പരിസ്ഥിതി സംരക്ഷണം: നമുക്ക് ചെയ്യാനേറെയുണ്ട്

കെങ്കേമമായി ഒരു വിവാഹം നടക്കുകയാണ്​. വിവാഹ ഹാളിന്​ മുൻവശത്ത്​ ജ്യൂസും സ്നാക്സും ഒക്കെ ഒരുക്കിയിട്ടുണ്ട്​. അഞ്ചംഗ കുടുംബം ജ്യൂസ്​ പേപ്പർ കപ്പിൽ വാങ്ങി കുടിക്കുകയാണ്​. തിരക്കിൽനിന്ന്​ ഒഴിഞ്ഞുമാറി ജ്യൂസ്​ കുടിച്ചുകഴിഞ്ഞ്​ നിന്നനിൽപിൽ കൈയിലിരുന്ന കപ്പ്​ അച്ഛനും അമ്മയും തൊട്ടപ്പുറത്തേക്ക്​ വലിച്ചെറിഞ്ഞു.

കണ്ടുനിന്ന മക്കളും അതുപോലെ ചെയ്തു. നിമിഷങ്ങൾകൊണ്ട്​, അതുവരെ ക്ലീനായിരുന്ന ഇടം ചെറിയ മാലിന്യക്കൂനയായി. രണ്ട്​ മീറ്റർ അപ്പുറം വേസ്റ്റ്​ ബിൻ ഇതിന്​ മൂകസാക്ഷിയായി നിൽക്കെ കണ്ടമട്ട്​ കാണിക്കാതെ കുടുംബം ദാ പോകുന്നു. പിന്നാലെ എത്തിയവരും ഇവരെ മാതൃകയാക്കിയപ്പോൾ മാലിന്യം തള്ളാൻ ആ ഹാൾ മുറ്റത്ത്​ പുതിയൊരു ഇടമൊരുങ്ങി.

വൃത്തിയായി കിടക്കുന്ന സ്ഥലത്ത്​ ഒരു കുഞ്ഞു പേപ്പർ കഷണം വലിച്ചെറിഞ്ഞുപോലും മലിനമാക്കാതിരിക്കുന്നതാണ്​ ഇന്ന്​ നമുക്ക്​ നാടിനോട്​ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമെന്നത്​ സൗകര്യപൂർവം വിസ്മരിക്കപ്പെടുന്നു.

കുറേ ചെടി വെച്ചുപിടിപ്പിക്കലല്ല, ഈ മണ്ണും ജലവും വായുവും ജന്തുജാലങ്ങൾക്ക്​ സ്വച്ഛമായി കഴിയാനാകുന്ന രീതിയിൽ സംരക്ഷിക്കുകയാണ്​ യഥാർഥ പരിസ്ഥിതി പ്രവർത്തനമെന്ന്​ ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ഓർക്കാം. കുടുംബസമേതം വീട്ടിലും പരിസരത്തും പരിസ്ഥിതി സംരക്ഷണത്തിന്​ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിതാ...

ആ കവർ തുമ്പ്​ കളയ​ല്ലേ

രാവിലെ പാൽകവർ പൊട്ടിച്ചാണല്ലോ ഓരോ വീടും ഉണരുന്നത്​. പാൽ കവർ അറ്റംപൊട്ടിച്ചിടുന്ന ചെറിയ കഷണം സൂക്ഷിച്ച്​ എടുത്ത്​ മാറ്റിവെക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ ശീലമാക്കണം. ആ കുഞ്ഞ്​ കവർ കഷണം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എടുത്ത്​ മണ്ണിൽ വലിയ ‘ലോഡ്​’ തന്നെയായി മാറും.

പാൽ കവർ കഴുകി മാറ്റിവെച്ച്​ ഹരിതകർമസേനക്ക്​ കൊടുക്കുമ്പോൾ ആ കുഞ്ഞ്​ കഷണവും ഉൾപ്പെടുന്നെന്ന് ഉറപ്പാക്കാൻ മറക്കരുത്.


എറിയല്ലേ മാലിന്യം

വനയിറമ്പുകളും നീരുറവകളുംവ​രെ കെട്ടുകണക്കിന്​ മാലിന്യംകൊണ്ട്​ നിറയുകയാണ്​. ആഹാരാവശിഷ്ടം, പ്ലാസ്റ്റിക്​, തുണി, മുടി, ഇലക്​ട്രോണിക്സ്​, ഡയപ്പർ, കെട്ടിടാവശിഷ്ടങ്ങൾ എന്നിങ്ങനെ പലവിധമാണ്​ മാലിന്യം പൊതുഇടങ്ങളിൽ നിറയുന്നത്​. വലിയതോതിൽ മാലിന്യം നമ്മുടെ പരിസരങ്ങളിൽ നിറയുന്നത്​ തടയുകതന്നെ ആദ്യ പടി.

സ്വന്തം വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഒഴിവാക്കുന്ന മാലിന്യം പൊതു ഇടത്ത്​ എത്തില്ലെന്ന്​ ഓരോരുത്തരും ഉറപ്പാക്കണം. ജൈവ, അജൈവ മാലിന്യമായി വേർതിരിക്കണം. ഹരിത കർമസേനാംഗങ്ങൾക്ക്​ പ്ലാസ്റ്റിക്​ കവറുകൾ കൈമാറണം. പ്ലാസ്റ്റിക്​ മാത്രമല്ല, ബാഗ്​, ചെരുപ്പ്​, ഗ്ലാസ്​ അവശിഷ്ടങ്ങൾ ഉൾപ്പെടെ ഹരിതകർമസേന ശേഖരിക്കുന്നത്​ പ്രയോജനപ്പെടുത്തണം.

പൊതുഇടങ്ങളിൽ നിൽക്കവെ കുപ്പിയും കവറും പേപ്പറുകളുമായി സ്വയം ഉണ്ടാക്കുന്ന മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. വേസ്റ്റ്​ ബിൻ ഉണ്ടെങ്കിൽ അവിടെ കളയാം. ഇ​ല്ലെങ്കിൽ അത്​ സ്വന്തം കൈയിൽ സൂക്ഷിച്ച്​ വീട്ടിലെത്തി​ ഡിസ്​പോസ്​ ചെയ്യാമല്ലോ. റോഡരികിൽ മാലിന്യക്കൂന കണ്ടാൽ ആ ഇതുകൂടി കിടക്കട്ടെ എന്ന്​ വിചാരിക്കരുത്.

അങ്ങനെ പലരും വിചാരിച്ചതിന്‍റെ ഫലമാണ്​ നാടിനെ തലകുനിപ്പിക്കുന്ന മാലിന്യക്കൂനകളെന്ന്​ ഓർത്താൽ നല്ലത്​. ഒന്നുമില്ലെങ്കിലും കുറ്റബോധമില്ലാതെ, മാലിന്യം കുന്നുകൂടുന്നതിൽ അധികാരികളെ കുറ്റപ്പെടുത്തുകയെങ്കിലും ചെയ്യാം.


കമ്പോസ്റ്റ്​ ആക്കിയാലോ?

ജൈവമാലിന്യം കമ്പോസ്റ്റ്​ ആക്കി വളമാക്കുക എന്ന പാഠം നമുക്കെല്ലാം അറിയാം. വീട്ടിലെ കുട്ടികൾമുതൽ മുതിർന്നവർക്കുവരെ പങ്കാളിയാകാൻ കഴിയുന്ന സിംപ്ൾ ടെക്​നിക്കാണ്​ ഇന്ന്​ കമ്പോസ്റ്റിങ്. മാലിന്യം പോകുകയും ചെയ്യും ആവശ്യത്തിന്​ ജൈവവളം കിട്ടുകയും ചെയ്യും.

മണ്ണിൽ കുഴികുഴിച്ചാൽ​ മതിയാകും. കുഴിക്കാൻ മണ്ണില്ലാത്തവർക്ക്​ എയറോബിക്​ കമ്പോസ്റ്റ്​ ബിന്നുകൾ സുലഭമായി കിട്ടും. മനോഹര ഡിസൈനിൽ ടെറാക്കോട്ട പോട്ടുകളായിവരെ കമ്പോസ്റ്റ്​ ബിൻ വാങ്ങാനാകും. വീട്ടിലെ ജൈവമാലിന്യം ഇത്തരം ബിന്നുകളിലിട്ട്​ കമ്പോസ്റ്റ്​ ആക്കുന്നത്​ ശീലിക്കാം.

സീഡ്​ ബാൾ ഉണ്ടാക്കാം

വീട്ടിലെ പൂന്തോട്ടത്തിൽ ഉണ്ടാകുന്ന പൂക്കളുടെ വിത്ത്​ ശേഖരിച്ച്​ ഒരു സീഡ്​ ബാൾ ഉണ്ടാക്കിയാലോ. കുട്ടികൾക്ക്​ ഏറ്റവും പ്രി​യപ്പെട്ട വിനോദമാകും. മണ്ണും ചാണകവും കുഴച്ച്​ അതിനുള്ളിൽ വിത്തുകൾ ഒളിപ്പിക്കുന്ന സീഡ്​ ബാളുകൾ, എവിടെയെങ്കിലും യാത്രപോകുമ്പോൾ കൂടെ കരുതാം. ചെടികൾ വളരാൻ അനുയോജ്യമായ റോഡരികിൽ ആ ബാളുകൾ എറിയാം. വിത്തുകൾ അവിടെ കിടന്ന്​ ചെടിയായി വളർന്നോളും.


മരങ്ങൾ തണലാക്കാം

ഉഷ്ണതരംഗം തലക്കുമുകളിൽ തീപെയ്യിക്കുമ്പോൾ ഒരു മരത്തണൽ നൽകുന്ന ആശ്വാസം എത്രയെന്ന്​ പ്രത്യേകം പറയേണ്ട​ല്ലോ. പരിസ്ഥിതി ദിനത്തിലെ പ്രധാന ഹൈലൈറ്റായ മരം നടൽ കാര്യമായിതന്നെ ഏറ്റെടുക്കാം. വീടിന്​ ചുറ്റും തണലൊരുക്കി മരങ്ങൾ നടുന്നതിനൊപ്പം ​റോഡരികുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.

യൂക്കാലിപോലെ മണ്ണിനെ ദ്രോഹിക്കുന്ന മരങ്ങളല്ല, മണ്ണിനും മനുഷ്യനും ജന്തുജാലങ്ങൾക്കും ഉപയോഗപ്രദമാകുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുക്കാം. ആ കുഞ്ഞുചെടി മരമായി വളരുന്നെന്ന്​ ഇടക്കിടക്ക്​ ഉറപ്പാക്കണം.

ഒരുക്കാം പൂന്തോട്ടം, നമുക്കും ജീവജാലങ്ങൾക്കുമായി

വീട്ടിൽ ഒരു പൂന്തോട്ടം. ആരാണ്​ അങ്ങനെയൊരു സന്തോഷം ആഗ്രഹിക്കാത്തത്​. സ്ഥലലഭ്യതയനുസരിച്ച്​ പൂന്തോട്ടം വീട്ടിലൊരുക്കാൻ കുടുംബാംഗങ്ങൾ​ എല്ലാവരുമിറങ്ങാം. ഫാമിലി ടൈമിൽ ആസ്വദിച്ച്​ ചെയ്യാൻ പറ്റിയ ആക്ടിവിറ്റിയാണിത്​. ചെടിനടാനും മണ്ണ്​ മാറ്റാനുമൊക്കെ കുട്ടികൾക്ക്​ ഉത്സാഹമായിരിക്കും.

കുട്ടികളുടെ മോട്ടോർ സ്കില്ലുകൾ മികവുറ്റതാക്കുന്നതിനൊപ്പം സാമൂഹിക കാഴ്ചപ്പാടുകൾക്ക്​ ദിശാബോധം നൽകാനും സഹായിക്കും. വയോധികർക്കും ശാരീരികവും മാനസികവുമായി ആക്ടിവായിരിക്കാൻ പൂന്തോട്ടനിർമിതിയിൽ പങ്കാളിയാകാം. പൂന്തോട്ടം ഒരുക്കാൻ വിശാലമായ ഭൂമിയൊന്നും വേണ്ട.

ഫ്ലാറ്റിലെ ബാൽക്കണിയിലും കുറച്ച്​ പോട്ടുകളിൽ മനോഹര പൂന്തോട്ടം അണിയിച്ചൊരുക്കാം. നമ്മുടെ മനസ്സിന്​ നൽകുന്ന പോസിറ്റിവ്​ വൈബിനൊപ്പം കിളികളും ചിത്രശലഭങ്ങളും ഉൾപ്പെടെ ജന്തുജാലങ്ങൾ പൂന്തോട്ടത്തിൽ വിരുന്നെത്തുന്നത് എന്ത്​ രസമായിരിക്കും​.

ഒരുക്കാം പച്ചക്കറിത്തോട്ടം

വീട്ടിലൊരു പച്ചക്കറിത്തോട്ടമുണ്ടെങ്കിൽ രാസവളവും രാസകീടനാശിനിയുമില്ലാത്ത പച്ചക്കറികൾ സ്വന്തമായിതന്നെ വീട്ടിലുണ്ടാക്കാം. കുട്ടികൾക്കും വയോധികർക്കും സമയം ചെലവഴിക്കാൻ കഴിയുന്ന മറ്റൊരു ഹോബിയാക്കാം. വീട്ടിൽ കമ്പോസ്റ്റ്​ കൂടി ഉണ്ടെങ്കിൽ പച്ചക്കറി കൃഷി ഒട്ടും മോശമാകില്ല.

കുറഞ്ഞത്​ ഒരു ചീരയെങ്കിലും സ്വന്തം അധ്വാനത്തിൽ വിളഞ്ഞത്​ കഴിക്കാൻ പറ്റുന്നത്​ സൂപ്പറായിരിക്കില്ലേ. മട്ടുപ്പാവ്​, ബാൽക്കണി എന്നിവിടങ്ങളിൽ ചട്ടികളിലും ബാഗുകളിലും പച്ചക്കറി കൃഷിചെയ്യാൻ ഒരുമിച്ച്​ ഇറങ്ങിനോക്കൂ.

പുതയിടാം

അത്യാവശ്യം ഭൂമിയുണ്ട്​, മരങ്ങളും. ഇല​പൊഴിഞ്ഞ്​ പറമ്പാകെ ‘വൃത്തികേടായിരിക്കുന്നു’, കൂട്ടിയിട്ട്​ കത്തിക്കാം എന്ന്​ കരുതി തീപ്പെട്ടിയുമെടുത്ത്​ ഇറങ്ങല്ലേ. കടുത്ത വേനലിൽ കരിയിലകൾ മണ്ണിന്​ പുതപ്പാകും. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മരങ്ങൾക്ക്​ ചുവട്ടിൽ കരിയിലകൾകൊണ്ട്​ പുതയിട്ട്​ സൂക്ഷിച്ചാൽ മതിയാകും.

അപ്​സൈക്കിൾ ആണ്​ താരം

കുട്ടികളുടെ കലാവാസന വളർത്തുന്നതിന്​ അപ്​സൈക്കിൾ വിദ്യ പ്രയോജനപ്പെടുത്താം. മാലിന്യമായി പ്രകൃതിക്ക്​ നോവ്​ സമ്മാനിക്കാനിരിക്കുന്ന വസ്തുക്കളിൽനിന്നുവരെ പുതിയ കരകൗശല വസ്തുക്കൾ നിർമിക്കാൻ സാധിക്കും. അതിന്​ വലിയ കലാകാരനൊന്നും ആ​കണമെന്നില്ല. യൂട്യൂബിൽ ഇഷ്ടംപോലെ ട്യൂട്ടോറിയൽ വിഡിയോ ലഭ്യമാണ്​.

പഴയകുപ്പി ഫ്ലവർവേസ്​ ആയും പഴയ ഷർട്ട്​ പുതിയ പാവാടയായും പഴയ ഷാളുകൾ മനോഹര ചവിട്ടിയായും പഴയമാല പുതിയ ഉടുപ്പിലെ സ്​റ്റോൺ വർക്കായും ഒക്കെ നമ്മുടെ വീട്ടിൽതന്നെ പുനർജനിക്കട്ടെ. അതൊക്കെ വിഡിയോ എടുത്ത്​ സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ചെയ്യാനും മറക്കേണ്ട.

വെള്ളം പാഴാക്കരുതേ

മഴ തുള്ളിയെടുക്കാതെ പെയ്യുന്ന നാട്ടിൽ വെയിലൊന്ന്​ മൂത്താൽ പാഞ്ഞുനടക്കുന്നത്​ കുടിവെള്ള ടാങ്കറുകളാണ്​. പ്രകൃതി സംരക്ഷണത്തിലെ വീഴ്ചകൾ വലുതാകുമ്പോൾ ‘കുടിവെള്ള ക്ഷാമം രൂക്ഷം’ എന്ന തലക്കെട്ടിനെ തോൽപിക്കാൻ വെള്ളം പാഴാക്കാതിരിക്കുക തന്നെയാണ്​ പോംവഴി. വെള്ളം ആവശ്യത്തിന്​ മാത്രം സൂക്ഷിച്ച്​ ഉപയോഗിക്കാൻ കുട്ടികളെയും പരിശീലിപ്പിക്കാം. ബക്കറ്റുകളും മഗ്ഗുകളും ഉപയോഗിക്കുന്നത്​ ജല ഉപഭോഗം കുറക്കും.

കിളികൾക്ക്​ ദാഹജലമൊരുക്കാം

വേനൽക്കാലത്ത്​ മനുഷ്യൻതന്നെ ദാഹജലം കിട്ടാതെ വലയുമ്പോൾ പക്ഷിമൃഗാദികളുടെ കാര്യം പറയണോ. വീട്ടുപറമ്പിൽ പക്ഷികൾക്ക്​ ദാഹജലം നൽകാനായി ഒരു പാത്രം സൂക്ഷിക്കാം. ഇതിന്‍റെ ചുമതല കുട്ടികൾക്ക്​ നൽകിനോക്കൂ. അവർക്ക്​ ഏറെ പ്രിയപ്പെട്ട ഹോബിയാകും. വെള്ളം പാത്രത്തിൽ ഒഴിച്ചുവെക്കാനും രണ്ടു​ ദിവസം കഴിയുമ്പോൾ പുതിയ വെള്ളമൊഴിക്കാനുമൊക്കെ അവർക്ക്​ ഉത്സാഹം കൂടും.

റീസൈക്കിൾ ചെയ്യാം

ഒരു വസ്തുവും പാഴല്ല. പഴയസാധനങ്ങൾ റീസൈക്കിൾ ചെയ്ത്​ ഉപയോഗിക്കുന്നതിൽ മടിവേണ്ട. പ്രകൃതിക്ക്​ ഭാരമായി കൂടുതൽ ഉപഭോഗം വരുന്നതിൽനിന്ന് തടയാൻ​ വസ്തുക്കൾ റീസൈക്കിൾ ചെയ്യുന്നത്​ സഹായിക്കും.

അനാവശ്യമായി വാങ്ങിക്കൂട്ട​ല്ലേ

സാധനങ്ങൾ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത്​ പ്രകൃതിയെ വേദനിപ്പിക്കുമെന്ന്​ പറയുന്നത്​ വെറുതെയല്ല. കൺസ്യൂമറിസം മാലിന്യപ്രശ്നത്തിന്‍റെ അടിസ്ഥാനമാണ്​. കൂടുതൽ സാധനങ്ങൾ വാങ്ങുന്തോറും പുറന്തള്ളുന്ന മാലിന്യവും കൂടും. ഒരു സാധനത്തിന്‍റെ വിവിധ പാക്ക്​ വാങ്ങാ​തെ വലിയ പാക്ക്​ ഒറ്റക്കവറിൽ വാങ്ങാം.

സാധനങ്ങൾ വാങ്ങാൻ ഒരിക്കൽ കിട്ടിയ കവറുകൾ പുനരു​പയോഗിക്കാം. വീട്ടിലേക്കുള്ള ഷോപ്പിങ്​ മാസത്തിൽ ഒരിക്കലാക്കിയാൽ ഇടക്കിടെ​ വാഹനവുമായി കടയിൽ പോകുന്നത്​ ഒഴിവാക്കാം.

ഉപയോഗം സൂക്ഷിച്ച്​

തെർമോകോൾ, അലുമിനിയം ഫോയിൽ, പ്ലാസ്റ്റിക്​ റാപ്... ദൈനംദിന ജീവിതത്തിൽ ഇവയു​ടെ ഉപയോഗം വളരെ ഉയർന്നിട്ടുണ്ട്​. ഇത്തരം വസ്തുക്കൾ മണ്ണിന്​ ഏറെ ദോഷംചെയ്യും. ഇവയുടെ ഉപയോഗം കുറക്കാൻ ശ്രദ്ധിക്കണം. കൈയിലെത്തുന്നത്​ ശാസ്​ത്രീയമായി സംസ്കരിക്കുന്നെന്ന്​ ഉറപ്പാക്കുക.

ഡയപ്പറിൽനിന്ന്​ രക്ഷിക്കൂ

സ്വന്തം കുഞ്ഞിന്‍റെ വിസർജ്യങ്ങൾ അടങ്ങിയ ഡയപ്പറുകൾ കവറിൽ കെട്ടിപ്പൊതിഞ്ഞ്​ പൊതുനിരത്തിന്‍റെ ഓരത്ത്​ എറിഞ്ഞ്​ പോകുന്ന മനുഷ്യരുടെ മാനസികസ്ഥിതി എന്താകും. എന്തായാലും ആ പ്രവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന്​ പേരുള്ള നാടാണിത്​. ഡിസ്​പോസബ്ൾ ഡയപ്പർ, പാഡുകൾ എല്ലാം ഇന്ന്​ നിരത്തുകളിൽ നായ്​ കടിച്ചുകീറി കിടക്കുന്നത്​ സ്ഥിരം കാഴ്​ചയാണ്​. പ്രകൃതിയോട്​ ചെയ്യുന്ന ക്രൂരതയാണിത്​.

മികച്ച ഫലം തരുന്ന ക്ലോത്ത്​ ഡയപ്പറുകൾ ഇന്ന്​ കുട്ടികൾക്കായി ലഭ്യമാണ്​. ഒരുമാസത്തെ ഡിസ്​പോസബ്​ൾ ഡയപ്പർ വാങ്ങുന്ന പണത്തിൽ അത്​ വാങ്ങി ഉപയോഗിക്കാം. ഡിസ്​പോസബ്ൾ ഉപയോഗിക്കുന്നെങ്കിൽ അതിലെ വിസർജ്യം ബാത്​റൂമിൽ കളഞ്ഞശേഷം ഇൻസിനറേറ്ററിൽ ഇട്ട്​ കത്തിക്കണം. ഇതിന്​ സാധിക്കുന്ന മിനി ഇൻസിനറേറ്ററുകൾ ഇന്ന്​ ലഭ്യമാണ്.​ ഒരു വീട്ടിൽ അത്​ സ്ഥാപിക്കാൻ കഴിയില്ലെങ്കിൽ ഒന്നിലധികം വീട്ടുകാർ ചേർന്നോ റെസിഡന്‍റ്​സ്​ അസോസിയേഷ​നോ വാങ്ങി സ്ഥാപിക്കാവുന്നതാണ്​.

റീലാക്കാം, സീനാക്കാം

റീലും ഷോർട്​സും കൈയടിവാങ്ങുന്ന കാലമാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിന്​ സൈബർ സ്പേസിൽ ഇടംപിടിക്കാൻ സ്​കോപ്പുണ്ട്​. ഡി.ഐ.​വൈ അഥവ ഡു ഇറ്റ്​ യുവർ സെൽഫ്​ വിഡിയോകൾക്ക്​ ആരാധകർ ഏറെയാണ്​. മൂന്ന്​ റീൽ ഐഡിയകൾ ആയാലോ.

ഉപയോഗശൂന്യമായ വസ്​തുക്കൾ അപ്​സൈക്കിൾ ചെയ്ത്​ പുതിയ രൂപം നൽകുന്ന ക്രാഫ്​റ്റ്​ വർക്കുകൾക്ക്​ കാഴ്ചക്കാർ ഏറെ ലഭിക്കും. ന്യൂസ്​ പേപ്പർ കൊണ്ട്​ പേപ്പർ ബാഗ്​ ഉണ്ടാക്കുന്നതും കാർഡ്​ ബോർഡ്​ കൊണ്ട്​ ഷെൽഫ്​ ഉണ്ടാക്കുന്നതുമൊക്കെ കണ്ടിരിക്കാനും പഠിക്കാനും ഇഷ്ടമുള്ളവരുണ്ട്.

ഒരു മേക്ക്​ ഓവർ ആരാണ്​ ആഗ്രഹിക്കാത്തത്​. വീട്ടിലെ ബാൽക്കണിക്ക്​ ചെടികൾ സെറ്റ്​ ചെയ്ത്​ ഇരിപ്പിടമൊരുക്കി ചെറിയ വാൾപെയിന്‍റും നൽകി കൂൾ മേക്കോവർ നൽകുന്നത്​ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കാത്തവരും കുറവല്ല.

വീട്ടിൽ പൂന്തോട്ടം ഒരുക്കുമ്പോൾ before, after വിഡിയോ എടുത്ത്​ അടിപൊളി പാട്ടും ചേർത്ത്​ പോസ്റ്റ്​ ചെയ്താൽ ലൈക്കും ഷെയറും കൂടെപ്പോരും.

മഴവെള്ള സംഭരണി

മഴവെള്ളം സംഭരിക്കാൻ വീട്ടുപറമ്പിൽ മഴവെള്ള സംഭരണി നിർബന്ധമായും കുഴിക്കണം. വേനലിലും മണ്ണിൽ വെള്ളം നിലനിർത്താൻ ഇത്​ സഹായിക്കും.

മൂട​രുത് മുറ്റം

ഇന്‍റർലോക്ക്​ ഇട്ട്​ മണ്ണിലേക്ക്​ വെള്ളമിറങ്ങാതെ ലോക്ക്​ ആക്കുന്ന പണി നിർത്താം. മണ്ണിൽ വെള്ളമിറങ്ങി​ല്ലെന്ന്​ മാത്രമല്ല, വീട്ടിൽ ചൂടും കൂടും. ഇത്​ കഴിവതും ഒഴിവാക്കുക.

വാഹന ഉപയോഗം കുറക്കാം

എന്തിനും ഏതിനും വാഹനമെടുത്ത്​ പുറത്തുപോകുന്നത്​ ഒഴിവാക്കാം. കാർബൺ എമിഷൻ കാരണം പൊറുതിമുട്ടുന്ന പ്രകൃതിയോടുള്ള കരുതലാകും. വീട്ടിൽ ഒരു സൈക്കിൾ വാങ്ങിവെക്കൂ. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഉപയോഗിക്കാം. ആരോഗ്യത്തിനും ഗുണകരം. പ്രകൃതിക്കും നല്ലത്​. നടന്നുപോകാനായാൽ അതിലേറെ നല്ലത്​.

വളന്‍റിയറാകാം, നാടിനായി ​

വീടിന് മാത്രമല്ല, നാടിനായും എന്തെങ്കിലും ചെയ്യണ്ടേ. സ്കൂളിലെയും നാട്ടിലെയും ക്ലബുകളിലൂടെ പ്രകൃതി സംരക്ഷണത്തിൽ പങ്കാളിയാകാം. കുട്ടികളെ ഇത്തരം ക്ലബുകളുടെ ഭാഗമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കണം. നാട്ടുവഴികളിൽ മാലിന്യം എറിയുന്നവരെ കണ്ടെത്താൻ ജാഗരൂകരാകാം.





Tags:    
News Summary - Environmental Protection: We have a lot to do

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.