കുടുംബം കൃത്യമായി പുലർന്നില്ലെങ്കിൽ അംഗങ്ങളിൽ സ്വഭാവവൈകല്യങ്ങൾ ഉണ്ടാവുകയും അത് കുടുംബത്തെ മാത്രമല്ല, സമൂഹത്തെക്കൂടി ബാധിക്കുകയും ചെയ്യും. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ...
സ്കൂൾ വിട്ട് വീട്ടിലേക്കു വരുന്ന നിങ്ങളുടെ മകന്‍റെ/മകളുടെ മുഖത്ത് എല്ലാ ദിവസവും വിഷാദഭാവം ആണോ? പിറ്റേദിവസം സ്കൂളിന് അവധിയാണെങ്കിലും കുട്ടിയുടെ മുഖത്ത് സന്തോഷമില്ലായ്മയാണോ? അതെ എന്നാണ് ഉത്തരമെങ്കിൽ ആ വീട് കുട്ടിക്ക് ആനന്ദം നൽകുന്ന ഇടമല്ല എന്നാണർഥം. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും കുടുംബം ആനന്ദിപ്പിക്കാത്ത അവസ്ഥ ഇന്ന് പല വീടുകളിലുമുണ്ട്. പലർക്കും വീടുകൾ ഒഴിവാക്കേണ്ട ‘ടോക്സിക്’ പരിസരമായി മാറുന്നുണ്ട്.
പത്രവാർത്തകളിൽ സ്ഥാനംപിടിക്കുന്ന ഗാർഹിക കുറ്റകൃത്യങ്ങളിൽ മാത്രം കുടുംബദുരന്തങ്ങൾ ഒതുങ്ങിനിൽക്കുന്നില്ല. പുറത്താരും അറിയാത്ത തരത്തിലുള്ള ദുരിതങ്ങളിൽ മുങ്ങിനിൽക്കുന്ന നിരവധി വീടുകളുണ്ട്. പുതിയകാലത്ത് സമൂഹം നേരിടുന്ന ദുരന്തങ്ങളെ തിരിച്ചറിഞ്ഞ് കുടുംബത്തെ നമുക്ക് വീണ്ടെടുക്കാം...
കൂടുമ്പോൾ ഇമ്പമില്ലാതെ
മൂന്നു തലമുറകൾ അടങ്ങിയ കുടുംബം. ഓരോരുത്തരും വീടിന്‍റെ ഓരോ കോണിൽ സ്വന്തം കാര്യം നോക്കി ഇരിപ്പാണ്. ചിലരുടെ കൈവശം സ്മാർട്ട് ഫോണുണ്ടാകും. ചങ്ങാതിമാർ അയക്കുന്ന വാട്സ്ആപ് മെസേജുകളിൽ മുഴുകിയിരിപ്പാണ്. സോഷ്യൽ മീഡിയ വർത്തമാനങ്ങൾ ലൈക്ക് ചെയ്യുന്നുമുണ്ടാകും.
എന്നാൽ, വീട്ടിലെ അംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം ശുഷ്കം. കളിചിരിനേരമില്ല, സന്തോഷംപങ്കിടലില്ല. ആരുടെയെങ്കിലും മുഖം വാടിയാൽ മറ്റുള്ളവർ തിരിച്ചറിയുന്നുപോലുമില്ല. കലഹവും വഴക്കും തീരെയില്ല. വിവാഹങ്ങൾക്ക് നല്ല വേഷവും ധരിച്ച് എല്ലാവരും ഒത്തൊരുമിച്ച് പോകും. പൊള്ളയായ കൂട്ടായ്മയുടെ ചിരി സമ്മാനിക്കും. മറ്റുള്ളവർ നോക്കുമ്പോൾ മാതൃകാ കുടുംബം.
മിണ്ടലും കേൾക്കലുമില്ലാത്ത, പരസ്പരമറിയാനും പിന്തുണക്കാനും നേരം കണ്ടെത്താത്ത ഈ കുടുംബം ഒരു ദുരന്തമല്ലേ? ധാരാളം വഴിയാത്രക്കാർ പാർക്കുന്ന സത്രംപോലുള്ള കുടുംബങ്ങൾകൊണ്ട് എന്തു പ്രയോജനം? കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ ഇത്തരം കുടുംബങ്ങൾ നെഗറ്റിവായി ബാധിക്കും.
കൂടുമ്പോൾ ഇമ്പമുണ്ടാകാത്ത കുടുംബത്തിലെ ഒരാൾ തീവ്ര ദുഃഖത്തിലകപ്പെടുമ്പോൾ ആരും തിരിച്ചറിയാതെ പോകുന്നു. ചിലപ്പോൾ അയാൾ ലഹരിക്കോ മദ്യത്തിനോ അടിപ്പെട്ടുപോകും. ചിലപ്പോൾ ആത്മഹത്യയിൽ ജീവിതം അവസാനിപ്പിച്ചേക്കും.
എന്നും കുടുംബകലഹം
അവൾ ബാങ്കിലാണ് ജോലിചെയ്യുന്നത്. പ്രവൃത്തിസമയം കഴിഞ്ഞാലും അവൾ വീട്ടിൽ പോകില്ല. കൂട്ടുകാരുമൊത്ത് കറങ്ങാൻ പോകും. ഏറെ വൈകിയാണ് കൂടണയുക. വീട് അവൾക്ക് ഒരു ആവേശമല്ല, വെറുക്കപ്പെട്ട ഇടമാണ്. ഓർമവെച്ച കാലം മുതൽ അവൾ അവിടെ കേട്ടിട്ടുള്ളത് കലഹിക്കുന്ന ശബ്ദങ്ങളാണ്. തല്ലാൻപോലും മടിക്കാത്ത പിതാവുണ്ടായിരുന്നു. എന്തിനേറെ, സംശയത്തിന്‍റെ കണ്ണുകളോടെ നോക്കുന്ന അമ്മയുണ്ടായിരുന്നു കോളജിൽ പോകുന്ന നാളുകളിൽ.
ജോലി കിട്ടിയപ്പോൾ വീട്ടിൽ കുറഞ്ഞ സമയം ചെലവഴിക്കേണ്ട വിധത്തിൽ അവൾ ദിനചര്യയുണ്ടാക്കി. കുടുംബത്തിലെ കയ്പേറിയ അനുഭവങ്ങൾക്കൊടുവിൽ വിവാഹജീവിതം വേണ്ടെന്ന തീരുമാനമെടുത്തു. അകലെ എവിടെയെങ്കിലും സ്ഥലംമാറ്റം വാങ്ങി പോകാനുള്ള ശ്രമത്തിലാണ്. ഇത്തരത്തിൽ കുടുംബത്തെതന്നെ വെറുത്ത നിരവധി യുവതീയുവാക്കൾ നമുക്കിടയിലുണ്ട്.
മരണവഴിയിലേക്ക് നടത്തുന്നവർ
സ്നേഹസമ്പന്നനായ ഗൃഹനാഥൻ. വീട്ടിലെ അംഗങ്ങളെല്ലാം അദ്ദേഹത്തെ ആശ്രയിച്ചുനിൽക്കുന്നു. അദ്ദേഹത്തിന്‍റെ ചരടിൽ കോർത്ത പാവകളെപ്പോലെയാണ് മറ്റുള്ളവർ. ആർക്കുമതിൽ പരിഭവമില്ല. ഒരിക്കൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഗൃഹനാഥൻ കൊടിയ വിഷാദത്തിലേക്ക് വഴുതിവീണു. സമൂഹത്തിന്‍റെ മുന്നിൽ മാനംകെടുന്ന വിധത്തിൽ ജപ്തി നടപടി നേരിടേണ്ടിവരുമെന്ന ഘട്ടമെത്തിയപ്പോൾ ഇനി ജീവിക്കേണ്ട എന്ന ചിന്ത വന്നു.
ഞാനില്ലെങ്കിൽ ബാക്കിയുള്ളവരൊക്കെ അനാഥരാകുമെന്ന വിചാരം കയറിയപ്പോൾ ‘ദുരഭിമാന ആത്മഹത്യ പദ്ധതി’യിൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടി. അതിനുമുമ്പ് കുട്ടികളെ വിഷം കൊടുത്ത് കൊല്ലുകയും ചെയ്തു. കുടുംബങ്ങളിൽ അരങ്ങേറുന്ന കൂട്ട ആത്മഹത്യകളുടെയും കൊലപാതകത്തിന്‍റെയും പശ്ചാത്തലം പലപ്പോഴും ഇതാണ്. സ്വാധീനശക്തിയുള്ള ഒരാൾ വിധേയരായ മറ്റുള്ളവരെ മരണവഴിയിലേക്ക് നടത്തുകയാണ്.
കുടുംബദോഷമായിത്തീരുന്ന വളർത്തുദോഷം
ആകെയുള്ള മകനാണ്. ആസ്ട്രേലിയയിലോ കാനഡയിലോ പോയി പഠിക്കണമെന്നും പൗരത്വം തരമാക്കി അവിടെ താമസിക്കണമെന്നുമാണ് മോഹം. മകന്‍റെ ഈ രീതികൾ മാതാപിതാക്കൾക്ക് പണ്ടേ ദഹിച്ചിട്ടില്ല. കമ്പ്യൂട്ടർ സ്ക്രീനിലും മൊബൈൽ ഫോണിലും മുഴുകിയുള്ള ബാല്യവും കൗമാരവുമായിരുന്നു.
കുട്ടിയായിരിക്കെ സ്നേഹപൂർവം ശാസിച്ചുനോക്കി. ഗാഡ്ജറ്റുകൾ ബലമായി കസ്റ്റഡിയിലെടുത്തുനോക്കി. അവൻ പ്രതിഷേധിച്ചു. മാതാപിതാക്കൾക്ക് നൽകേണ്ട ആദരവ് മറന്ന് അക്രമാസക്തനായി. തല്ലാൻ കൈ ഉയർത്തി. പേടിച്ച് നിയന്ത്രണങ്ങൾ ഒഴിവാക്കി.
പിന്നീട് മകനായി കുടുംബത്തിലെ രാജാവ്. പഠനത്തിൽ പിന്നോട്ടായി. കഷ്ടിച്ച് പാസായ ഈ മകനാണ് ഭീമമായ സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന വിദേശപഠനത്തിനായി വാശിപിടിക്കുന്നത്. വിട്ടില്ലെങ്കിൽ ഞാൻ ചാവും, നിങ്ങളെയും കൊല്ലും എന്നാണ് ഭീഷണി.
മക്കളെ സ്നേഹശാസനകളിലൂടെ നിയന്ത്രിക്കാനാകാത്ത മാതാപിതാക്കളും അവരെ മുട്ടിൽനിർത്തുന്ന മക്കളുമുള്ള കുടുംബങ്ങളും മറ്റൊരു ദുരന്തമാണ്.
എല്ലാവരുമുള്ള അനാഥർ
70 വയസ്സുള്ള സ്ത്രീയാണവർ. ആ കുടുംബത്തിലെ ഏറ്റവും മുതിർന്ന വ്യക്തി. ഭർത്താവ് 10 വർഷംമുമ്പ് മരിച്ചതോടെ ഏകാന്തതയുടെ തടവറയിലായി. മക്കളും പേരക്കുട്ടികളുമൊക്കെയുള്ള കൂട്ടുകുടുംബമാണത്. ഒരു മുറിയിൽ ഒറ്റക്കാണ് ഇവർ കഴിയുന്നത്. ആർക്കും മിണ്ടാൻ നേരമില്ല. ഒരു വഴിപാടുപോലെ ഇടക്കൊക്കെ ഒരു മകൻ കുശലം ചോദിക്കാനെത്തും. അതാണ് എടുത്തുപറയാവുന്ന മനുഷ്യസമ്പർക്കം.
ഒരിക്കൽ അവർ ശുചിമുറിയിൽ വഴുതിവീണു. ശ്രദ്ധിച്ച് നടക്കാത്തതിലെ പഴിപറച്ചിലാണ് ആദ്യം കേട്ടത്. രക്തസമ്മർദം കൂടിയതുകൊണ്ടുള്ള വീഴ്ചയാണെന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് മനസ്സിലായത്. അന്ന് മരുന്ന് വാങ്ങി. പിന്നീട് ഡോക്ടറെ കാണിക്കാൻ ആരും ജാഗ്രത പുലർത്തിയില്ല.
പ്രയോജനമില്ലാത്ത ജന്മമായതുകൊണ്ടുള്ള അവഗണന അവരെ പൊള്ളിച്ചു. കുടുംബത്തിന്‍റെ കുടക്കീഴിൽ അനാഥയായി കഴിയുന്നതിന്‍റെ സങ്കടം അവരെ തളർത്തി. വയോജനങ്ങൾക്ക് സ്നേഹവും കരുതലും നൽകാത്ത ഇടങ്ങളെ കുടുംബമെന്ന് പറയാനാകുമോ? ഇതും ഒരു സാമൂഹിക ദുരന്തമല്ലേ?
മലിനമാകുന്ന വീടകങ്ങൾ
മുകളിൽ പറഞ്ഞ ജീവിതപരിസരങ്ങൾ നമ്മളിൽ പലരുടെയും വീടകങ്ങളിൽ ഉണ്ടാകും. കുടുംബബന്ധങ്ങളിലെ കെട്ടുറപ്പില്ലായ്മയാണ് ഈ ജീവിതങ്ങൾ വിളിച്ചുപറയുന്നത്. കേരളത്തിൽ ഗാർഹികപീഡനങ്ങൾ വർധിക്കുകയാണ്. കുടുംബപ്രശ്നങ്ങളും വിവാഹമോചന ആവശ്യങ്ങളുമായി കുടുംബകോടതികളിലെത്തുന്ന വ്യവഹാരങ്ങളുടെ എണ്ണം പെരുകുന്നു. വീടിനകത്ത് കുട്ടികൾ ഉപദ്രവിക്കപ്പെടുന്ന വാർത്തകൾ ആവർത്തിച്ച് കേൾക്കുന്നു. മുതിർന്ന പൗരന്മാരെ പീഡിപ്പിക്കുന്ന ‘എൽഡർ അബ്യൂസും’ അസാധാരണമല്ലാതായിരിക്കുന്നു.
ഇതെല്ലാം കുടുംബത്തിന്‍റെ മാനസികാരോഗ്യത്തെതന്നെ ബാധിക്കും. വിഷാദത്തെയും ആധികളെയും പ്രതിസന്ധികളെയും നേരിടാനുള്ള പ്രാപ്തി കുറഞ്ഞ തലമുറകൾ സൃഷ്ടിക്കപ്പെടും. ആത്മഹത്യാപ്രവണത കൂടും. യുവാക്കളിൽ ലഹരി ഉപയോഗം കൂടും. എന്‍റെ കുടുംബത്തിന്‍റെ ഘടനക്ക് ഇതിനെയൊക്കെ ചെറുത്തുനിൽക്കാനുള്ള ശക്തിയുണ്ടോയെന്ന വിശകലനവും ഓഡിറ്റുമൊക്കെ നടത്തേണ്ട കാലമാണിത്.
നല്ല കുടുംബത്തെ ചിട്ടപ്പെടുത്താൻ
കുടുംബമല്ലേ, തട്ടിയും മുട്ടിയുമൊക്കെ പൊക്കോളുമെന്ന വിചാരമാണ് പൊതുവിൽ. അതുകൊണ്ടുതന്നെ പല ഗൗരവമുള്ള പ്രശ്നങ്ങളും നിസ്സാരവത്കരിക്കപ്പെടുകയും വീട്ടിനുള്ളിലെ എല്ലാ പ്രതിസന്ധികളിലും സഹനമാണ് പരിഹാരം എന്ന ചിന്ത വരുകയും ചെയ്യും.
ബന്ധങ്ങളുടെ ഊഷ്മളതയെയും അവിടെ സംഭവിക്കേണ്ട ആഹ്ലാദങ്ങളെയും സംതൃപ്തികളെയുംകുറിച്ച് ചിന്തിക്കാൻ ആരും മെനക്കെടാറില്ല. അതോടെ അനാവശ‍്യമായ ഒരു ഔപചാരികത ഉണ്ടാവുകയും ചെയ്യും. ഭാര്യ-ഭർതൃ ബന്ധത്തിൽപോലും ഈ ഔപചാരികത കൈവരും.
ഒരു ഫോർമുല നിശ്ചയിച്ച് യാന്ത്രികമായി നടപ്പാക്കാവുന്നതല്ല ഇത്. അനുഭവങ്ങളെ തുറന്നമനസ്സോടെ വിലയിരുത്തിയും തിരുത്തൽ വേണ്ടപ്പോൾ അത് ചെയ്തും കുടുംബബന്ധങ്ങളെയും പെരുമാറ്റങ്ങളെയും പരിഷ്കരിച്ചുമാണ് മുന്നോട്ടുപോകേണ്ടത്. ചലനാത്മകതയാണ് കുടുംബത്തിന്‍റെ മുഖമുദ്ര. സാമ്പത്തിക പ്രതിസന്ധികളും കുടുംബത്തിലെ ഒരു വ്യക്തിയെ ഓർക്കാപ്പുറത്ത് ബാധിക്കുന്ന രോഗവുമൊക്കെ വെല്ലുവിളികൾ ഉയർത്താം.
ബന്ധങ്ങളുടെ സമവാക്യങ്ങൾ തെറ്റിയേക്കാം. മനസ്സാന്നിധ്യം വീണ്ടെടുത്ത് കൂട്ടായ്മയിലൂടെ ബാലൻസ് വീണ്ടെടുക്കുമ്പോഴാണ് കുടുംബത്തിന് അർഥമുണ്ടാകുന്നത്. വിവാഹത്തിലൂടെ കുടുംബത്തിലേക്ക് പുതിയ അംഗം കടന്നുവരുമ്പോഴും മരണത്തിലൂടെ അംഗങ്ങൾ വേർപെടുമ്പോഴുമൊക്കെ ചലനങ്ങൾ ഉണ്ടാകാം. കുടുംബത്തിന് പൊതുവിൽ ഗുണകരമാകുന്ന വിധത്തിലുള്ള പൊരുത്തപ്പെടലുകൾ ഉണ്ടാകണം.
ഓർത്തുവെക്കാനും പ്രാവർത്തികമാക്കാനും ചില മാർഗനിർദേശങ്ങൾ.
● പുറത്തുനിന്നുള്ള സംഘർഷങ്ങൾ തണുപ്പിക്കാൻ ഉതകുന്ന വിധത്തിൽ ആഹ്ലാദകരമാകണം കുടുംബം. വർത്തമാനവും ചിരിയും പരസ്പര ആദരവോടെയുള്ള ആശയവിനിമയവുമൊക്കെ ചേർത്ത് കുടുംബം ഉഷാറാക്കണം.
● എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുംവിധത്തിൽ റോളുകൾ നിശ്ചയിക്കണം. റോളുകൾ പരിഭവമില്ലാതെ ഉൾക്കൊള്ളാൻ കുടുംബമൂല്യങ്ങളെയും നിയമങ്ങളെയും നിർവചിക്കണം. കൂട്ടുത്തരവാദിത്തത്തോടെ അവ പാലിക്കുകയും ചെയ്യണം. വീഴ്ചയുണ്ടായാൽ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കാം.
● കരുതലിന്‍റെയും പരിചരണത്തിന്‍റെയുമൊക്കെ ഭാഷ വികസിപ്പിക്കണം. ആരില്ലെങ്കിലും എനിക്ക് എന്‍റെ കുടുംബമുണ്ടെന്ന തോന്നലുണ്ടാകണം.
● കുടുംബനേരങ്ങൾ മനസ്സടുപ്പം വളർത്തുംവിധത്തിൽ ചിട്ടപ്പെടുത്തണം. മിണ്ടിയും കേട്ടുമിരിക്കാനുള്ള വേളകൾ വേണം.
● കുടുംബങ്ങളിലെ വ്യത്യസ്തതകൾ ആഘോഷിക്കപ്പെടട്ടെ. തനതായ വികാരങ്ങളും വിചാരങ്ങളും മറകൂടാതെ ആവിഷ്കരിക്കാനുള്ള ഇടമാണ് വീടെന്ന മനോഭാവം ഉണ്ടാകട്ടെ. അത് മനസ്സിലാക്കുകയും തിരിച്ചറിവുകളിലേക്ക് സ്വയമെത്താനുള്ള ഉത്തേജനം നൽകുകയും ചെയ്യുന്നവർ കുടുംബത്തിലുണ്ടെങ്കിൽ അതാണ് സ്വർഗം.
● സ്നേഹത്തിന്‍റെ കുടക്കീഴിലാണ് കുടുംബം പുഷ്ടിപ്പെടുന്നത്. വാക്കിലും നോക്കിലും ചെയ്തിയിലുമൊക്കെ പിശുക്കില്ലാത്ത സ്നേഹം വേണം. ഗൃഹാന്തരീക്ഷത്തിൽ സുരക്ഷ ഒരുക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. പീഡനങ്ങളെയും ആക്രമണങ്ങളെയും വീട്ടിൽ കയറ്റരുത്.
● രോഗക്കിടക്കയിലുള്ളവർക്കും വയോജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക കരുതൽ നൽകുന്ന സംസ്കാരം വളർത്തിയെടുക്കണം. ആരുടെയെങ്കിലും മുഖം വാടിയാൽ ആരായണം. പിന്തുണക്കണം. നല്ലത് ചെയ്താൽ അനുമോദിക്കണം. നേട്ടങ്ങളെ ആഘോഷിക്കണം. അവഗണിക്കപ്പെട്ടെന്ന തോന്നൽ ആർക്കുമുണ്ടാകാൻ പാടില്ല.
കുടുംബത്തിൽ അസ്വാരസ്യങ്ങൾ പലപ്പോഴും രൂപപ്പെടുന്നത് വ്യക്തികളുടെ മാനസികാസ്വാസ്ഥ്യങ്ങളുടെ കാരണം തേടിപ്പോകുമ്പോഴാണ്. ബാല്യ-കൗമാര ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടാകുന്നത്. കുട്ടികളുടെ പെരുമാറ്റവൈകല്യങ്ങളുടെയും വൈകാരികപ്രശ്നങ്ങളുടെയും വേരുകൾ കുടുംബത്തിന്‍റെ അശാന്തികളിൽനിന്നാണ്. ഇതിന് പരിഹാരമായി ചിലരൊക്കെ തുടർജീവിതത്തിൽ ബദൽ അത്താണികൾ കണ്ടെത്തും. പലതും വിനാശകരമായതുമാകും.
പലരുടെയും വ്യക്തിത്വ വൈകല്യങ്ങളുടെ കാരണം കുടുംബത്തിലായിരിക്കും. അവരിൽ പലരും സാമൂഹിക ജീവിതത്തിന്‍റെയും ചുറ്റുമുള്ള മനുഷ്യരുടെയും സമാധാനം കെടുത്തും. ടോക്സിക് ആയ കുടുംബങ്ങളുടെ ദുഃസ്വാധീനം വീടിന്‍റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കില്ലെന്നർഥം. അതുകൊണ്ട് വീണ്ടെടുക്കാം കുടുംബത്തെ, ഒഴിവാക്കാം ദുരന്തങ്ങളെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.