കോവിഡ് രോഗം മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തെമ്പാടും സജീവമാണ്. രോഗപ്പകർച്ച 18 മാസങ്ങൾ പിന്നിടുേമ്പാൾ കോവിഡ് സംബന്ധിച്ച നിർണായക വിവരങ്ങൾ ഇന്ന് ഗവേഷകർക്ക് ലഭ്യമാണ്. കോവിഡ് ബാധിതരുടെ തലച്ചോറിൽ നടത്തിയ പഠനങ്ങൾ സംബന്ധിച്ച ഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. വാർധക്യം പോലുള്ള ജൈവ പ്രക്രിയകളിൽ കൊറോണ വൈറസ് വരുത്താവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതാണ് പഠന റിപ്പോർട്ട്.
കോവിഡ് ശരീരത്തെയും തലച്ചോറിനെയും മാസങ്ങളോ അതിൽ കൂടുതലോ ബാധിക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. രോഗം വന്നുപോയവരുടെ തലച്ചോറിലെ മാറ്റങ്ങൾ അന്വേഷിക്കുന്ന പ്രാഥമികവും എന്നാൽ, വലിയ സാമ്പിൾ സൈസ് ഉള്ളതുമായ ഒരു പഠനം ന്യൂറോ സയൻസ് കമ്മ്യൂണിറ്റിയിൽ വലിയ ചർച്ചയായിട്ടുണ്ട്.
പുതിയ പഠനം പറയുന്നത്
2021 ഓഗസ്റ്ററ്റിനാണ് പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നത്. യുകെയിൽ ബയോബാങ്ക് എന്ന പേരിൽ നിലവിലുള്ള ഡാറ്റാബേസിനെ ആശ്രയിച്ചാണ് പഠനം നടത്തിയത്. 45,000ൽ അധികം ആളുകളുടെ ബ്രെയിൻ ഇമേജിങ് ഡാറ്റ ഇത്തരത്തിൽ പഠനവിധേയമാക്കി. ബയോബാങ്ക് ഡേറ്റയുടെ മെച്ചം 2014 മുതൽ ശേഖരിച്ച വിവരങ്ങൾ അതിലുണ്ട് എന്നതാണ്. ഇതിൽ നിരവധിപേർക്ക് കോവിഡ് വരികയും പോവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കോവിഡ് മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ പഠിക്കുക, ഇത്തരമൊരു ഡേറ്റ ഉപയോഗിച്ച് അനായാസകരവുമാണ്. ഗവേഷണ സംഘം ബ്രെയിൻ ഇമേജിങ് ഡേറ്റ വിശകലനം ചെയ്യുകയും തുടർന്ന് കൂടുതൽ ബ്രെയിൻ സ്കാനുകൾക്കായി കോവിഡ് ബാധിച്ചവരെ തിരികെ എത്തിക്കുകയും ചെയ്തു. പ്രായം, ലിംഗഭേദം, അടിസ്ഥാന ടെസ്റ്റ് തീയതി എന്നിവ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളായി അവരെ തരംതിരിച്ചായിരുന്നു പഠനം.
ഗവേഷണ ഫലം
കോവിഡ് ബാധിതരുടെ തലച്ചോറിലെ ഗ്രേ മാറ്ററിലാണ് ഗവേഷകർ പ്രധാനമായും മാറ്റങ്ങൾ കണ്ടെത്തിയത്. തലച്ചോറിലെത്തുന്ന വിവരങ്ങൾ പ്രോസസ്സ് ചെയ്യുകയാണ് ഗ്രേ മാറ്റർ സെല്ലുകളുടെ ജോലി. ചാരനിറത്തിലുള്ള പിങ്ക് കലർന്ന നിറമുള്ളതുകൊണ്ടാണ് ഇവക്ക് ഗ്രേ മാറ്റർ എന്ന പേര് ലഭിച്ചത്. ന്യൂറൽ സെൽ ബോഡികൾ, ആക്സോൺ ടെർമിനലുകൾ, ഡെൻഡ്രൈറ്റുകൾ, സിനാപ്സുകൾ എന്നിവയുടെയെല്ലാം വീട് എന്നാണിവ അറിയപ്പെടുന്നത്. ഈ മസ്തിഷ്ക കോശം സെറിബെല്ലം, സെറിബ്രം, ബ്രെയിൻ സ്റ്റെം എന്നിവയിൽ ധാരാളം ഉണ്ട്. തലച്ചോറിലേക്ക് ആരോഹണ നാഡി സിഗ്നലുകൾ വഴി സെൻസറി വിവരങ്ങൾ കൈമാറുകയാണ് ഇവയുടെ ജോലി.
കോവിഡ് ബാധിതരുടേയും അല്ലാത്തവരുടേയും തലച്ചോറിലെ ഗ്രേ മാറ്ററിൽ കാര്യമായ വ്യത്യാസം ഗവേഷണ സംഘം കണ്ടെത്തി. പ്രത്യേകിച്ചും, ഫ്രണ്ട്, ടെമ്പറൽ ലോബുകളിലെ ഗ്രേമാറ്റർ ടിഷ്യുവിെൻറ കനം കോവിഡ് ബാധിച്ചവരിൽ കുറഞ്ഞിട്ടുണ്ട്. കോവിഡ് ബാധിക്കാത്ത ഗ്രൂപ്പിൽ കാണുന്ന സാധാരണ പാറ്റേണുകളിൽ നിന്ന് വ്യത്യസ്തമാണ് രോഗബാധിതരിൽ. ആളുകൾ പ്രായമാകുന്തോറും ഗ്രേമാറ്ററിെൻറ അളവിലോ കട്ടിയിലോ ചില മാറ്റങ്ങൾ കാണുന്നത് സാധാരണമാണ്. പക്ഷേ കോവിഡ് -19 ബാധിച്ചവരിൽ മാറ്റങ്ങൾ സാധാരണയേക്കാൾ വലുതാണെന്നും ഗവേഷകർ പറയുന്നു.
മറ്റൊരു കാര്യം തീവ്രമായ അസുഖം ബാധിച്ചവരിലും നേരിയ രീതിയിൽ അസുഖം വന്നുപോയവരിലുമുള്ള തലച്ചോറിലെ മാറ്റങ്ങൾ ഒരുപോലെയാണെന്നതാണ്. ഗവേഷകർ അന്വേഷിച്ച മറ്റൊരു കാര്യം തലച്ചോറിെൻറ പ്രകടനത്തിലെ പോരായ്മകളാണ്. കോവിഡ് ബാധിച്ചവരിൽ തലച്ചോർ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് മന്ദഗതിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗ്രേ മാറ്ററിെൻറ ചുരുങ്ങൽ തന്നെയാണ് അതിനുള്ള അടിസ്ഥാന കാരണം. പുതിയ കണ്ടെത്തലുകൾ പൂർണമായും സ്ഥിരീകരിക്കാൻ തുടർ പഠനങ്ങൾ ആവശ്യമാണ്. എന്നാൽ പ്രാഥമിക നിരീക്ഷണം അനുസരിച്ച് മനുഷ്യരിൽ വാർധക്യപരമായ അസ്ക്യതകൾ പോലും നേരത്തേയാക്കാൻ കോവിഡ് കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.