'ഹോം' എന്ന കൊച്ചു സിനിമ കണ്ടവരാരും സിനിമയിലെ 'മുഖ്യകഥാപാത്രമായ' വീടിനെ മറക്കാനിടയില്ല. സിനിമയുടെ പ്രമേയംപോലെ ഉള്ളം തണുപ്പിക്കുന്ന, മാനസികസമ്മർദങ്ങളും സംഘർഷങ്ങളും ഇല്ലാതാക്കുന്ന സുന്ദരമായ ഈ വീടേതെന്ന് കണ്ടവർ കണ്ടവർ പരസ്പരം ചോദിച്ചു. ആ ചോദ്യം എത്തിനിന്നത് മെട്രോ നഗരമായ കൊച്ചിയുടെ തിരക്കുകളിൽനിന്ന് ഏറെയകലെയല്ലാത്ത പച്ചാളത്തെ ടി സ്ക്വയർ റോഡിലുള്ള ഹെർമൻ ഫെർണാണ്ടസിെൻറ വീട്ടുമുറ്റത്താണ്.
ഒരു സിനിമയുടെ ടൈറ്റിൽ റോൾ ചെയ്തുവെന്ന ഒരു അഹങ്കാരവുമില്ലാതെ സുന്ദരവും അതിലേറെ സ്വച്ഛവുമായ ആ വീട് തലയുയർത്തിനിൽക്കുന്നുണ്ടായിരുന്നു, സിനിമ കണ്ട് വീടു കാണാനെത്തുന്നവരെയെല്ലാം സ്വാഗതം ചെയ്തുകൊണ്ട്. ചുവന്ന പൂക്കൾ ചിരിക്കുന്ന ബോഗൺവില്ല പടർപ്പും കൊച്ചു മുളങ്കൂട്ടവും പിന്നെ കുറെ പച്ചമരച്ചാർത്തുകളും വെൽകം ഗേൾസിനെപ്പോലെ കാത്തിരിപ്പുണ്ട് മുന്നിൽ.
പരമ്പരാഗത ഭവനസങ്കൽപങ്ങളെയെല്ലാം പൊളിച്ച് തീർത്തും നൂതനവും വ്യത്യസ്തവുമായി പണിതുയർത്തിയ ഈ വീടിെൻറ പിന്നിലെ ശിൽപിയും ഗൃഹനാഥൻതന്നെ. ഇൻറീരിയർ ഡിസൈനറായി തുടങ്ങി, ആർകിടെക്റ്റായി മുന്നേറി 30 വർഷമായി ഹെർമൻ ഭവനനിർമാണ രംഗത്തുണ്ട്. എച്ച്.ഇ.ബി അസോസിയേറ്റ്സ് എന്ന പേരിലുള്ള ഇദ്ദേഹത്തിെൻറ സ്ഥാപനത്തിനു കീഴിൽ കേരളത്തിലുടനീളം നിരവധി സുന്ദരസൗധങ്ങളൊരുങ്ങിയിട്ടുണ്ട്.
മുൻഭാഗങ്ങളിൽ ചുമരിനു പകരം പ്രത്യേക ഗ്ലാസ്, ബീമില്ലാതെ മേൽക്കൂര വാർക്കൽ, മുകൾനിലയുമായി ബന്ധിപ്പിക്കാൻ വീടിനു പുറത്തു മാത്രം സ്റ്റെയർകേസ്, ചുമരുകൾകൊണ്ടോ വാതിലുകൾകൊണ്ടോ വേർതിരിക്കാത്ത ഡൈനിങ് ഹാളും ഓഫിസ് റൂമും അടുക്കളയുമടങ്ങുന്ന വിശാലമായ അകം എന്നിവ ഈ വീടിെൻറ പ്രത്യേകതകളിൽ ചിലതു മാത്രം.
ഗ്ലാസ് ചുമരാണെങ്കിലും സുരക്ഷിതത്വത്തിനൊരു കുറവുമില്ലെന്ന് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തോടെ ഹെർമൻ ചൂണ്ടിക്കാണിക്കുന്നു. ക്ലാസ് ലുക്കിനുമപ്പുറം ഉള്ളിലും പുറത്തും കിട്ടുന്ന ഊഷ്മളതയും പോസിറ്റിവിറ്റിയുമാണ് ഈ വീടിെൻറ മുഖമുദ്ര. നേരത്തേയുണ്ടായിരുന്ന തറവാട് പൊളിച്ചാണ് അഞ്ചാറു വർഷങ്ങൾക്കുമുമ്പ് ഈ വീടിെൻറ പണി തുടങ്ങിയത്. പതിനൊന്നര െസൻറ് ഭൂമിയിൽ നാലായിരത്തോളം സ്ക്വയർഫീറ്റിലാണ് വീടൊരുങ്ങിയത്. താഴെയും മുകളിലുമായി മൂന്നു വീതം കിടപ്പുമുറികളുണ്ട്്. അടുക്കളയും രണ്ടു നിലകളിലുമുണ്ട്.
എൻവർ ഫെർണാണ്ടസ്, എൽവിൻ ഫെർണാണ്ടസ് എന്നിങ്ങനെ രണ്ടാൺമക്കളുള്ള ഹെർമൻ അവരുടെ ഭാവിയെകൂടി കരുതിയാണ് മുകൾനിലയും ഒരു സ്വതന്ത്ര വീടുപോലെ പണിതത്, മക്കൾക്ക് കുടുംബമൊക്കെയാവുമ്പോൾ പുതിയ വീടു വെക്കുന്നതിനു പകരം മുകൾനില ഉപയോഗിക്കാം. ഇതിനായാണ് വീടിെൻറ വശത്തുകൂടി സ്റ്റെയർകേസ് പണിതിരിക്കുന്നത്. മുകൾനില ഇപ്പോൾ വാടകക്ക് കൊടുത്തിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ ടെറസിൽ സുഹൃത്തുക്കൾക്ക് ഒത്തുചേരാനും ആഘോഷിക്കാനുമെല്ലാമായി ജി.ഐ കൊണ്ട് തയാറാക്കിയ ഒരു എ ഫ്രെയിം കാബിനുമുണ്ട്. സിനിമയിൽ ആൻറണിയുടെയും ചാൾസിെൻറയും കിടപ്പുമുറിയായി സെറ്റപ്പ് ചെയ്തത് ഈ വിശാലമായ മുറിയാണ്. ഹെർമനും ഭാര്യ ആലീസും മക്കളുമെല്ലാം ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വളരെയേറെ പ്രാധാന്യം നൽകുന്നവരാണ്. വീട്ടിലുള്ളവർ തമ്മിലുള്ള അടുപ്പവും സ്നേഹവും നിലനിർത്തുന്നതിലും ഈ വീടിെൻറ അന്തരീക്ഷം വലിയ റോൾ വഹിക്കുന്നുണ്ട്. അടുക്കളക്കും ഹാളിനുമിടയിലൊരിടത്തും ചുമരതിർത്തിപോലുമില്ലാത്തതിനു പിന്നിലും ഒന്നിച്ചിരിക്കലുകളുടെയും ഒപ്പംചേരലിെൻറയും അടയാളപ്പെടുത്തലാണ്.
വീടിനെ സിൽമേലെടുത്തു!
ഹെർമെൻറ അടുത്ത സുഹൃത്തുക്കളിലൊരാളായ കോളിൻ ലിയോഫിൽസ് വഴി ഹോം സിനിമയുടെ ഛായാഗ്രാഹകനായ നീൽ ഡി കൂഞ്ഞ നേരത്തേ ഈ വീട്ടിൽവെച്ച് പരസ്യചിത്രങ്ങൾ ഒരുക്കിയിരുന്നു. അങ്ങനെ നീലുമായി സൗഹൃദമായി, വേറെയും നിരവധി പരസ്യചിത്രങ്ങളിലും വീട് പ്രത്യക്ഷപ്പെട്ടു. അങ്ങനെയിരിക്കേയാണ് വീടിെൻറ ഭൗതികഘടനക്ക് ഏറെ പ്രാധാന്യമുള്ള ഹോം സിനിമയുടെ ജോലികൾ തുടങ്ങുന്നതും നീൽ സംവിധായകൻ റോജിൻ തോമസിന് ഈ വീടു പരിചയപ്പെടുത്തിക്കൊടുക്കുന്നതും.
പ്രതീക്ഷിച്ചതിലും സുന്ദരമായ ഒരു വീടു കിട്ടിയതിെൻറ സന്തോഷത്തിലായിരുന്നു സിനിമയുടെ പിന്നണി പ്രവർത്തകർ. വെറും 22 ദിവസം മാത്രമേ വീട്ടിൽ ചിത്രീകരണമുണ്ടായുള്ളൂ. 2020 സെപ്റ്റംബറിലായിരുന്നു അത്. അന്ന് സിനിമക്കാരുമായി ഒരു കുടുംബംപോലെയാണ് ഹെർമനും കുടുംബവും കഴിഞ്ഞുകൂടിയത്. താഴെ നിലയിൽ ലിവിങ് റൂമിനോട് ചേർന്നുനിൽക്കുന്ന മാസ്റ്റർ ബെഡ്റൂം ഒഴിെക പൂർണമായും സിനിമക്കാർക്കായി വിട്ടുനൽകി, അഞ്ച് വളർത്തുപട്ടികളും അടങ്ങുന്ന ഈ കുടുംബം ആ ഷൂട്ടിങ് കാലം പൂർത്തിയാക്കി. മുറിയുടെ ജനാലകൾ സാധാരണയിലും വലുതായതിനാൽ ഇതിെൻറ ഒരു പാളി വാതിൽപോലെ മാറ്റിയെടുത്താണ് ഇവർ പുറത്തേക്കും അകത്തേക്കും കയറിയിറങ്ങിയത്. സിനിമക്കാർ ഉണ്ടാക്കുന്ന ഭക്ഷണം പങ്കുവെച്ചും ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവരോടെല്ലാം കളിതമാശകൾ പറഞ്ഞും അവർ മൂന്നാഴ്ചക്കാലം ആഘോഷമാക്കി. സിനിമയിലെ മറ്റൊരു പ്രധാന ഘടകമായ ഒലിവർ ട്വിസ്റ്റിെൻറ (ഇന്ദ്രൻസ്) പഴം-പച്ചക്കറിത്തോട്ടം മാത്രമാണ് സെറ്റിട്ടത്.
ഹോമിനു പിന്നാലെ ഇരുൾ, നിഴൽ, കാണെക്കാണെ എന്നീ ചിത്രങ്ങളുടെ ചില ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിരുന്നെങ്കിലും മുഴുനീള േവഷത്തിൽ വീട് 'സിനിമയിലഭിനയിക്കുകയെന്ന' ഹെർമെൻറ മോഹം പൂവണിഞ്ഞതും ഹോമിലൂടെയാണ്. ആമസോൺ പ്രൈമിലിറങ്ങിയ സിനിമ വൻ വിജയമായതോടെ സിനിമാപ്രവർത്തകരെ പോലെതന്നെ ആഹ്ലാദത്തിലാണ് ഈ കുടുംബവും.
വീടുവെച്ചാൽ മാത്രം പോരാ...
ഹെർമെൻറ തലയിലുദിക്കുന്ന അനേകം ആശയങ്ങളിൽ ഒന്നുമാത്രമായിരുന്നു പേരുപോലും വെച്ചിട്ടില്ലാത്ത ഈ വീട്. ഇതുപോലെ നിർമിച്ചുനൽകിയ ഓരോ വീട്ടിലും തെൻറ ഒരു കൈയൊപ്പ് എന്നപോലെ എന്തെങ്കിലും സവിശേഷമായൊരു ഘടകം ഉൾച്ചേർക്കാൻ ഈ ഗൃഹശിൽപി ശ്രദ്ധിക്കാറുണ്ട്.
വീടുവെച്ചാൽ മാത്രം പോരാ, വെക്കുന്ന വീട് നന്നായിരിക്കണമെന്ന ശാഠ്യവും അദ്ദേഹത്തിനുണ്ട്. ''ജോലിയുടെയും പഠനത്തിെൻറയും എല്ലാ ടെൻഷനുകളും സമ്മർദങ്ങളും ഒന്നിറക്കിവെക്കാനാണ് എല്ലാവരും വീട്ടിലേക്കെത്തുന്നത്. വീടെന്നത് വെറുതെ അന്തിയുറങ്ങാനുള്ള ഒരു കോൺക്രീറ്റ് കെട്ടിടം മാത്രമല്ല, മറിച്ച് ഒരു അനുഭവവും അനുഭൂതിയും വികാരവുമെല്ലാമാവുമ്പോഴാണ് അതൊരു വീടാവുന്നത്. സമ്മർദങ്ങൾ താങ്ങാനാവാതെ വീട്ടിലെത്തുമ്പോൾ, ആ വീടുതന്നെ ഒരു സമ്മർദമായി മാറുന്നത് എത്ര അരോചകമായിരിക്കും. ദശലക്ഷങ്ങൾ മുടക്കി വീടു നിർമിച്ചിട്ടും അതിെൻറയൊരു സന്തോഷമോ സംതൃപ്തിയോ ഇല്ലാതെ ഒരു കൂരക്കുകീഴിൽ കാലങ്ങളോളം കഴിച്ചുകൂട്ടുന്ന കുടുംബങ്ങളുണ്ട്. അതിൽനിന്ന് വ്യത്യസ്തമായി മനസ്സിന് ഉന്മേഷവും ഉണർവും പ്രദാനംചെയ്യുന്ന, നമ്മുടേതെന്ന് അഹങ്കരിക്കുകയോ അഭിമാനിക്കുകയോ ഒക്കെ ചെയ്യാവുന്ന ഒരിടമായി വീടുകൾ മാറണം'' -ഹെർമൻ തെൻറ സങ്കൽപത്തിലെ വീടിനെക്കുറിച്ച് മനസ്സു തുറന്നു.
ഈ വീട്ടിലെ ഓരോ മുക്കിലും മൂലയിലും ആ സർഗാത്മകതയുടെയും സൃഷ്ടിപരതയുടെയും കൊച്ചു കൊച്ചു അടയാളപ്പെടുത്തലുകൾ കാണാം. സോഫക്കു മുന്നിലുള്ള ടീപോയുെട മുകൾഭാഗം ഒറ്റനോട്ടത്തിൽ ഒരു ചെണ്ടയാണെന്നേ തോന്നൂ, സോഫക്കരികിലുള്ള മരംകൊണ്ടുള്ള പ്ലാൻറ് സ്റ്റാൻഡിനുപോലും ഒരു ചാരുതയുണ്ട്. നിർമാണ വേളയിൽ ചുറ്റുമുള്ളവരും എന്തിന് സ്വന്തം പണിക്കാർപോലും ആശങ്കയോടെ ചോദിച്ചിരുന്നൊരു ചോദ്യമുണ്ട്, ഇതെങ്ങാനും ഇപ്പോൾതന്നെ പൊളിഞ്ഞുവീഴുമോയെന്ന്. ബീമില്ലാതെ നിർമിച്ചതിനാലായിരുന്നു അത്. എന്നാൽ, അവരുടെ ചോദ്യങ്ങളെല്ലാം കാറ്റിൽപറത്തി വീടുയർന്ന് താമസം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞു. കുറച്ചെങ്കിലും റിസ്കെടുക്കാതെ വിജയമുണ്ടാവില്ലെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. തെൻറ ഉള്ളിലുള്ള നൂതന ആശയങ്ങൾ ക്ലയൻറ്സുമായി പങ്കുവെക്കുമ്പോൾ പലരും ആ റിസ്കെടുക്കാൻ താൽപര്യപ്പെടാറില്ലെന്നും പൂർണമായും കൺവിൻസ് ചെയ്തിട്ടേ ഏതൊരു പരീക്ഷണത്തിനും മുതിരാറുള്ളൂവെന്നും ഹെർമെൻറ വാക്കുകൾ.
സിനിമ കണ്ടതിനുശേഷം നിരവധി പേരാണ് വീടുകാണാൻ വരുന്നതും വിളിക്കുന്നതും. ചിത്രീകരണം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ സിനിമ അപ്രതീക്ഷിതമായി ഇറങ്ങി, മികച്ച വിജയം സ്വന്തമാക്കിയതിെൻറ സന്തോഷം ഹെർമെൻറ ഭാര്യ ആലീസും മറച്ചുവെക്കുന്നില്ല. ബി.ബി.എ പൂർത്തിയാക്കിയ എൻവറും ബി.ആർക്കുകാരനായ എൽവിനും പിതാവിെൻറ പാതയിൽ ഒപ്പമുണ്ട്.
സാധാരണക്കാർക്കായി വീടു നിർമാണവുമായി ബന്ധപ്പെട്ട് ഫീസൊന്നും ഈടാക്കാതെ ഉപദേശനിർദേശങ്ങൾ നൽകാനും ഇദ്ദേഹത്തിന് മടിയില്ല. ബജറ്റ് ഫ്രൻഡ്ലി ആയിട്ടുള്ള കൊച്ചു കൊച്ചു ഫർണിച്ചറുകളും മറ്റു ഗൃഹസാമഗ്രികളും വിൽക്കുന്ന ഷോപ് തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട് ഹെർമൻ. ഫോൺ: 9846056881.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.