മലയാളിയെ ഓണക്കോടി ഉടുപ്പിക്കാൻ തൃശൂർ, പാലക്കാട് ജില്ലകൾ അതിർത്തി പങ്കിടുന്ന കൂത്താമ്പുള്ളി ഗ്രാമത്തിൽ വൈവിധ‍്യമാർന്ന വസ്ത്രങ്ങൾ ഒരുങ്ങുകയാണ്.
പാരമ്പര്യവും ഗുണമേന്മയും ഇഴപിരിഞ്ഞ് കിടക്കുന്നവയാണ് ഇവിടത്തെ വസ്ത്രങ്ങൾ. നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൊച്ചി രാജാവ് മൈസൂരിലെ പാരമ്പര്യ നെയ്ത്തുകാരായ ദേവാംഗ സമുദായക്കാരായ 10 കുടുംബങ്ങളെ എത്തിച്ചതോടെ ഈ ഗ്രാമം ചരിത്രത്താളുകളിൽ വർണനൂലുകളാൽ തുന്നിച്ചേർക്കപ്പെടുകയായിരുന്നു.
പരമ്പരാഗത ശൈലി കൈവിടാതെ
ആധുനിക സംവിധാനങ്ങള്‍ രംഗം കൈയടക്കിയെങ്കിലും കൂത്താമ്പുള്ളിയിലെ നെയ്ത്തുകാര്‍ ഇന്നും വിശ്രമമില്ലാത്ത ജോലിയിലാണ്. മറ്റു സ്ഥലങ്ങളില്‍നിന്ന് വാങ്ങുന്ന കൈത്തറി എന്ന പേരിലുള്ള ഉൽപന്നങ്ങളില്‍നിന്ന് തങ്ങളുടെ ഉൽപന്നങ്ങള്‍ വേറിട്ട് നില്‍ക്കും എന്നാണ് ഇവരുടെ അവകാശവാദം.
ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങൾ വെള്ളത്തില്‍ കിടന്നാല്‍ ഗുണമേന്മ കൂടുകയാണ് ചെയ്യുക. വെള്ളം നനഞ്ഞാല്‍ കേട് പറ്റുന്നതും നിറവ്യത്യാസം വരുന്നതുമായ വസ്ത്രങ്ങൾ പരമ്പരാഗത ശൈലിയിലെ മായം ചേര്‍ക്കലാണ്.
അതുകൊണ്ടുതന്നെ നിർമാണച്ചെലവ് കൂടിയാലും പാരമ്പര്യത്തെ കൈവിട്ടുള്ള നിർമാണരീതികള്‍ക്ക് ഇവർ തയാറല്ല. ഇതിനാലാണ് ഇന്നും കൂത്താമ്പുള്ളിയിലേക്ക് മലയാളി ഓടിയെത്തുന്നത്.
ഓണത്തിന് ഒരു മുഴം മുമ്പേ
ഓണപ്പുടവക്കുള്ള ഒരുക്കം ജൂണില്‍തന്നെ ഇവിടെ തുടങ്ങും. ഈ വര്‍ഷം അവതരിപ്പിക്കുന്ന ഡിസൈനുകൾ സ്വന്തം ഡിസൈനർമാരെക്കൊണ്ട് ഓരോ വീട്ടുകാരും സ്വയം രൂപകൽപന ചെയ്യുന്നു. ഇത് ഡിസൈനായി തുണിയില്‍ വരുത്തുന്നതിനും ഏറെ കടമ്പകളുണ്ട്.
രൂപകൽപന ചെയ്ത ഡിസൈന്‍ ജക്കാഡ് ബോക്‌സിലേക്ക് മാറ്റി അതനുസരിച്ച് നൂലുകൾ ക്രമീകരിച്ച് തറിക്ക് മുകളില്‍ ഉറപ്പിച്ചാണ് പുത്തന്‍ ഡിസൈനുകൾ നെയ്തെടുക്കുന്നത്. ഇന്ന് ഇതിന് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാലും ഓരോരുത്തരും സൗകര്യമനുസരിച്ച് തങ്ങളുടെത്തന്നെ തറികളിലാണ് തയാറാക്കി എടുക്കുന്നത്.
കസവുകരകള്‍
കൈത്തറിയുടെ സൗന്ദര്യം തന്നെ സ്വർണത്തിലും വെള്ളിയിലും തീര്‍ക്കുന്ന കരകളാണ്. ഓരോ കസവുകരയുടെയും വീതിക്കനുസരിച്ച് വസ്ത്രത്തിന്‍റെ വിലയും വർധിക്കും. മികച്ച കസവ് തയാറാക്കുന്നത് ഗുജറാത്തിലെ സൂറത്തിലാണ്. ഇന്നും സൂറത്തില്‍നിന്ന് കസവ് കൊണ്ടുവന്നാണ് ഇവിടെ കസവ് വസ്ത്രങ്ങൾ തയാറാക്കുന്നത്.
പരമ്പരാഗത രീതിയില്‍ നല്ല കസവ് ഡിസൈനോടുകൂടിയ വസ്ത്രങ്ങൾ തയാറാക്കുന്നത് ഏറെ കരുതലോടെയാണ്. കസവില്‍ വിയർപ്പോ നനവോ പറ്റിയാല്‍ സ്വർണ നിറത്തെ ബാധിക്കും. പരമ്പരാഗതമായി നെയ്തെടുക്കുന്നവയില്‍ മറ്റു അറ്റകുറ്റപ്പണി ഒന്നും കഴിയാത്തതിനാല്‍ കേട് പറ്റാതിരിക്കേണ്ടത് ഓരോ തൊഴിലാളിയുടെയും പ്രധാന ഉത്തരവാദിത്തമായാണ് ഇവര്‍ കാണുന്നത്.
കസവുകള്‍ പല ഗുണനിലവാരത്തില്‍ ലഭിക്കും. ഇതില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ചില നെയ്ത്തുകാര്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.
ദേവാംഗ സമുദായത്തിന്‍റെ ഓണം
കേരളത്തിലെത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും സ്വന്തം ജീവിതരീതികളാണ് ദേവാംഗ സമുദായം ഇന്നും കാത്തുസൂക്ഷിക്കുന്നത്. പുതുതലമുറ കുറേയൊക്കെ മാറ്റത്തിന് വിധേയരായാലും പഴമയുടെ ആചാരങ്ങള്‍ തെറ്റിക്കാന്‍ ഇവര്‍ തയാറല്ല. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ഓണാഘോഷമില്ല. പകരം ഇവര്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവം ദൈവപൂജയാണ്.
ഫെബ്രുവരിയില്‍ നടക്കുന്ന ദൈവപൂജക്ക് ഒരാഴ്ചയോളം അവധിയായിരിക്കും. സമുദായ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ആഘോഷങ്ങളും നടക്കും. ഇത് കുടുംബത്തോടും ബന്ധുക്കളോടും ഒപ്പം ആഘോഷിക്കുകയാണ് പതിവ്. ഈ സമയം തമിഴ്‌നാട്ടിലെ ദേവാംഗ സമുദായത്തില്‍നിന്ന് വിവാഹിതരായവര്‍ കുടുംബത്തോടെ ഇവിടെയെത്തി സമ്മാനങ്ങള്‍ കൈമാറും.
തമിഴ് സംസ്‌കാരത്തിന്‍റെ ഭാഗമായുള്ള പൊങ്കലും കർണാടകയിലെ നവരാത്രി, ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ആയുധപൂജയും പ്രധാന ആഘോഷങ്ങള്‍തന്നെ. ഇപ്പോള്‍ പുതുതലമുറ ഓണവും ആഘോഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും സാധ്യതകളും
പാരമ്പര്യമായി ഓരോ വീട്ടിലും ഒന്നു മുതൽ 14 തറികള്‍വരെയുണ്ട്. വീടിനോട് ചേര്‍ന്ന് ചെറിയ സൗകര്യങ്ങളിലാണ് ഇതെല്ലാം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, കുടുംബത്തിലെ അംഗസംഖ്യ കുറഞ്ഞതും യുവതലമുറ പാരമ്പര്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ സാധ്യതകള്‍തേടി വിദേശത്തേക്ക് പോകാന്‍ തുടങ്ങിയതും തൊഴിലാളികളുടെ ലഭ്യതക്കുറവും ഈ വ്യവസായത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഒരു തറിയില്‍ ഒരു പാവ് വെച്ച് പണിതാല്‍ ഒന്നരദിവസം എടുത്താലാണ് ഒരു സാരി നെയ്തെടുക്കാന്‍ കഴിയുക. ഒരു പാവില്‍ ശരാശരി ആറ് സാരിയോ എട്ട് സെറ്റ് മുണ്ടോ ഏഴ് ഡബ്ള്‍ മുണ്ടോ ആണ് ഉണ്ടാകുക. ഒരു പാവ് നെയ്തെടുക്കാൻ ഒരാഴ്ചയെടുക്കും. 400 മുതല്‍ 500 രൂപയാണ് കൂലിയായി ലഭിക്കുന്നത്.
സര്‍ക്കാര്‍തലത്തിലും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല എന്ന പരാതിയും തൊഴിലെടുക്കുന്നവർക്കുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ വൈദ്യുതി സബ്‌സിഡി നിരക്കില്‍ നല്‍കുകയും റിബേറ്റ് നല്‍കുകയും ചെയ്യുമ്പോള്‍ ഇവിടെ ആനുകൂല്യങ്ങള്‍ ഒന്നുമില്ല.
ഉത്സവത്തിരക്കിലമരുന്ന കൂത്താമ്പുള്ളി
ഗ്രാമീണാന്തരീക്ഷത്തിലൂടെ യാത്ര ചെയ്ത് കൂത്താമ്പുള്ളിയില്‍ എത്തുമ്പോള്‍ റോഡ് നിറയെ അമ്മമാരും കുട്ടികളും. എല്ലാവരും വസ്ത്രങ്ങളെടുക്കാന്‍ എത്തിയവര്‍. ഓരോ വര്‍ഷവും കൂത്താമ്പുള്ളിയുടെ തനത് ഫാഷനുകള്‍ അവതരിപ്പിക്കുന്ന കടകള്‍ ഈ വര്‍ഷത്തെ ഫാഷന്‍ അവതരിപ്പിച്ചുകഴിഞ്ഞു.
ഡൈ ആൻഡ് ഡൈ സാരികളും പട്ടുപാവാടകളും ധാവണികളുമാണ് അവ. കൂടാതെ അജ്‌റക്ക് ഷര്‍ട്ടുകളും മുണ്ടുകളും ഉൾപ്പെടെ പുരുഷന്മാര്‍ക്കു വേണ്ടി പ്രത്യേകം തയാറാക്കിയ വന്‍ശേഖരംതന്നെയുണ്ട്.
ഓരോ വര്‍ഷത്തെയും പുതിയ ഫാഷന്‍ 25 ശതമാനം കച്ചവടം കൊണ്ടുപോകും. ബാക്കി 75 ശതമാനം സാധാരണ വസ്ത്രങ്ങളും. കോവിഡിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് കച്ചവടം പഴയ രീതിയിലേക്ക് ഉയര്‍ന്നത്. കലങ്കാരിയും കുങ്കുമപ്പൂവും ജിമിക്കി കമ്മലും പാലക്ക ഡിസൈനും എല്ലാം മുന്‍വര്‍ഷങ്ങളില്‍ വിപണി കീഴടക്കി.
ഈ വര്‍ഷവും മികച്ച വിൽപനയാണ് പ്രതീക്ഷിക്കുന്നതെന്ന് തനത് ഭാഷയില്‍ പറയുമ്പോള്‍ ആത്മവിശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും വെളിച്ചം അവരുടെ കണ്ണുകളിൽ തിളങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.