതിലൂടെ എനിക്ക്‌ വരുമാനം ഉണ്ടാക്കാൻ കഴിഞ്ഞു. എന്‍റെ പാഷനു പിന്നാലെ പോകുമ്പോഴും സാമ്പത്തിക പിന്തുണ ലഭിച്ചത്‌ ഇൻസ്‌റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയയിൽ നിന്നായിരുന്നു.

ഇപ്പോഴും വരുമാനത്തിന്‍റെ 90 ശതമാനം വരുന്നതും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിൽനിന്നാണ്‌. ഇ​പ്പോഴും ഓഡിഷൻസ്‌ അറ്റൻഡ്‌ ചെയ്യുന്ന ആളാണ്‌. കഥാപാത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നുണ്ട്‌.

ഫാഹിം: പക്ഷേ, എന്‍റെ വീട്ടിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. സിനിമയെന്ന്‌ പറഞ്ഞാൽ അത്ര പെട്ടെന്ന്‌ ആക്‌സപ്‌റ്റ് ചെയ്യുമായിരുന്നില്ല. കുട്ടിക്കാലം മുതൽ സിനിമയായിരുന്നു മോഹമെങ്കിലും ഞാൻ കൊച്ചിയിലെ നാഷനൽ ലോ സ്‌കൂളിൽ എൽഎൽ.ബി ചെയ്‌തു. പിന്നീട്‌ അതു നമ്മുടെ മേഖലയല്ലെന്ന്‌ മനസ്സിലാക്കി സിനിമ മേഖലയിലേക്കുതന്നെ വന്നു.

ഷോർട്ട്‌ ഫിലിമൊക്കെ ചെയ്‌താണ്‌ ഇതിലേക്ക്‌ വരുന്നത്‌. ടെലിവിഷൻ ഷോകൾ ആങ്കർ ചെയ്‌തു. ജൂനിയർ ആർട്ടിസ്‌റ്റായി കുറെ നാൾ നടന്നു. ‘മാച്ച്‌ ബോക്‌സ്‌’ എന്ന സിനിമയിൽ ഒരു സിംഗിൾ ഷോട്ടിൽ അഭിനയിച്ചുകൊണ്ടാണ്‌ എന്‍റെ സിനിമ കരിയർ തുടങ്ങുന്നത്‌. പിന്നീടാണ്‌ ഓഡിഷനു പോകുന്നതും ‘ജൂണി’ൽ സെലക്‌ടാവുന്നതും.

സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും അഭിനയമാണ്‌ കൂടുതൽ ഇഷ്‌ടം. ജൂണിലേതുപോലെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്‌.

യാത്രയും ഭക്ഷണവും

ഫാഹിം: വിവാഹശേഷം തായ്‌ലൻഡിലെ ഫുക്കറ്റിൽ പോയതല്ലാതെ കാര്യമായ യാത്രകൾ നടത്തിയിട്ടില്ല. പലപ്പോഴും യാത്ര പോകുന്നത്‌ സിനിമയുമായി ബന്ധപ്പെട്ടായിരിക്കും. അതൊരിക്കലും നമുക്ക്‌ ആസ്വദിക്കാൻ കഴിയില്ല.

സിനിമയുടെ തിരക്കുകൾ കുറഞ്ഞിട്ട്‌ ഒരു അടിപൊളി യാത്ര പോകണമെന്നാണ്‌ ഞങ്ങൾ പ്ലാൻ ചെയ്‌തിരിക്കുന്നത്‌.

നൂറിൻ: സിനിമ കഴിഞ്ഞാൽ രണ്ടാൾക്കും ഒരുപോലെ ഇഷ്‌ടമുള്ള വിഷയം ഭക്ഷണമാണ്. ഉണ്ടാക്കാൻ രണ്ടാളും പിന്നിലാണെങ്കിലും കഴിക്കാൻ മുന്നിലാണ്‌. വെബ്‌ സീരീസിന്‍റെ ഭാഗമായി ഞാൻ ഇപ്പോൾ ഡയറ്റിലാണ്‌. ചില പ്രോജക്‌ടുകൾക്കുവേണ്ടി ഫാഹിമും ഡയറ്റ്‌ തുടങ്ങിയിട്ടുണ്ട്‌.

ഇഷ്‌ടഭക്ഷണം വേണ്ടെന്നു വെച്ചുള്ള ഡയറ്റിനൊന്നും എന്നെ കിട്ടില്ല. പകരം ഞാൻ രണ്ട്‌ മണിക്കൂർ കൂടുതൽ എക്‌സർസൈസ്‌ ചെയ്യും. പക്ഷേ, ഫാഹിം അങ്ങനെയല്ല ഡയറ്റായാൽ പിന്നെ കടുത്ത ഡയറ്റാണ്‌. എന്നെക്കൊണ്ട്‌ അതുപറ്റില്ല. അതാണ്‌ ഞങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസം.

‘ഇത്തവണ വീട്ടിലേക്ക്‌ അതിഥിയായെത്തിയത്‌ ഞാനാണ്‌’

നൂറിൻ: കൊല്ലമാണ്‌ എന്‍റെ സ്വദേശം. അവിടെ അങ്ങനെ രാവിലെ സ്‌ത്രീകൾ ഈദ്‌ഗാഹിന്‌ പോകുന്ന പതിവില്ല. എന്നാൽ, തിരുവനന്തപുരം കവടിയാറിലാണ്‌ ഫാഹിമിന്‍റെ വീട്‌. ഇവിടെ സിറ്റിയിൽ എല്ലാവരും തന്നെ രാവിലെ ഈദ്‌ ഗാഹിന്‌ പോകുന്ന പതിവ്‌ പണ്ടുതൊട്ടേയുണ്ട്‌. എന്‍റേത് ചെറിയ ഫാമിലിയാണ്. ഫാഹിമിന്‍റേതാണെങ്കിൽ വലിയ കുടുംബമാണ്‌. അവരെല്ലാം പെരുന്നാളിന് വരും. ശരിക്കും ഒരു കുടുംബസംഗമം തന്നെയാണത്‌.

കഴിഞ്ഞ വർഷം വരെ ഇത്തയായിരുന്നു പെരുന്നാളിന് അതിഥിയായി എന്‍റെ വീട്ടിൽ എത്തിയതെങ്കിൽ ഇത്തവണ ഞാനായിരുന്നു. ഇതൊക്കെ ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്‌. രണ്ടും നന്നായി നോക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാണ്.




Tags:    
News Summary - Noorin Shereef and Fahim Zafar talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.