പരിസ്ഥിതി സംരക്ഷണം: നമുക്ക് ചെയ്യാനേറെയുണ്ട്
text_fieldsകെങ്കേമമായി ഒരു വിവാഹം നടക്കുകയാണ്. വിവാഹ ഹാളിന് മുൻവശത്ത് ജ്യൂസും സ്നാക്സും ഒക്കെ ഒരുക്കിയിട്ടുണ്ട്. അഞ്ചംഗ കുടുംബം ജ്യൂസ് പേപ്പർ കപ്പിൽ വാങ്ങി കുടിക്കുകയാണ്. തിരക്കിൽനിന്ന് ഒഴിഞ്ഞുമാറി ജ്യൂസ് കുടിച്ചുകഴിഞ്ഞ് നിന്നനിൽപിൽ കൈയിലിരുന്ന കപ്പ് അച്ഛനും അമ്മയും തൊട്ടപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.
കണ്ടുനിന്ന മക്കളും അതുപോലെ ചെയ്തു. നിമിഷങ്ങൾകൊണ്ട്, അതുവരെ ക്ലീനായിരുന്ന ഇടം ചെറിയ മാലിന്യക്കൂനയായി. രണ്ട് മീറ്റർ അപ്പുറം വേസ്റ്റ് ബിൻ ഇതിന് മൂകസാക്ഷിയായി നിൽക്കെ കണ്ടമട്ട് കാണിക്കാതെ കുടുംബം ദാ പോകുന്നു. പിന്നാലെ എത്തിയവരും ഇവരെ മാതൃകയാക്കിയപ്പോൾ മാലിന്യം തള്ളാൻ ആ ഹാൾ മുറ്റത്ത് പുതിയൊരു ഇടമൊരുങ്ങി.
വൃത്തിയായി കിടക്കുന്ന സ്ഥലത്ത് ഒരു കുഞ്ഞു പേപ്പർ കഷണം വലിച്ചെറിഞ്ഞുപോലും മലിനമാക്കാതിരിക്കുന്നതാണ് ഇന്ന് നമുക്ക് നാടിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനമെന്നത് സൗകര്യപൂർവം വിസ്മരിക്കപ്പെടുന്നു.
കുറേ ചെടി വെച്ചുപിടിപ്പിക്കലല്ല, ഈ മണ്ണും ജലവും വായുവും ജന്തുജാലങ്ങൾക്ക് സ്വച്ഛമായി കഴിയാനാകുന്ന രീതിയിൽ സംരക്ഷിക്കുകയാണ് യഥാർഥ പരിസ്ഥിതി പ്രവർത്തനമെന്ന് ഈ പരിസ്ഥിതി ദിനത്തിലെങ്കിലും ഓർക്കാം. കുടുംബസമേതം വീട്ടിലും പരിസരത്തും പരിസ്ഥിതി സംരക്ഷണത്തിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിതാ...
ആ കവർ തുമ്പ് കളയല്ലേ
രാവിലെ പാൽകവർ പൊട്ടിച്ചാണല്ലോ ഓരോ വീടും ഉണരുന്നത്. പാൽ കവർ അറ്റംപൊട്ടിച്ചിടുന്ന ചെറിയ കഷണം സൂക്ഷിച്ച് എടുത്ത് മാറ്റിവെക്കുന്ന ശീലമുണ്ടോ? ഇല്ലെങ്കിൽ ശീലമാക്കണം. ആ കുഞ്ഞ് കവർ കഷണം ദിവസങ്ങളും മാസങ്ങളും വർഷങ്ങളും എടുത്ത് മണ്ണിൽ വലിയ ‘ലോഡ്’ തന്നെയായി മാറും.
പാൽ കവർ കഴുകി മാറ്റിവെച്ച് ഹരിതകർമസേനക്ക് കൊടുക്കുമ്പോൾ ആ കുഞ്ഞ് കഷണവും ഉൾപ്പെടുന്നെന്ന് ഉറപ്പാക്കാൻ മറക്കരുത്.
എറിയല്ലേ മാലിന്യം
വനയിറമ്പുകളും നീരുറവകളുംവരെ കെട്ടുകണക്കിന് മാലിന്യംകൊണ്ട് നിറയുകയാണ്. ആഹാരാവശിഷ്ടം, പ്ലാസ്റ്റിക്, തുണി, മുടി, ഇലക്ട്രോണിക്സ്, ഡയപ്പർ, കെട്ടിടാവശിഷ്ടങ്ങൾ എന്നിങ്ങനെ പലവിധമാണ് മാലിന്യം പൊതുഇടങ്ങളിൽ നിറയുന്നത്. വലിയതോതിൽ മാലിന്യം നമ്മുടെ പരിസരങ്ങളിൽ നിറയുന്നത് തടയുകതന്നെ ആദ്യ പടി.
സ്വന്തം വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഒഴിവാക്കുന്ന മാലിന്യം പൊതു ഇടത്ത് എത്തില്ലെന്ന് ഓരോരുത്തരും ഉറപ്പാക്കണം. ജൈവ, അജൈവ മാലിന്യമായി വേർതിരിക്കണം. ഹരിത കർമസേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് കവറുകൾ കൈമാറണം. പ്ലാസ്റ്റിക് മാത്രമല്ല, ബാഗ്, ചെരുപ്പ്, ഗ്ലാസ് അവശിഷ്ടങ്ങൾ ഉൾപ്പെടെ ഹരിതകർമസേന ശേഖരിക്കുന്നത് പ്രയോജനപ്പെടുത്തണം.
പൊതുഇടങ്ങളിൽ നിൽക്കവെ കുപ്പിയും കവറും പേപ്പറുകളുമായി സ്വയം ഉണ്ടാക്കുന്ന മാലിന്യം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം. വേസ്റ്റ് ബിൻ ഉണ്ടെങ്കിൽ അവിടെ കളയാം. ഇല്ലെങ്കിൽ അത് സ്വന്തം കൈയിൽ സൂക്ഷിച്ച് വീട്ടിലെത്തി ഡിസ്പോസ് ചെയ്യാമല്ലോ. റോഡരികിൽ മാലിന്യക്കൂന കണ്ടാൽ ആ ഇതുകൂടി കിടക്കട്ടെ എന്ന് വിചാരിക്കരുത്.
അങ്ങനെ പലരും വിചാരിച്ചതിന്‍റെ ഫലമാണ് നാടിനെ തലകുനിപ്പിക്കുന്ന മാലിന്യക്കൂനകളെന്ന് ഓർത്താൽ നല്ലത്. ഒന്നുമില്ലെങ്കിലും കുറ്റബോധമില്ലാതെ, മാലിന്യം കുന്നുകൂടുന്നതിൽ അധികാരികളെ കുറ്റപ്പെടുത്തുകയെങ്കിലും ചെയ്യാം.
കമ്പോസ്റ്റ് ആക്കിയാലോ?
ജൈവമാലിന്യം കമ്പോസ്റ്റ് ആക്കി വളമാക്കുക എന്ന പാഠം നമുക്കെല്ലാം അറിയാം. വീട്ടിലെ കുട്ടികൾമുതൽ മുതിർന്നവർക്കുവരെ പങ്കാളിയാകാൻ കഴിയുന്ന സിംപ്ൾ ടെക്നിക്കാണ് ഇന്ന് കമ്പോസ്റ്റിങ്. മാലിന്യം പോകുകയും ചെയ്യും ആവശ്യത്തിന് ജൈവവളം കിട്ടുകയും ചെയ്യും.
മണ്ണിൽ കുഴികുഴിച്ചാൽ മതിയാകും. കുഴിക്കാൻ മണ്ണില്ലാത്തവർക്ക് എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സുലഭമായി കിട്ടും. മനോഹര ഡിസൈനിൽ ടെറാക്കോട്ട പോട്ടുകളായിവരെ കമ്പോസ്റ്റ് ബിൻ വാങ്ങാനാകും. വീട്ടിലെ ജൈവമാലിന്യം ഇത്തരം ബിന്നുകളിലിട്ട് കമ്പോസ്റ്റ് ആക്കുന്നത് ശീലിക്കാം.
സീഡ് ബാൾ ഉണ്ടാക്കാം
വീട്ടിലെ പൂന്തോട്ടത്തിൽ ഉണ്ടാകുന്ന പൂക്കളുടെ വിത്ത് ശേഖരിച്ച് ഒരു സീഡ് ബാൾ ഉണ്ടാക്കിയാലോ. കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദമാകും. മണ്ണും ചാണകവും കുഴച്ച് അതിനുള്ളിൽ വിത്തുകൾ ഒളിപ്പിക്കുന്ന സീഡ് ബാളുകൾ, എവിടെയെങ്കിലും യാത്രപോകുമ്പോൾ കൂടെ കരുതാം. ചെടികൾ വളരാൻ അനുയോജ്യമായ റോഡരികിൽ ആ ബാളുകൾ എറിയാം. വിത്തുകൾ അവിടെ കിടന്ന് ചെടിയായി വളർന്നോളും.
മരങ്ങൾ തണലാക്കാം
ഉഷ്ണതരംഗം തലക്കുമുകളിൽ തീപെയ്യിക്കുമ്പോൾ ഒരു മരത്തണൽ നൽകുന്ന ആശ്വാസം എത്രയെന്ന് പ്രത്യേകം പറയേണ്ടല്ലോ. പരിസ്ഥിതി ദിനത്തിലെ പ്രധാന ഹൈലൈറ്റായ മരം നടൽ കാര്യമായിതന്നെ ഏറ്റെടുക്കാം. വീടിന് ചുറ്റും തണലൊരുക്കി മരങ്ങൾ നടുന്നതിനൊപ്പം റോഡരികുകളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാം.
യൂക്കാലിപോലെ മണ്ണിനെ ദ്രോഹിക്കുന്ന മരങ്ങളല്ല, മണ്ണിനും മനുഷ്യനും ജന്തുജാലങ്ങൾക്കും ഉപയോഗപ്രദമാകുന്ന ഫലവൃക്ഷങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുക്കാം. ആ കുഞ്ഞുചെടി മരമായി വളരുന്നെന്ന് ഇടക്കിടക്ക് ഉറപ്പാക്കണം.
ഒരുക്കാം പൂന്തോട്ടം, നമുക്കും ജീവജാലങ്ങൾക്കുമായി
വീട്ടിൽ ഒരു പൂന്തോട്ടം. ആരാണ് അങ്ങനെയൊരു സന്തോഷം ആഗ്രഹിക്കാത്തത്. സ്ഥലലഭ്യതയനുസരിച്ച് പൂന്തോട്ടം വീട്ടിലൊരുക്കാൻ കുടുംബാംഗങ്ങൾ എല്ലാവരുമിറങ്ങാം. ഫാമിലി ടൈമിൽ ആസ്വദിച്ച് ചെയ്യാൻ പറ്റിയ ആക്ടിവിറ്റിയാണിത്. ചെടിനടാനും മണ്ണ് മാറ്റാനുമൊക്കെ കുട്ടികൾക്ക് ഉത്സാഹമായിരിക്കും.
കുട്ടികളുടെ മോട്ടോർ സ്കില്ലുകൾ മികവുറ്റതാക്കുന്നതിനൊപ്പം സാമൂഹിക കാഴ്ചപ്പാടുകൾക്ക് ദിശാബോധം നൽകാനും സഹായിക്കും. വയോധികർക്കും ശാരീരികവും മാനസികവുമായി ആക്ടിവായിരിക്കാൻ പൂന്തോട്ടനിർമിതിയിൽ പങ്കാളിയാകാം. പൂന്തോട്ടം ഒരുക്കാൻ വിശാലമായ ഭൂമിയൊന്നും വേണ്ട.
ഫ്ലാറ്റിലെ ബാൽക്കണിയിലും കുറച്ച് പോട്ടുകളിൽ മനോഹര പൂന്തോട്ടം അണിയിച്ചൊരുക്കാം. നമ്മുടെ മനസ്സിന് നൽകുന്ന പോസിറ്റിവ് വൈബിനൊപ്പം കിളികളും ചിത്രശലഭങ്ങളും ഉൾപ്പെടെ ജന്തുജാലങ്ങൾ പൂന്തോട്ടത്തിൽ വിരുന്നെത്തുന്നത് എന്ത് രസമായിരിക്കും.
ഒരുക്കാം പച്ചക്കറിത്തോട്ടം
വീട്ടിലൊരു പച്ചക്കറിത്തോട്ടമുണ്ടെങ്കിൽ രാസവളവും രാസകീടനാശിനിയുമില്ലാത്ത പച്ചക്കറികൾ സ്വന്തമായിതന്നെ വീട്ടിലുണ്ടാക്കാം. കുട്ടികൾക്കും വയോധികർക്കും സമയം ചെലവഴിക്കാൻ കഴിയുന്ന മറ്റൊരു ഹോബിയാക്കാം. വീട്ടിൽ കമ്പോസ്റ്റ് കൂടി ഉണ്ടെങ്കിൽ പച്ചക്കറി കൃഷി ഒട്ടും മോശമാകില്ല.
കുറഞ്ഞത് ഒരു ചീരയെങ്കിലും സ്വന്തം അധ്വാനത്തിൽ വിളഞ്ഞത് കഴിക്കാൻ പറ്റുന്നത് സൂപ്പറായിരിക്കില്ലേ. മട്ടുപ്പാവ്, ബാൽക്കണി എന്നിവിടങ്ങളിൽ ചട്ടികളിലും ബാഗുകളിലും പച്ചക്കറി കൃഷിചെയ്യാൻ ഒരുമിച്ച് ഇറങ്ങിനോക്കൂ.
പുതയിടാം
അത്യാവശ്യം ഭൂമിയുണ്ട്, മരങ്ങളും. ഇലപൊഴിഞ്ഞ് പറമ്പാകെ ‘വൃത്തികേടായിരിക്കുന്നു’, കൂട്ടിയിട്ട് കത്തിക്കാം എന്ന് കരുതി തീപ്പെട്ടിയുമെടുത്ത് ഇറങ്ങല്ലേ. കടുത്ത വേനലിൽ കരിയിലകൾ മണ്ണിന് പുതപ്പാകും. മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ മരങ്ങൾക്ക് ചുവട്ടിൽ കരിയിലകൾകൊണ്ട് പുതയിട്ട് സൂക്ഷിച്ചാൽ മതിയാകും.
അപ്സൈക്കിൾ ആണ് താരം
കുട്ടികളുടെ കലാവാസന വളർത്തുന്നതിന് അപ്സൈക്കിൾ വിദ്യ പ്രയോജനപ്പെടുത്താം. മാലിന്യമായി പ്രകൃതിക്ക് നോവ് സമ്മാനിക്കാനിരിക്കുന്ന വസ്തുക്കളിൽനിന്നുവരെ പുതിയ കരകൗശല വസ്തുക്കൾ നിർമിക്കാൻ സാധിക്കും. അതിന് വലിയ കലാകാരനൊന്നും ആകണമെന്നില്ല. യൂട്യൂബിൽ ഇഷ്ടംപോലെ ട്യൂട്ടോറിയൽ വിഡിയോ ലഭ്യമാണ്.
പഴയകുപ്പി ഫ്ലവർവേസ് ആയും പഴയ ഷർട്ട് പുതിയ പാവാടയായും പഴയ ഷാളുകൾ മനോഹര ചവിട്ടിയായും പഴയമാല പുതിയ ഉടുപ്പിലെ സ്റ്റോൺ വർക്കായും ഒക്കെ നമ്മുടെ വീട്ടിൽതന്നെ പുനർജനിക്കട്ടെ. അതൊക്കെ വിഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും മറക്കേണ്ട.
വെള്ളം പാഴാക്കരുതേ
മഴ തുള്ളിയെടുക്കാതെ പെയ്യുന്ന നാട്ടിൽ വെയിലൊന്ന് മൂത്താൽ പാഞ്ഞുനടക്കുന്നത് കുടിവെള്ള ടാങ്കറുകളാണ്. പ്രകൃതി സംരക്ഷണത്തിലെ വീഴ്ചകൾ വലുതാകുമ്പോൾ ‘കുടിവെള്ള ക്ഷാമം രൂക്ഷം’ എന്ന തലക്കെട്ടിനെ തോൽപിക്കാൻ വെള്ളം പാഴാക്കാതിരിക്കുക തന്നെയാണ് പോംവഴി. വെള്ളം ആവശ്യത്തിന് മാത്രം സൂക്ഷിച്ച് ഉപയോഗിക്കാൻ കുട്ടികളെയും പരിശീലിപ്പിക്കാം. ബക്കറ്റുകളും മഗ്ഗുകളും ഉപയോഗിക്കുന്നത് ജല ഉപഭോഗം കുറക്കും.
കിളികൾക്ക് ദാഹജലമൊരുക്കാം
വേനൽക്കാലത്ത് മനുഷ്യൻതന്നെ ദാഹജലം കിട്ടാതെ വലയുമ്പോൾ പക്ഷിമൃഗാദികളുടെ കാര്യം പറയണോ. വീട്ടുപറമ്പിൽ പക്ഷികൾക്ക് ദാഹജലം നൽകാനായി ഒരു പാത്രം സൂക്ഷിക്കാം. ഇതിന്‍റെ ചുമതല കുട്ടികൾക്ക് നൽകിനോക്കൂ. അവർക്ക് ഏറെ പ്രിയപ്പെട്ട ഹോബിയാകും. വെള്ളം പാത്രത്തിൽ ഒഴിച്ചുവെക്കാനും രണ്ടു ദിവസം കഴിയുമ്പോൾ പുതിയ വെള്ളമൊഴിക്കാനുമൊക്കെ അവർക്ക് ഉത്സാഹം കൂടും.
റീസൈക്കിൾ ചെയ്യാം
ഒരു വസ്തുവും പാഴല്ല. പഴയസാധനങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിൽ മടിവേണ്ട. പ്രകൃതിക്ക് ഭാരമായി കൂടുതൽ ഉപഭോഗം വരുന്നതിൽനിന്ന് തടയാൻ വസ്തുക്കൾ റീസൈക്കിൾ ചെയ്യുന്നത് സഹായിക്കും.
അനാവശ്യമായി വാങ്ങിക്കൂട്ടല്ലേ
സാധനങ്ങൾ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് പ്രകൃതിയെ വേദനിപ്പിക്കുമെന്ന് പറയുന്നത് വെറുതെയല്ല. കൺസ്യൂമറിസം മാലിന്യപ്രശ്നത്തിന്‍റെ അടിസ്ഥാനമാണ്. കൂടുതൽ സാധനങ്ങൾ വാങ്ങുന്തോറും പുറന്തള്ളുന്ന മാലിന്യവും കൂടും. ഒരു സാധനത്തിന്‍റെ വിവിധ പാക്ക് വാങ്ങാതെ വലിയ പാക്ക് ഒറ്റക്കവറിൽ വാങ്ങാം.
സാധനങ്ങൾ വാങ്ങാൻ ഒരിക്കൽ കിട്ടിയ കവറുകൾ പുനരുപയോഗിക്കാം. വീട്ടിലേക്കുള്ള ഷോപ്പിങ് മാസത്തിൽ ഒരിക്കലാക്കിയാൽ ഇടക്കിടെ വാഹനവുമായി കടയിൽ പോകുന്നത് ഒഴിവാക്കാം.
ഉപയോഗം സൂക്ഷിച്ച്
തെർമോകോൾ, അലുമിനിയം ഫോയിൽ, പ്ലാസ്റ്റിക് റാപ്... ദൈനംദിന ജീവിതത്തിൽ ഇവയുടെ ഉപയോഗം വളരെ ഉയർന്നിട്ടുണ്ട്. ഇത്തരം വസ്തുക്കൾ മണ്ണിന് ഏറെ ദോഷംചെയ്യും. ഇവയുടെ ഉപയോഗം കുറക്കാൻ ശ്രദ്ധിക്കണം. കൈയിലെത്തുന്നത് ശാസ്ത്രീയമായി സംസ്കരിക്കുന്നെന്ന് ഉറപ്പാക്കുക.
ഡയപ്പറിൽനിന്ന് രക്ഷിക്കൂ
സ്വന്തം കുഞ്ഞിന്‍റെ വിസർജ്യങ്ങൾ അടങ്ങിയ ഡയപ്പറുകൾ കവറിൽ കെട്ടിപ്പൊതിഞ്ഞ് പൊതുനിരത്തിന്‍റെ ഓരത്ത് എറിഞ്ഞ് പോകുന്ന മനുഷ്യരുടെ മാനസികസ്ഥിതി എന്താകും. എന്തായാലും ആ പ്രവൃത്തി ചെയ്യുന്ന ലക്ഷക്കണക്കിന് പേരുള്ള നാടാണിത്. ഡിസ്പോസബ്ൾ ഡയപ്പർ, പാഡുകൾ എല്ലാം ഇന്ന് നിരത്തുകളിൽ നായ് കടിച്ചുകീറി കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണിത്.
മികച്ച ഫലം തരുന്ന ക്ലോത്ത് ഡയപ്പറുകൾ ഇന്ന് കുട്ടികൾക്കായി ലഭ്യമാണ്. ഒരുമാസത്തെ ഡിസ്പോസബ്ൾ ഡയപ്പർ വാങ്ങുന്ന പണത്തിൽ അത് വാങ്ങി ഉപയോഗിക്കാം. ഡിസ്പോസബ്ൾ ഉപയോഗിക്കുന്നെങ്കിൽ അതിലെ വിസർജ്യം ബാത്റൂമിൽ കളഞ്ഞശേഷം ഇൻസിനറേറ്ററിൽ ഇട്ട് കത്തിക്കണം. ഇതിന് സാധിക്കുന്ന മിനി ഇൻസിനറേറ്ററുകൾ ഇന്ന് ലഭ്യമാണ്. ഒരു വീട്ടിൽ അത് സ്ഥാപിക്കാൻ കഴിയില്ലെങ്കിൽ ഒന്നിലധികം വീട്ടുകാർ ചേർന്നോ റെസിഡന്റ്സ് അസോസിയേഷനോ വാങ്ങി സ്ഥാപിക്കാവുന്നതാണ്.
റീലാക്കാം, സീനാക്കാം
റീലും ഷോർട്സും കൈയടിവാങ്ങുന്ന കാലമാണല്ലോ. പരിസ്ഥിതി സംരക്ഷണത്തിന് സൈബർ സ്പേസിൽ ഇടംപിടിക്കാൻ സ്കോപ്പുണ്ട്. ഡി.ഐ.വൈ അഥവ ഡു ഇറ്റ് യുവർ സെൽഫ് വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. മൂന്ന് റീൽ ഐഡിയകൾ ആയാലോ.
ഉപയോഗശൂന്യമായ വസ്തുക്കൾ അപ്സൈക്കിൾ ചെയ്ത് പുതിയ രൂപം നൽകുന്ന ക്രാഫ്റ്റ് വർക്കുകൾക്ക് കാഴ്ചക്കാർ ഏറെ ലഭിക്കും. ന്യൂസ് പേപ്പർ കൊണ്ട് പേപ്പർ ബാഗ് ഉണ്ടാക്കുന്നതും കാർഡ് ബോർഡ് കൊണ്ട് ഷെൽഫ് ഉണ്ടാക്കുന്നതുമൊക്കെ കണ്ടിരിക്കാനും പഠിക്കാനും ഇഷ്ടമുള്ളവരുണ്ട്.
ഒരു മേക്ക് ഓവർ ആരാണ് ആഗ്രഹിക്കാത്തത്. വീട്ടിലെ ബാൽക്കണിക്ക് ചെടികൾ സെറ്റ് ചെയ്ത് ഇരിപ്പിടമൊരുക്കി ചെറിയ വാൾപെയിന്‍റും നൽകി കൂൾ മേക്കോവർ നൽകുന്നത് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കാത്തവരും കുറവല്ല.
വീട്ടിൽ പൂന്തോട്ടം ഒരുക്കുമ്പോൾ before, after വിഡിയോ എടുത്ത് അടിപൊളി പാട്ടും ചേർത്ത് പോസ്റ്റ് ചെയ്താൽ ലൈക്കും ഷെയറും കൂടെപ്പോരും.
മഴവെള്ള സംഭരണി
മഴവെള്ളം സംഭരിക്കാൻ വീട്ടുപറമ്പിൽ മഴവെള്ള സംഭരണി നിർബന്ധമായും കുഴിക്കണം. വേനലിലും മണ്ണിൽ വെള്ളം നിലനിർത്താൻ ഇത് സഹായിക്കും.
മൂടരുത് മുറ്റം
ഇന്‍റർലോക്ക് ഇട്ട് മണ്ണിലേക്ക് വെള്ളമിറങ്ങാതെ ലോക്ക് ആക്കുന്ന പണി നിർത്താം. മണ്ണിൽ വെള്ളമിറങ്ങില്ലെന്ന് മാത്രമല്ല, വീട്ടിൽ ചൂടും കൂടും. ഇത് കഴിവതും ഒഴിവാക്കുക.
വാഹന ഉപയോഗം കുറക്കാം
എന്തിനും ഏതിനും വാഹനമെടുത്ത് പുറത്തുപോകുന്നത് ഒഴിവാക്കാം. കാർബൺ എമിഷൻ കാരണം പൊറുതിമുട്ടുന്ന പ്രകൃതിയോടുള്ള കരുതലാകും. വീട്ടിൽ ഒരു സൈക്കിൾ വാങ്ങിവെക്കൂ. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഉപയോഗിക്കാം. ആരോഗ്യത്തിനും ഗുണകരം. പ്രകൃതിക്കും നല്ലത്. നടന്നുപോകാനായാൽ അതിലേറെ നല്ലത്.
വളന്‍റിയറാകാം, നാടിനായി
വീടിന് മാത്രമല്ല, നാടിനായും എന്തെങ്കിലും ചെയ്യണ്ടേ. സ്കൂളിലെയും നാട്ടിലെയും ക്ലബുകളിലൂടെ പ്രകൃതി സംരക്ഷണത്തിൽ പങ്കാളിയാകാം. കുട്ടികളെ ഇത്തരം ക്ലബുകളുടെ ഭാഗമായി പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിക്കണം. നാട്ടുവഴികളിൽ മാലിന്യം എറിയുന്നവരെ കണ്ടെത്താൻ ജാഗരൂകരാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.