മക്കൾ മാതൃകയാക്കുന്നത് നിങ്ങളെയാണോ?

നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്‍റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം...

നടനും ചലച്ചിത്രസംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനോട് ഒരിക്കൽ ഒരു പത്രലേഖകൻ ചോദിച്ചു: ‘‘സിനിമയിലെ വിജയവും പരാജയവും ജീവിതത്തിൽ എങ്ങനെ എടുക്കും?’’

‘‘വിജയം സന്തോഷമാണ്, ആസ്വദിക്കും. പരാജയമാണെങ്കിലും കുടുംബത്തിന്‍റെ പിന്തുണ ഉള്ളതുകൊണ്ട് അത് തന്നെ അധികം ബാധിക്കില്ല’’ എന്നായിരുന്നു വിനീതിന്‍റെ മറുപടി.

രണ്ടു വിവാഹം കഴിച്ചെങ്കിലും രണ്ടു ബന്ധങ്ങളും തകർന്നപ്പോൾ, ദേശീയ പുരസ്കാരംവരെ നേടിയ പ്രശസ്ത ബോളിവുഡ് നടന്‍റെ വാക്കുകളും കുടുംബബന്ധത്തിന്‍റെ അനിവാര്യത ഓർമിപ്പിക്കുന്നതാണ്.

‘‘എനിക്ക് ലഭിച്ച ദേശീയ പുരസ്കാരവും സമ്പത്തും പ്രശസ്തിയുമെല്ലാം ഇല്ലാതിരുന്നാലും എന്‍റെ ആദ്യത്തെ കുടുംബം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.’’

നഷ്ടങ്ങളുടെ ചാരത്തിനടിയിൽ ഒളിഞ്ഞുകിടക്കുന്ന തീപ്പൊരിയെ ആളിക്കത്തിച്ച് വിജയത്തിന്‍റെ ദീപം തെളിക്കാനുള്ള ഇടമാണ് കുടുംബം; വിജയങ്ങൾ ആഘോഷിക്കാനും സങ്കടങ്ങൾ ഇറക്കിവെക്കാനുമുള്ള ഇടം.

കുടുംബത്തിൽനിന്നാണ് വ്യക്തിത്വ-സ്വഭാവ രൂപവത്കരണത്തിന്‍റെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. ഓരോ കുട്ടിയും ആദ്യം മാതൃകയാക്കുന്നത് അച്ഛനമ്മമാരെയും മറ്റു കുടുംബാംഗങ്ങളെയുമാണ്.

മറ്റുള്ളവരെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രമെന്താ പിന്നോട്ടു നടക്കുന്നതെന്ന് ചോദിച്ച് അമ്മഞണ്ട്, കുഞ്ഞുഞെണ്ടിനെ വഴക്കുപറഞ്ഞാലും അത് പിന്നോട്ടുതന്നെ നടക്കും. കാരണം, അതിന്‍റെ അമ്മ അതിന് കാണിച്ചുകൊടുക്കുന്നത് പിന്നോട്ടു നടക്കാനാണ്.

മാതാപിതാക്കൾ മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചിട്ട്, മക്കൾ നേർവഴിയേ പോകണമെന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുന്നത് മാതാപിതാക്കളുടെ പ്രവൃത്തിയായിരിക്കും; വാക്കായിരിക്കില്ല. അതിനാൽ സന്തുഷ്ട കുടുംബത്തിന് വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടാകട്ടെ.


മാറുന്ന കുടുംബങ്ങൾ

കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് വീടുകളിൽ കാരണവർക്കായിരുന്നു മുഖ്യസ്ഥാനം. ഇന്ന് അണുകുടുംബ വ്യവസ്ഥിതിയും വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്ന ലിവിങ് ടുഗെതർ സംവിധാനവും സിംഗ്ൾ പേരന്‍റിങ്ങുമെല്ലാമായി കുടുംബസംവിധാനങ്ങൾ മാറ്റപ്പെട്ടു. ഏതുസമയവും വേർപിരിയാം എന്ന ധാരണയിൽ രേഖകളുടെ പിൻബലമില്ലാതെ, ഒരു കെട്ടിടത്തിൽ ഭാര്യ-ഭർത്താക്കന്മാരെപ്പോലെ ഒരുമിച്ചുതാമസിക്കുന്ന ലിവിങ് ടുഗെതർ സംവിധാനത്തെ പക്ഷേ ആരും കുടുംബമെന്ന് വിളിക്കാറില്ല.

ഭർത്താവ് ജോലിചെയ്യുകയും ഭാര്യ ഗാർഹികകാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന അവസ്ഥയിൽനിന്ന് മാറി ഇന്ന് ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്നു. അപ്പോൾ ജോലിയിലെ ടെൻഷനും സ്ട്രെസും വർക്ക് ലോഡും ഇരുവർക്കും ഒരേപോലെ ഉണ്ടാകുമെന്നർഥം.

അവിടെ ഗാർഹികജോലികൾകൂടി ഒറ്റക്ക് ചെയ്യേണ്ടിവന്നാൽ ഭാര്യയുടെ വർക്ക്ലോഡും മാനസിക സമ്മർദവും വർധിക്കും. അത് പരസ്പരമുള്ള ആശയവിനിമയത്തിൽ പ്രതിഫലിക്കുമ്പോൾ കുടുംബത്തിലും ജോലിയിലും അസ്വാരസ്യങ്ങൾ തലപൊക്കുന്നു. കാലം മാറുമ്പോൾ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ പലതാണ്. അവ ഫലപ്രദമായി പരിഹരിച്ചാൽ മാത്രമേ കുടുംബത്തെ സന്തോഷത്തിന്‍റെ/ആശ്വാസത്തിന്‍റെ ഇടമാക്കാൻ സാധിക്കുകയുള്ളൂ. അവയിലേക്ക്...


കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും പരിഹാരവും

● വർക്-ലൈഫ് ബാലൻസ്:

ഭാര്യയും ഭർത്താവും ജോലിചെയ്യുമ്പോൾ കുടുംബജീവിതത്തിലെയും ജോലിയിലെയും ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. അമിത ജോലിഭാരം, ജോലിമൂലമുള്ള മാനസിക സമ്മർദം, കുറഞ്ഞ ശമ്പളം, മോശം തൊഴിലന്തരീക്ഷം, കാലഘട്ടത്തിന് അനുസരിച്ചുള്ള സ്കിൽ ഇല്ലാതിരിക്കൽ എന്നിവയൊക്കെ ജോലിയിലെ പ്രശ്നങ്ങളാണെങ്കിൽ, മക്കളെ വളർത്തൽ, കുടുംബത്തിലെ ഭർതൃമാതാപിതാക്കളുടെ, സഹോദരങ്ങളുടെ, ജീവിതപങ്കാളിയുടെ പിന്തുണയില്ലായ്മ എന്നിവയൊക്കെ സ്ത്രീകളുടെ ജോലിക്കും കുടുംബത്തിനുമിടയിലുള്ള സന്തുലിതാവസ്ഥ തെറ്റിക്കുന്നു.

● പരിഹാരം: ഓഫിസിലെയും വീട്ടിലെയും ജോലികൾ എല്ലാം ഒറ്റക്ക് ചെയ്യാൻ ശ്രമിക്കാതെ, ഓരോരുത്തർക്കായി വീതിച്ചുകൊടുക്കാം. ഓഫിസിൽ ജോലിഭാരം അനുഭവപ്പെടുന്നതിന് കാരണങ്ങൾ കണ്ടെത്താം. നോ പറയേണ്ടിടത്ത് പറയാനും യെസ് പറയേണ്ടിടത്ത് പറയാനും ശീലിക്കാം. മറ്റുള്ളവർ എന്തുവിചാരിക്കും എന്നുകരുതി എല്ലാം തലയിൽ വെക്കാതിരിക്കുക. അനാവശ്യമായി സമയം പാഴാക്കുന്നുണ്ടോയെന്ന് പരിശോധിച്ച്, സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുക. വീട്ടിലും മക്കൾക്കും ജീവിതപങ്കാളിക്കുമെല്ലാം ഗാർഹിക ജോലികൾ ഏൽപിച്ചുകൊടുക്കാം.

● മക്കളുണ്ടാക്കുന്ന പ്രശ്നങ്ങൾ:

മക്കൾ അനുസരിക്കുന്നില്ല, എല്ലാത്തിനും തർക്കുത്തരം പറയുന്നു, അമിത ദേഷ്യം, എപ്പോഴും മൊബൈലിൽ, ഡ്രഗ്സ് വല്ലതും ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട് എന്നെല്ലാം പലരും പരാതി പറയാറുണ്ട്.

● പരിഹാരം: മക്കളെ മനസ്സിലാക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ടീനേജ് കാലഘട്ടത്തിൽ ഹോർമോൺ വ്യതിയാനം മൂലം കുട്ടികളുടെ പെരുമാറ്റത്തിലും താൽപര്യങ്ങളിലും ഒക്കെ മാറ്റം വരാം.

അവർ ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ തിരിച്ച് ദേഷ്യപ്പെട്ടതുകൊണ്ടോ ദേഷ്യം തീരുന്നതുവരെ അടിച്ചതുകൊണ്ടോ അവരിൽ മാറ്റം വരില്ല. മറിച്ച് ക്ഷമയോടെ, സ്നേഹത്തോടെ, ശാന്തമായി പെരുമാറുക. നോ പറയേണ്ടിടത്ത് പറയുക. വേണ്ട ശിക്ഷണം നൽകേണ്ടിടത്ത് അത് മനസ്സിലാകുന്ന രീതിയിലുള്ള ഒരു നോട്ടംപോലും അവരിൽ മാറ്റം വരുത്തും. അവരുടെ അധ്യാപകരുമായും സംസാരിക്കുക. കൂട്ടുകാർ ആരൊക്കെയെന്ന് മനസ്സിലാക്കുക. സുഹൃത്തുക്കളിൽനിന്നറിയാം അവരുടെ സ്വഭാവം.

● വിവാഹമോചനം/പങ്കാളിയുടെ അകൽച്ച:

● പരിഹാരം: പലപ്പോഴും നിസ്സാര കാരണങ്ങളാണ് വിവാഹമോചനത്തിലേക്കും അകൽച്ചയിലേക്കും നയിക്കുന്നത്. വാശിയും ഈഗോയും വെറുപ്പും ക്ഷമിക്കാൻ കഴിയാത്ത അവസ്ഥയുമാണ് പല ബന്ധങ്ങളെയും മുറിക്കുന്നത്. തന്നെപ്പോലെ അവകാശങ്ങൾ പങ്കാളിക്കുമുണ്ടെന്ന് ഓർക്കുക.

സ്നേഹമെന്നത് ത്യാഗംകൂടിയാണ്. പങ്കാളികളുടെ സ്ഥാനത്ത് നിന്നുകൊണ്ട് ചിന്തിക്കുക. പരസ്പരം തുറന്നുസംസാരിക്കുക. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുക. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരസ്പരം തുറന്നുസംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക. അതൊരിക്കലും വാഗ്വാദമാകരുത്. ശാന്തമായ മനസ്സോടെ വേണം ഇത്തരം സംഭാഷണങ്ങൾ നടത്താൻ.

ജീവിതപങ്കാളിയുടെ കുറ്റം കൂട്ടുകാരോടും മറ്റും പറയുന്നത് ഒഴിവാക്കുക. സ്ഥിരമായി സ്വന്തം ബന്ധുക്കളോടുപോലും പറയുന്നത് ശരിയായ പ്രവണതയല്ല. ഗുരുതര കുറ്റമാണെങ്കിൽ വേണ്ടപ്പെട്ടവരെ അറിയിച്ചിരിക്കണം.


● പരസ്ത്രീ-പുരുഷ ബന്ധങ്ങൾ, തെറ്റായ ബന്ധങ്ങൾ: പല കുടുംബങ്ങളുടെയും തകർച്ചക്ക് പ്രധാന കാരണമാണ്.

● പരിഹാരം: കുടുംബബന്ധങ്ങളിൽ സത്യസന്ധരായിരിക്കുക, സാധിക്കുമെങ്കിൽ ഒരുമിച്ച് താമസിക്കുക. പരസ്പരം കുറവുകളും ഗുണങ്ങളും മനസ്സിലാക്കുക. ‘എല്ലാവരും എന്നെ സ്നേഹിക്കണം’ എന്ന് ചിന്തിക്കുമ്പോൾ ഞാൻ എത്രത്തോളം മറ്റുള്ളവരുടെ കാര്യത്തിൽ പരിഗണനയും സ്നേഹവും നൽകുന്നുണ്ടെന്ന് ചിന്തിക്കുക.

തന്‍റേതു മാത്രമായിരിക്കണമെന്ന അമിതമായ പൊസസീവ്നെസും സ്നേഹമല്ല. നല്ല വാക്കുകളിലൂടെ, സ്പർശനത്തിലൂടെ അവശ്യസമയത്തെ ആശ്വാസത്തിലൂടെ, ദാമ്പത്യ കടമകൾ നിറവേറ്റുന്നതിലൂടെ സ്നേഹം പ്രകടിപ്പിക്കുക. ബന്ധങ്ങളെ ശക്തമാക്കാൻ ഇത് സഹായിക്കും.

● ജോലിനഷ്ടം/ബിസിനസ് തകർച്ച:

പരിഹാരം: ജോലി നഷ്ടപ്പെടുകയോ ബിസിനസിൽ തകർച്ച നേരിടുകയോ ചെയ്യുന്ന പങ്കാളിയെ കുറ്റപ്പെടുത്താതെ, താഴ്ത്തിക്കെട്ടി സംസാരിക്കാതെ, പ്രചോദനമേകുന്ന, ആത്മവിശ്വാസം കൊടുക്കുന്ന രീതിയിൽ സംസാരിക്കുക. താനൊപ്പമുണ്ട് എന്ന ബലം പകർന്നുകൊടുക്കുക.

● പങ്കാളിയുടെ മദ്യ-ലഹരിമരുന്ന് ഉപയോഗം:

പരിഹാരം: ആവശ്യമെങ്കിൽ ഡീ അഡിക്ഷൻ ട്രീറ്റ്മെന്റ് വഴി സാധാരണ ജീവിതത്തിലേക്ക് മടക്ക​ിക്കൊണ്ടുവരാൻ ശ്രമിക്കാം.

● ദാമ്പത്യപ്രശ്നങ്ങൾ:

പരിഹാരം: കുടുംബപ്രശ്നങ്ങൾ പരിഹരിക്കാൻ ഫാമിലി കൗൺസലിങ് നല്ലതാണ്. കിടപ്പറയിലെ പ്രശ്നപരിഹാരത്തിന് ഒരു സെക്സോളജിസ്റ്റിന്‍റെ സഹായം തേടുന്നതും ഉചിതമായിരിക്കും.

● ആശയവിനിമയ പ്രശ്നങ്ങൾ:

പല കാര്യങ്ങളും ജീവിതപങ്കാളിയിൽനിന്ന് മറച്ചുവെക്കുന്നത്, വരുമാനം സംബന്ധിച്ച അവ്യക്തത, കള്ളം പറയൽ, പലതും തുറന്നുപറയാതിരിക്കൽ എന്നിവയെല്ലാം ആശയവിനിമയത്തിലെ പാളിച്ചകളാണ്.

പരിഹാരം: ഭാര്യയുടെയും ഭർത്താവിന്‍റെയും വരുമാനമാർഗങ്ങൾ ഉൾപ്പെടെ സുതാര്യമായിരിക്കണം. അവയിൽ രണ്ടുപേർക്കും നിയന്ത്രണം ഉണ്ടായിരിക്കണം. ഇ-മെയിൽ, വാട്സ്ആപ്, മൊബൈൽ ഫോൺ എന്നിവയുടെ പാസ്​വേഡുകൾ പരസ്പരം അറിഞ്ഞിരിക്കണം. ഏതു കാര്യവും തുറന്നുപറയുന്നത് ശീലമാക്കണം.

● വാശി, ഈഗോ, അഹങ്കാരം:

പരിഹാരം: ആരാണ് വലുത് എന്ന രീതിയിൽ ചിന്തിക്കാതെ അവരവരുടെ റോളുകൾ മെച്ചമാക്കുക. മനസ്സിൽനിന്ന് ഞാനെന്ന ഭാവം മാറ്റി, എളിമയുള്ളവരായിരിക്കുക. വിദേശത്തും മറ്റും ജോലിചെയ്യുമ്പോൾ അല്ലെങ്കിൽ ഒരാൾ ജോലിക്കു പോകുമ്പോൾ കുട്ടികളെ നോക്കാൻ ജീവിതപങ്കാളിയായിരിക്കും ഉണ്ടാവുക. ആ സമയം, എന്‍റെ വരുമാനത്തിലാണ് നീയും ജീവിക്കുന്നത് എന്ന മട്ടിൽ പെരുമാറാതിരിക്കുക.

● ധാർഷ്ട്യം:

പരിഹാരം: എന്‍റെ ഇഷ്ടത്തിന് ഞാൻ ജീവിക്കും, എന്നെ ചോദ്യം ചെയ്യാൻ നീയാരാ എന്നതരത്തിൽ സംസാരിക്കാതിരിക്കുക. മറ്റു കുടുംബാംഗങ്ങളുടെ അഭിപ്രായങ്ങൾക്കും വിലകൊടുക്കുക.

● ഉത്തരവാദിത്തമില്ലായ്മ:

പരിഹാരം: കുടുംബത്തിലെ കാര്യങ്ങളൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ പെരുമാറുന്ന ചിലരുണ്ട്. മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കാത്തവരും ജീവിതപങ്കാളിയുടെയും കൊച്ചുമക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഭാര്യയുടെ/ഭർത്താവിന്‍റെ മാതാപിതാക്കളും ഇക്കൂട്ടത്തിൽപെടും. ഓർക്കുക, സ്നേഹം കൊടുത്താലേ തിരിച്ചുകിട്ടൂ. ഇപ്പോൾ കൊടുക്കാത്ത സ്നേഹം വയ്യാതാകുമ്പോൾ തിരിച്ചുകിട്ടണമെന്നാഗ്രഹിച്ചാൽ കിട്ടില്ല. അതിനാൽ കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുക.

● യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ:

എല്ലാവരും ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറണം. കാര്യങ്ങൾ ഞാൻ ആഗ്രഹിക്കുന്ന രീതിയിലേ നടക്കാവൂ എന്ന് നിർബന്ധബുദ്ധി പിടിച്ചാൽ അത് അങ്ങനെയാവണമെന്നില്ല.

പരിഹാരം: ഓരോരുത്തരും വ്യത്യസ്തരാണെന്നും വ്യത്യസ്ത വ്യക്തിത്വ സവിശേഷതകളുണ്ടെന്നും മനസ്സിലാക്കി കടുംപിടിത്തം ഒഴിവാക്കാം. മാറ്റങ്ങൾക്ക് ശ്രമിക്കാം. പക്ഷേ, വിട്ടുവീഴ്ചക്കും തയാറാവണം.

● മുറിപ്പെടുത്തുന്ന വാക്കുകൾ:

പരിഹാരം: വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ദേഷ്യം വന്നപ്പോൾ പറഞ്ഞതാണ്; കുടിച്ചിട്ട് ബോധമില്ലാതെ പറഞ്ഞതാണ് എന്ന് ന്യായീകരിക്കുന്നതിൽ അർഥമില്ല. മറ്റുള്ളവരെ താഴ്ത്തിക്കെട്ടി ഇൻസൽട്ട് ചെയ്യുന്ന രീതിയിൽ സംസാരിക്കാതിരിക്കുക. ഓരോ കുടുംബാംഗത്തിനും വിലകൊടുക്കുക.

● ജോലി വീട്ടിലേക്ക് കൊണ്ടുവരുന്നത്:

പരിഹാരം: വീട്ടിലെത്തിയിട്ടും ഫോണിലും കമ്പ്യൂട്ടറിലും ടി.വിയുടെ മുന്നിലുമായി സമയം ചെലവഴിക്കാതെ കുടുംബാംഗങ്ങളുമായി നേരിട്ട് സംസാരിക്കാനും ഒരുമിച്ച് പ്രാർഥിക്കാനും ഭക്ഷണം കഴിക്കാനും തയാറാവുന്നത് ബന്ധങ്ങളെ ശക്തമാക്കും. ജോലിസ്ഥലത്തെ വർക്കുകൾ പരമാവധി അവിടെ വെച്ചുതന്നെ തീർക്കുക.

സന്തുഷ്ട കുടുംബം സൃഷ്ടിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ

● വഴക്കുകൾ പരമാവധി കുടുംബത്തിനുള്ളിൽ തീർക്കുക. കുട്ടികളുടെ മുന്നിൽ വഴക്കിടരുത്. അവരുടെ വ്യക്തിത്വത്തെ അത് സ്വാധീനിക്കും.

● ഭക്ഷണം കഴി​ക്കുമ്പോൾ ടി.വി കാണുന്നത്/മൊബൈൽ നോക്കുന്നത് ഒഴിവാക്കുക. ആ സമയം പരസ്പരം സംസാരിക്കുക. വിശേഷങ്ങൾ ചോദിച്ചറിയുക.

● സംസാരം തുറന്നതായിരിക്കണം. ഉള്ളിൽ മറ്റൊന്നുംവെച്ചുകൊണ്ട് പെരുമാറരുത്. ഞാൻ പ്രതീക്ഷിക്കുന്ന രീതിയിൽ മറ്റുള്ളവർ പെരുമാറുമോ എന്ന് പരീക്ഷിക്കാൻ നിൽക്കാതെ, ഉള്ളിലുള്ളത് മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്താത്ത രീതിയിൽ തുറന്നുപറയുക.

● കഴിഞ്ഞകാല തിക്താനുഭവങ്ങൾ/വേദനിപ്പിച്ചവ ഇടക്കിടെ അയവിറക്കാതിരിക്കുക. മറ്റുള്ളവർ ചെയ്ത മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ഇടക്കിടെ സംസാരിക്കുന്നതും ചിന്തിക്കുന്നതും അവരോടുള്ള ദേഷ്യവും വെറുപ്പും അകൽച്ചയും കൂട്ടും.

● വായന, ധ്യാനം, വിനോദങ്ങൾ എന്നിവക്ക് സമയം കണ്ടെത്തുക.

● ദിവസവും ഒരുമിച്ചിരുന്ന് പ്രാർഥിക്കുക. ഏതു കാര്യവും പ്രാർഥനയോടെ ആരംഭിക്കാം.

● ചിരി വരുന്നില്ലെങ്കിൽകൂടി ആളുകളെ കാണുമ്പോൾ ചിരിച്ചുകൊണ്ട് പരിചയം പുതുക്കുക. കുടുംബാംഗങ്ങളുടെ മുഖത്തുനോക്കി ഒരു ദിവസം പലതവണ ചിരിക്കുക. ചിരി ഹാപ്പി ഹോർമോണായ എൻഡോർഫിന്‍റെ അളവ് ശരീരത്തിൽ വർധിപ്പിക്കും. ഒപ്പം, ബന്ധം ശക്തമാക്കുകയും ആയുസ്സ് വർധിപ്പിക്കുകയും ചെയ്യും.

● ജന്മദിനം, വിവാഹവാർഷികം എന്നിവ ലളിതമായിട്ടാണെങ്കിലും ആഘോഷിക്കുക. പരസ്പരം വിഷ് ചെയ്യുക.

● നല്ല ഓർമകൾ പങ്കുവെക്കുക. അവയുടെ ഫോട്ടോകൾ, വിഡിയോകൾ ഇടക്കിടെ കാണുക.

● വിഷമഘട്ടങ്ങളിൽ കുറ്റപ്പെടുത്തുന്നതിന് പകരം ആശ്വാസമേകുന്ന രീതിയിൽ സംസാരിക്കുക. പിന്തുണയേകുക.

● സ്നേഹം വാക്കുകൊണ്ടും സ്പർശനം കൊണ്ടും പ്രകടിപ്പിക്കുക.

● എപ്പോഴും കുറ്റം പറയുന്ന (പരദൂഷണം) ശീലം ഒഴിവാക്കുക.

● മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധയും താൽപര്യവുമുള്ള കെയറിങ് മെന്റാലിറ്റി ഉണ്ടായിരിക്കണം.

● മറ്റുള്ളവരിലെ ഗുണദോഷങ്ങൾ മനസ്സിലാക്കി പെരുമാറുക. കുറവുകൾ അംഗീകരിക്കുക. കഴിവുകളെ പ്രോത്സാഹിപ്പിക്കുക. വ്യത്യസ്ത അഭിപ്രായങ്ങൾ, ഇഷ്ടങ്ങൾ എന്നിവ സ്വാഭാവികമാണെന്ന് തിരിച്ചറിയുക.

● നന്ദി, സോറി എന്നീ വാക്കുകൾ ജീവിതത്തിന്‍റെ ഭാഗമാക്കുക. മറ്റുള്ളവർ എന്തു നന്മ ചെയ്തുതന്നാലും നന്ദി പറയുക. ഉദാ: ഒരു കറി നല്ലതാണെങ്കിൽ നല്ലതാണെന്നു പറഞ്ഞ് അഭിനന്ദിച്ചശേഷം നന്ദി പറയുക. ഒരു തെറ്റ് പറ്റിയാൽ ഞാനല്ല അത് ചെയ്തത് എന്ന് കള്ളംപറയുകയോ ന്യായീകരിക്കുകയോ ചെയ്യാതെ സോറി പറയുക.

● മറ്റുള്ളവർക്ക് തെറ്റുകൾ സംഭവിച്ച ശേഷം അവർ അതിൽ ആത്മാർഥമായി പശ്ചാത്തപിക്കുമ്പോൾ ക്ഷമിക്കാനുള്ള മനസ്സ് കാണിക്കുക.

● പഴയ തെറ്റിന്‍റെ പേരിൽ ഇടക്കിടെ കുത്തിമുറിവേൽപിക്കാതിരിക്കുക.

● മദ്യം, ലഹരിവസ്തുക്കൾ, പണംവെച്ചുള്ള ചൂതുകളി എന്നിവ കുടുംബത്തിൽനിന്നൊഴിവാക്കുക.

ശ്രദ്ധയേറെ വേണം ഇക്കാര്യങ്ങളിൽ

● വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധം വേണം.

● പറയുന്നതിനു മുമ്പ് ചിന്തിക്കുക

● അസർട്ടീവ് ആകുക. മറ്റുള്ളവരെ മുറിപ്പെടുത്താതെ കാര്യങ്ങൾ തുറന്നുപറയുക.

● സ്വന്തം വ്യക്തിത്വം നിലനിർത്തുക.

● സത്യസന്ധരായിരിക്കുക.

● നല്ലത് കണ്ടാൽ അഭിനന്ദിക്കുക.

● പരസ്പരം ബഹുമാനത്തോടെ പെരുമാറുക.

● കുടുംബാംഗങ്ങളുടെ സാമ്പത്തിക, ആത്മീയ, വൈകാരിക, ശാരീരിക, മാനസിക കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കണം.

● അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം പറഞ്ഞുതീർക്കുക.

● വാക്കുകൾകൊണ്ടും സ്പർശനം കൊണ്ടും ബന്ധം സ്ഥാപിച്ചശേഷമായിരിക്കണം ലൈംഗികത.

● തെറ്റായ ബന്ധങ്ങളിൽനിന്ന് മാറിനിൽക്കുക.

ഇക്കാര്യങ്ങൾ വേണ്ടേ വേണ്ട

● കാപട്യം ഒഴിവാക്കുക.

● വായിൽ വരുന്നത് വിളിച്ചുപറയരുത്.

● എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിക്കരുത്. മധുരം പുരട്ടിയ കള്ളത്തേക്കാൾ കയ്പുനിറഞ്ഞ സത്യത്തിനാണ് വില.

● അമിത തിരക്ക് വേണ്ട.

● താഴ്ത്തിക്കെട്ടി സംസാരിക്കരുത്.

● ‘നീ വെറും പെണ്ണാണ്’ എന്ന മട്ടിൽ സംസാരിക്കാതിരിക്കുക.

● മക്കളെ നോക്കുന്നതും വീട്ടുകാര്യവും ഭാര്യയുടെ ചുമതലയാണെന്ന മട്ടിൽ പെരുമാറരുത്.

● എന്‍റെ സ്നേഹം ഉള്ളിലാണെന്ന് പറഞ്ഞ് സ്നേഹം പ്രകടിപ്പിക്കാതിരിക്കരുത്.

● വെറുപ്പ് മനസ്സിൽ സൂക്ഷിക്കരുത്.

● മദ്യം, ലഹരി എന്നിവ ഉപയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെടാതിരിക്കുക.

കുടുംബജീവിതത്തിന്‍റെ ഗുണങ്ങൾ

● ഒരു വ്യക്തി ജീവിതത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് ഏകാന്തത. കുടുംബജീവിതം ഏകാന്തത അകറ്റുന്നു. ഒറ്റക്കാണെന്ന തോന്നൽ ഇല്ലാതാക്കുന്നു. എനിക്കും ആരെങ്കിലുമൊക്കെയുണ്ട് എന്ന ബോധ്യം മനസ്സിൽ സൃഷ്ടിക്കുന്നു.

● ആത്മാർഥമായി സ്നേഹിക്കുക. അത് തിരികെ ലഭിക്കും. പരസ്പരം സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും തകർച്ചകളിൽ ആശ്വാസമേകാനും സംഘർഷങ്ങളിൽ ഒരുമിച്ചുനിൽക്കാനുമുള്ള ഇടമാണ് കുടുംബം.

● ഇപ്പോൾ വിവാഹംവേണ്ട, ജീവിതം അടിച്ചുപൊളിക്കാനുള്ളതാണ്, മക്കൾ, ജീവിതപങ്കാളി തുടങ്ങിയ ഉത്തരവാദിത്തങ്ങളൊന്നും വേണ്ട എന്ന് ചിന്തിച്ച് ജീവിച്ച പലരുടെയും ജീവിതസായാഹ്നത്തിൽ കടുത്ത ഏകാന്തതയും ഒറ്റപ്പെടലും വിഷാദരോഗവും പിടിമുറുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

● നമ്മുടെ ആരോഗ്യം, മാനസികനില, സമ്പത്ത്, പദവി, പ്രശസ്തി, അംഗീകാരങ്ങൾ ഇതൊന്നും എപ്പോഴും ഒരുപോലെ ആകണമെന്നില്ല. ദുർബലമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും കുടുംബത്തിന്‍റെ സ്നേഹവും കരുതലും പിന്തുണയുമുള്ളവർ തളർന്നുവീഴില്ല. അവർ പേടമാനിനെപ്പോലെ വീണ്ടും കുതിച്ചുചാടും.

● ഭൗതികനേട്ടങ്ങളേക്കാളുപരി ആത്മീയതയും മൂല്യബോധവും കുടുംബത്തിൽനിന്ന് പകർന്നുകിട്ടുന്ന കുട്ടികൾ ഭാവിയിൽ അതവരുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും സഹജീവികളോടും പ്രകടിപ്പിക്കും.

● ഏതൊരു പ്രതിസന്ധിയിലും മുന്നേറാൻ, കുടുംബത്തിൽനിന്ന് ലഭിക്കുന്ന വൈകാരിക പിന്തുണ ഏറെ പ്രധാനപ്പെട്ടതാണ്.

● പ്രായമായവർക്ക് ഉൾപ്പെടെ സുരക്ഷിതത്വം ലഭിക്കുന്ന ഇടമാണ് കുടുംബം.

● കുടുംബത്തിനൊപ്പം മികച്ച രീതിയിൽ സമയം ചെലവിടുന്ന കുട്ടികൾക്ക് മികച്ച സാമൂഹിക-പഠന നിലവാരം ഉണ്ടാകും. പെരുമാറ്റപ്രശ്നങ്ങളും കുറവായിരിക്കും. മാതാപിതാക്കളിൽനിന്നും മറ്റും വേണ്ടത്ര ശ്രദ്ധയും പരിചരണവും സ്നേഹവും കിട്ടുന്ന കുട്ടികളുടെ പെരുമാറ്റത്തിലും അത് നിഴലിക്കും. സന്തോഷവും ആത്മസംതൃപ്തിയും ലക്ഷ്യം നേടാനുള്ള ചിന്തയും അവരിൽ കൂടുതലായിരിക്കും.

● കുടുംബത്തിനൊപ്പം ഇഫക്ടീവായി സമയം ചെലവഴിക്കുന്നവരിൽ ആത്മവിശ്വാസം കൂടുതലായിരിക്കും.

● സ്നേഹം, ആശയവിനിമയശേഷി, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവയെല്ലാം കുടുംബത്തിൽനിന്ന് പഠിക്കുന്നു.

● ഓരോ വ്യക്തിയും വിലപ്പെട്ടവരാണെന്ന ബോധ്യം മാതാപിതാക്കളും സഹോദരങ്ങളുമായുള്ള ഇടപഴകലിലൂടെ സ്വായത്തമാക്കുന്ന കുട്ടിയുടെ ആത്മാഭിമാനവും ഉയർന്നുനിൽക്കും.

● പ്രശ്നപരിഹാരശേഷി വളർത്തും.

● മാനസിക സമ്മർദം കുറക്കും.

● വൈകാരിക പക്വത കൂട്ടുന്നു.

● ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.

● മികച്ച ശാരീരിക-മാനസിക ആരോഗ്യം നൽകുന്നു.

● ജീവിതസംതൃപ്തി നൽകുന്നു


Tags:    
News Summary - Let's keep the family together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.