കടലിരമ്പത്തിൽ കിടക്കപ്പൊറുതി കിട്ടാത്ത വരൻ! വരെൻറ വരവിനു കാതോർത്ത് വഴിക്കണ്ണുമായി കാത്തിരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വധു. അറുപത്തിയഞ്ചിലും മധുവിധു ആഘോഷിക്കുന്ന ആ ദമ്പതികളുടെ ജീവിത രസതന്ത്രവും മനപ്പൊരുത്തവും എന്നെ വിസ്മയിപ്പിച്ചു. എന്ത് മനോഹരമായിരിക്കും അവരുടെ ഇടക്കിടെയുള്ള വേർപാടിെൻറ വേപഥുവും പുനഃസമാഗമത്തിെൻറ ആഹ്ളാദവും ആനന്ദാതിരേകവുമെന്ന് ഞാൻ വെറുതേ ഓർത്തു....
ദീർഘനേരത്തെ സായാഹ്‌ന സവാരി മക്തൂം പാലത്തിനു താഴെയുള്ള ദേര വാർഫേജിൽ അവസാനിപ്പിച്ച്, ക്രീക്ക് ഓരം വഴി നാസർ സ്‌ക്വയറിലെ താമസസ്ഥലത്തേക്ക് തിരിക്കുമ്പോഴാണ് കൂട്ടിന് ദർവേഷ് മജീദിയെ കിട്ടിയത്. 65 പിന്നിട്ട കരുത്തനായ ആജാനുബാഹുവാണ് മജീദി. ഇറാനിലെ അബദാൻ സ്വദേശി. സലാ൦ പറഞ്ഞ് സംസാരം തുടങ്ങിയപ്പോൾ ആള് എന്നെപോലെ തന്നെ സംസാരപ്രിയനാണെന്നു തോന്നി. സമാധാനമായി.
അബദാൻ സ്വദേശിയാണ് മജീദിയെന്നറിഞ്ഞപ്പോൾ എൻ്റെ സന്തോഷം ഇരട്ടിച്ചു. ഇറാനിലാണെങ്കിലും ഇറാഖിനോട് അതിരുപങ്കിടുന്ന പ്രവിശ്യകളിലൊന്നാണ് അബദാൻ. ഭാഷ അറബിയാണ്, പേർഷ്യനല്ല. അത്ര സ്ഫുടമായും സുന്ദരമായും അറബി ഭാഷ സംസാരിക്കുന്ന മറ്റൊരു നാട്ടുകാരേയും എനിക്കിതുവരെ കാണാനായിട്ടില്ല. ഏത് കൂലിത്തൊഴിലാളി സംസാരിക്കുമ്പോഴും അനർഗളമായി അതീവ സുന്ദരമായ അറബി ഭാഷ ഒഴുകി വരും, അയാൾ അബദാനിയാണെങ്കിൽ! അബദാനെക്കുറിച്ച് വിശദമായി മറ്റൊരിക്കൽ എഴുതാം. നമുക്കിപ്പോൾ മജീദിയോടൊത്ത് സഞ്ചരിച്ചു നോക്കാം.
ലക്ഷ്യസ്ഥാനം എത്തുന്നത് വരെ എെൻറ കത്തി സഹിക്കാൻ ഒരാളെ കൂടെ കിട്ടിയല്ലോ എന്ന് ഞാൻ ഉള്ളാലെ സന്തോഷിച്ചു. മജീദിയും അത്ര തന്നെ സന്തോഷിച്ചിരിക്കണമെന്ന് ചന്ദ്രനുദിച്ച അയാളുടെ വട്ട മുഖം വ്യക്തമാക്കി. കൈകാലുകൾക്ക് കരുത്ത് വെച്ച് തുടങ്ങിയ കാലത്തേ കടലിനോട് മല്ലിടുകയായിരുന്നത്രെ മജീദി. ചരക്കുബോട്ടിൽ ചുമട്ടു തൊഴിലാളിയായി തുടങ്ങിയ തൊഴിൽ പിന്നീട് ചുക്കാൻ ഏന്തുന്നവനായി പിരിയുന്നതുവരെ തുടർന്നു. അക്കാലയളവിൽ ഒരുപാട് സമ്പാദിച്ചു. വീടും കൃഷിയിടവും ഇതര വരുമാന മാർഗങ്ങളുമൊക്കെയുണ്ടാക്കി. ഇപ്പോൾ ജോലി ചെയ്യുന്നില്ല.
പിന്നെ നിങ്ങളെന്തിനാണ് ഈ വയസുകാലത്ത് വീണ്ടും ചരക്കുബോട്ടിൽ ജോലിക്കു വന്നത് എന്നായി എെൻറ ചോദ്യം.
'ഞാൻ ജോലിക്കു വന്നതതല്ല. ചുമ്മാ കറങ്ങാൻ വന്നതാ. നിനക്കത് മനസ്സിലാകുമോ എന്നറിയില്ല' - മജീദി എന്നെ സൂക്ഷിച്ചു നോക്കി. അവൻറെ കണ്ണിൽ ഞാനൊരു പരിഷ്കാരിയാണ്. ലോകത്തിൻറെ നോവും നൊമ്പരങ്ങളുമറിയാത്ത ന്യൂജെൻ പരിഷ്കാരി!. ദുരിതത്തിൻറെ കടൽ നീന്തിയ, ഇന്നും നീന്തിക്കൊണ്ടിരിക്കുന്ന ഒരു ഗ്രാമീണനാണ് ഞാൻ എന്ന് മജീദിക്ക് അറിയാൻ വഴിയില്ലല്ലോ...
'ഓർമവെച്ച കാലം മുതലേ കടലിരമ്പം കേട്ടാണ് ഞങ്ങൾ വളരുന്നത്. കടൽ തന്നെയാണ് ഞങ്ങൾക്ക് ജീവിതം. ജീവിതം തന്നെയാണ് ഞങ്ങൾക്ക് കടൽ' മജീദി തത്വജ്ഞാനിയായി.
''കുട്ടിക്കാലം മുതലേ ചരക്കുബോട്ടുകളിലാണ് എൻറെ ജോലി. എേൻറതു മാത്രമല്ല! അബദാനിലെ എല്ലാ ആൺ പ്രജകളുടേയും ജോലി അതു തന്നെ. അതിൻറെ രാഷ്ട്രീയം നിനക്കു വിശദീകരിച്ചു തരാൻ എനിക്കിപ്പോൾ നേരമില്ല. ജീവിതത്തിെൻറ മുക്കാൽ പങ്കും തിരകളോട് മല്ലിട്ടുകൊണ്ടാണ് ഞങ്ങൾ തുഴഞ്ഞു ജീവിക്കുന്നത്. ഇപ്പോൾ വിശ്രമജീവിതമാണെന്നാണ് വെപ്പ്. ഇരുന്നു തിന്നാനുള്ള വക ധാരാളം ഉണ്ട് താനും. പറഞ്ഞിട്ടെന്താ, ഇരമ്പിയാർക്കുന്ന തിരമാലകൾ തീരത്തെത്തി പാട്ടുപാടി വിളിച്ചുകൊണ്ടേയിരിക്കും, പങ്കായവുമായി കൂടെ ചെല്ലാൻ. പിന്നെ കിടക്കപ്പൊറുതി കിട്ടില്ല. എങ്ങനെയെങ്കിലും അടുത്ത ദിവസം പുറപ്പെടുന്ന ചരക്കു ബോട്ടിൽ കയറി ഞാൻ യാത്ര തിരിക്കും. ജോലിക്കല്ല. വെറും വെറുതെ. എങ്ങോട്ടേക്ക് എന്നത് എന്നെ അലട്ടാറില്ല. എനിക്ക് കടലിൽ പോയേ തീരൂ. ആ കടലിരമ്പത്തിൽ ആടിയുലയുന്ന ബോട്ടിെൻറ ചുക്കാൻ പിടിച്ചാലേ എെൻറ തൃഷ്ണ വറ്റൂ. എന്ത് ചെയ്യാം. കടൽ എെൻറ രക്തത്തിൽ അലിഞ്ഞുപോയിരിക്കുന്നു" -ഉല്ലാസ നൗകകൾ തലങ്ങും വിലങ്ങും ചമഞ്ഞൊരുങ്ങി ആറാടിക്കൊണ്ടിരിക്കുന്ന ദുബായ് ക്രീക്കിനെ അരുമയോടെ നോക്കിക്കൊണ്ട് മജീദി പറഞ്ഞു നിർത്തി.
ചുക്കാൻ ഏന്താൻ നൗകകൾ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നിയിരിക്കണം അപ്പോൾ.! മജീദി വന്നൊന്ന് ചുക്കാൻ പിടിച്ചിരുന്നെങ്കിൽ എന്ന് ആ ഉല്ലാസ ബോട്ടുകൾക്കും തോന്നിക്കാണണം!
"അത് നിങ്ങളുടെ സ്വാർത്ഥതകൊണ്ടല്ലേ, മജീദീ? നിങ്ങളെ ഈ കാലമത്രയും കാത്തുനിന്ന ഭാര്യക്ക് വേണ്ടിയെങ്കിലും ഇനിയുള്ള കാലം നിങ്ങൾക്കു അവരുടെ കൂടെ കഴിയരുതോ" എന്നായി ഞാൻ.
"അതും ഒരു രസമുള്ള കഥയാണ്" മജീദി മന്ദഹാസത്തോടെ തുടർന്നു: ''അവൾക്കും ഞാൻ നാട്ടിൽ കൂടുതൽ നിൽക്കുന്നത് ഇഷ്ടമല്ല. വർഷം നാൽപതു കഴിഞ്ഞു അവളെ മിന്നുകെട്ടിയിട്ട്. കല്യാണം കഴിഞ്ഞ കാലം മുതലേ രണ്ടുമാസം കടലിലും ഒരുമാസം കരയിലും എന്നതാണ് എെൻറ ശീലം. ആ ശീലം തെറ്റിക്കാൻ അവൾക്കുമില്ല താല്പര്യം. കൂടുതൽ നിന്നാൽ ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞ് തെറ്റും. കലഹിക്കും. രണ്ടുമാസം കടലിൽ കറങ്ങി മൂന്നാം മാസം കൈനിറയെ സമ്മാനങ്ങളുമായി കയറിച്ചെല്ലുന്ന മണവാളനായി എന്നെ കാണാനാണ് അവൾക്കു ഇപ്പോഴും ഇഷ്ടം. പട്ടും പൊന്നും പലതരം തീൻപണ്ടങ്ങളും വാസനതൈലങ്ങളും സുഗന്ധലേപനങ്ങളുമായി കയറിച്ചെല്ലുന്ന എന്നെ വരവേൽക്കാൻ അവൾ അന്നും ഇന്നും ഉടുത്തൊരുങ്ങി നിൽക്കും. മക്കൾ വലുതായി വെവ്വേറെ വീടെടുത്ത് താമസമാക്കി. എങ്കിലും ചമഞ്ഞൊരുങ്ങി മണവാട്ടിയെ പോലെ എന്നെ കാത്തിരിക്കുന്നതിലാണ് ഇന്നും അവൾക്കു ആഹ്ലാദം'' മജീദിയുടെ മുഖത്ത് പതിനാലാം രാവ്!
കടവിനരികിലെത്തിയപ്പോൾ ഞാൻ താമസ സ്ഥലത്തേക്ക് തിരിച്ചു. സലാ൦ പറഞ്ഞ് ആശ്ലേഷിച്ച് എന്നെ യാത്രയാക്കിയ മജീദി നേരെ പോയത് ഗോൾഡ് സൂഖിലേക്കാണ്. എനിക്കുറപ്പാണ്, തെൻറ പ്രിയതമക്ക് പുതിയ കാർണികളും മാലകളും വളകളും തൊട്ടടുത്ത ജവുളിക്കടയിൽനിന്നു പട്ടുപുടവയും അത്തറുകടയിൽനിന്നു ബുഖൂറു൦ ജന്നാത്തുൽ ഫിർദൗസും കുന്തിരിക്കവും വാങ്ങാനാണ് മജീദിയുടെ ആ പോക്കെന്ന്!!
ഞാനവർക്ക് മനസ്സാലെ മംഗളാശംസകൾ നേർന്നു. അവരുടെ മണിയറയിൽ വീണ്ടും മണിവിളക്കു കത്തുന്നത് മനസ്സിൽ കണ്ടു. ഇനിയും ഒരുപാട് വസന്തങ്ങൾ ജീവിതത്തിൽ വന്നണയട്ടെ എന്ന് ഞാൻ അവർക്കുവേണ്ടി പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.