പുറത്ത് കാലന്‍കുടയും തൂക്കി നടന്നെത്തുന്ന പോസ്റ്റ്മാനെയും കാത്ത് കണ്ണുംനട്ടിരിക്കുന്ന മണവാട്ടിമാര്‍, മറുപടിക്കത്ത് ലഭിക്കാന്‍ ജോലിയും കഴിഞ്ഞ് കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന പ്രവാസികള്‍... സോഷ്യല്‍ മീഡിയയുടെ കടന്നുവരവിനുമുമ്പ് ഇങ്ങനെയൊരു കാലം കൂടി പ്രവാസികളുടെ ഇടനെഞ്ചിലൂടെ കടന്നുപോയത് മധുരിക്കുന്ന ഓര്‍മയായി തുടരുന്നു. ഈ ഓർമകളിലേക്കുള്ള തിരിച്ചുപോക്കാണ് മലപ്പുറം ശാന്തപുരം മുള്ള്യാകുർശ്ശി സ്വദേശി ബാബു നവാസിെൻറയും വടക്കേമണ്ണ സ്വദേശി ഫസല്‍ ഇലാഹിയുടെയും മുറിയിലെത്തിയാൽ കാണാനാവുക.
ബാബു നവാസ് ഭാര്യ അരിപ്ര സ്വദേശിനി ഐശാബി അയച്ച നൂറുകണക്കിന് കത്തുകളാണ് സൂക്ഷിക്കുന്നത്. ഫസല്‍ ഇലാഹി പ്രിയതമ പൂകോട്ടൂര്‍ സ്വദേശിനി ബഹജക്ക് അയച്ച കത്തുകള്‍ പുസ്തകമായി ബൈന്‍ഡ് ചെയ്താണ് സൂക്ഷിക്കുന്നത്. 2003ല്‍ വിവാഹിതരായ ഇരുവരും അന്നുമുതല്‍ 2007വരെ എഴുതിയ കത്തുകളാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസിയുടെ ഏറ്റവും വലിയ ദൗത്യമായിരുന്നു കൊണ്ടുവന്ന എഴുത്തുകള്‍ അവകാശികളുടെ കരങ്ങളിലെത്തിക്കുക എന്നത്.
കണ്ണുംനട്ടിരിക്കുന്നവരുടെ അരികിലേക്ക് കത്തുമായി നടന്നടുക്കുമ്പോള്‍ അവരുടെ മുഖങ്ങളില്‍ നിന്നറിയാം കാത്തിരിപ്പിെൻറ ഹൃദയമിടിപ്പുകള്‍. ഇ-മെയിലും ഫേസ്ബുക്കും വാട്സ് ആപ്പും മറ്റു സമൂഹ മാധ്യമങ്ങളും എത്ര ഉന്നതിയിലെത്തിയാലും നിമിഷങ്ങള്‍ ഇഴകീറി വിവരങ്ങള്‍ കൈമാറിയാല്‍ പോലും കത്തിലെ വരികള്‍ അയവിറക്കി നെടുവീര്‍പ്പിട്ട സംതൃപ്തി നല്കാന് കഴിയില്ല.
പഴയകാലത്തെ എഴുത്തുപെട്ടികള്‍ ഇന്നും മധുരിക്കുന്ന ഓര്‍മകളായി സൂക്ഷിക്കുന്നവര്‍ പ്രവാസ ലോകത്തുണ്ട്. വര്‍ഷങ്ങളോളം പ്രിയതമക്ക് കൈമാറിയ ഹൃദയത്തുടിപ്പുകള്‍ ഈ വരികള്‍ക്കിടയിലൂടെ കണ്ണോടിക്കുമ്പോള്‍ അനുഭവിച്ചറിയാന്‍ കഴിയുന്നു എന്നതാണ് കത്തുകളെ അമൂല്യമായി സൂക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. 1999ല്‍ നാട്ടിലെ സാമൂഹിക പ്രവര്‍ത്തകനായ മമ്മുണ്ണി മൗലവിയുടെ ശ്രമഫലമായി ഗൾഫിലെത്തിയ 13 അംഗ സംഘത്തിനൊപ്പമായിരുന്നു ബാബു നവാസും ഫസൽ ഇലാഹിയും പ്രവാസം തുടങ്ങിയത്. ഇവരിൽ പലരും പല വഴിക്കായെങ്കിലും ബാബു നവാസും ഫസലും ഇപ്പോഴും ഒരുമിച്ചാണ് താമസം.
ആഴ്ചയില്‍ ഒരു കത്ത് നിര്‍ബന്ധമായും അന്ന് നാട്ടിലേക്കയക്കുമായിരുന്നെന്നു ഇവര്‍ അനുസ്മരിക്കുന്നു. നാട്ടില്‍ നിന്നെത്തിയ 13 അംഗ സംഘം ഒന്നായി ചേര്‍ന്ന് ഷാര്‍ജയില്‍ സ്വന്തമായെടുത്ത 4905 നമ്പര്‍ പോസ്റ്റ് ബോക്സിന് വിരഹത്തിെൻറ തുടിപ്പുകള്‍ ഏറെ പറയാനുണ്ട്. ജോലി കഴിഞ്ഞ് ഷാര്‍ജ റോളയില്‍ പോസ്റ്റ് ബോക്സ് തുറക്കാന്‍ വ്യഗ്രതയോടെ ടാക്സിയില്‍ പോകുന്നതും കത്ത് വന്നവര്‍ ടാക്സിയുടെ വാടക പരസ്പരം വീതം വെക്കുന്നതും അന്നത്തെ 700 ദിര്‍ഹം ശമ്പളക്കാര്‍ക്ക് മറക്കാന്‍ കഴിയാത്ത ഓര്‍മകള്‍ ഇന്നും ഇടനെഞ്ചില്‍ സൂക്ഷിക്കുന്നു.
അക്കാലത്തെ ഓരോ പ്രവാസിക്കും ഇതിലും വലിയ അനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും പുതുതലമുറക്ക് ഒരു ചൂണ്ടു പലകയായാണ് ഇവര്‍ കത്തുകള്‍ സൂക്ഷിക്കുന്നത്. ഇന്ന് നാട്ടില്‍ മഴ പെയ്യുന്നതിെൻറ വിഡിയോ തത്സമയം സമൂഹ മാധ്യമങ്ങള്‍ വഴി ലഭിക്കുന്നുണ്ടെങ്കിലും അന്ന് വരികള്‍ക്കിടയിലൂടെ പങ്കുവെച്ചിരുന്നത് ഹൃദയത്തില്‍ തട്ടുന്ന അനുഭവങ്ങളും അനുഭൂതികളുമാണ്. പുതിയ കാലത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വീണ്ടും തങ്ങളുടെ പ്രിയതമമാര്ക്ക് എഴുത്തുകള്‍ എഴുതിയാലോ എന്ന ആലോചനയിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.