'ഹൃദയംനിറയെ സ്വപ്നവുമായി' മുണ്ടിയെരുമയിലെ വാടകവീട്ടിലിരുന്ന് പാടുകയാണ് ഭിന്നശേഷിക്കാരനായ ഈ യുവാവ്. മനസ്സുനിറയെ സംഗീതമാണ് അതിലേറെ ജീവിത സ്വപ്നങ്ങളും. 'പാടാൻ ധാരാളം അവസരങ്ങളും വേദികളും ഉണ്ടാകണം. വയോധികയായ അമ്മയെ പൊന്നുപോലെ നോക്കാൻ വരുമാനമാർഗം കണ്ടെത്തണം. ഒപ്പം ഒരു കൊച്ചു വീട് പണിയണം'. സംഗീതം നല്ലൊരു ജീവിതം നൽകുമെന്ന പ്രതീക്ഷയിലാണ് മുണ്ടിയെരുമ പുതിയേടത്ത് പുത്തൻ വീട്ടിൽ ഗിരീഷ്. ചെറുപ്പ കാലത്ത് ഉണ്ടായ കുടുംബപ്രശ്നങ്ങളാണ് ഗിരീഷിെൻറ ജീവിതം മാറ്റിമറിച്ചത്.
അഞ്ചാംവയസ്സിൽ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. നിരവധി പ്രതിസന്ധികൾ ഇതേതുടർന്ന് കുടുംബത്തിന് നേരിടേണ്ടിവന്നു. പാഠഭാഗങ്ങൾ ഓർത്തുവെക്കാൻ ഗിരീഷിന് സാധിക്കുമായിരുന്നില്ല. ഇക്കാരണത്താൽ പഠനത്തിൽ ശോഭിക്കാനായില്ല. കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിച്ചിരുന്ന അധ്യാപകരാണ് ഗിരീഷിലെ പാട്ടുകാരനെ കണ്ടെത്തിയത്.
നെടുങ്കണ്ടം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഗിരീഷിന് പാടാൻ അവസരം ലഭിക്കാറുണ്ട്. ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന പരിപാടികളിൽ പ്രത്യേക ക്ഷണിതാവായിരിക്കും. സംഗീതം തനിക്ക് അവസരങ്ങൾ നൽകുമെന്ന് ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
വയോധികയായ മാതാവ് തൊഴിലുറപ്പ് ജോലിക്ക് പോകുന്നതാണ് കുടുംബത്തിെൻറ ഏകവരുമാനം. തുശ്ചമായ വരുമാനത്തിൽനിന്ന് വാടകനൽകണം. ഒപ്പം കുടുംബ ചെലവും മരുന്നും വാങ്ങണം. കഴിഞ്ഞ 20 വർഷത്തോളമായി വാടകവീടുകളിലാണ് ഗിരീഷും മാതാവ് ലതികയും കഴിയുന്നത്. നിരവധി തവണ, പഞ്ചായത്തിൽ വീടിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല.
രാമക്കൽമേട് ബാലൻപിള്ള സിറ്റിക്ക് സമീപം അൽപം ഭൂമി ഇവർക്കുണ്ടെങ്കിലും ഇത് വീട് നിർമിക്കുന്നതിന് അനുയോജ്യമല്ല. വഴിയോ വെള്ള സൗകര്യമോ ഇവിടില്ല. പാടാൻ അവസരങ്ങൾ ലഭിച്ചാൽ സ്വന്തമായൊരു വീടെന്ന സ്വപ്നം സാധ്യമാകുമെന്നാണ് ഗിരീഷിെൻറ പ്രതീക്ഷ. വയോധികയായ അമ്മയെ ജോലിക്ക് അയക്കാതെ പരിചരിക്കാനാവശ്യമായ വരുമാനം പാട്ട് നൽകുമെന്ന് യുവാവ് കരുതുന്നു.
പാട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മികച്ച പിന്തുണയുമായി സുഹൃത്തുക്കൾ ഒപ്പമുണ്ട്. അവസരങ്ങൾ തന്നെ തേടിയെത്തുമെന്ന് ശുഭാപ്തി വിശ്വാസത്തിലാണ് ഗിരീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.