കണ്ണുകെട്ടി അത്ഭുതങ്ങൾ കാണിക്കുന്ന മജീഷ്യൻമാരെ പോലെയാണ് എ. മനീഷ്. കണ്ണുനിറയെ ഇരുട്ടാണെങ്കിലും മനീഷിന്റെ ബാറ്റിൽ നിന്ന് പറന്നുയരുന്ന ബൗണ്ടറികൾക്ക് മാജിക്കിന്റെ സൗന്ദര്യമാണ്. ഉരുണ്ടു വരുന്ന പന്തിനെ വട്ടം പിടിച്ച ചെവിയുടെ ഉൾകാഴ്ചയിൽ ലോങ് ഓഫിലേക്കും സ്ക്വയർ ലെഗിലേക്കുമെല്ലാം അടിച്ചുപറത്തുകയാണ് മനീഷ്. ഷാർജ സ്കൈലൈൻ അക്കാദമി ഗ്രൗണ്ടിൽ ഇന്നലെ സമാപിച്ച ത്രിരാഷ്ട്ര ൈബ്ലൻഡ് ക്രിക്കറ്റിലെ ഏക മലയാളി സാന്നിധ്യമാണ് ഈ വർക്കലക്കാരൻ. ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടിയ ടൂർണമെന്റിൽ ശ്രദ്ദേയ പ്രകടനം കാഴ്ചവെച്ച മനീഷ് പതിറ്റാണ്ടായി ഇന്ത്യൻ ടീമിലെ സാന്നിധ്യമാണ്.
മൂന്നാം വയസിലെ ദുരന്തം
മൂന്ന് വയസ് വരെ നിറമുള്ള കാഴ്ചകളുടെ ലോകത്തായിരുന്നു വർക്കല ചാരുവിള പുത്തൻവീട്ടിൽ ആനന്ദന്റെയും സരോജിനിയുടെയും മകൻ മനീഷ്. മുട്ടമ്പലം കോളനിയിലെ തീപിടിത്തമാണ് മനീഷിന്റെ കണ്ണിലും ജീവിതത്തിലും ഇരുട്ടുപടർത്തിയത്. ഓലക്കുടിൽ കത്തുന്നത് കണ്ടുനിന്ന മനീഷിന്റെ കാഴ്ചയെ ചൂട് കവരുകയായിരുന്നു. കനത്ത ചൂടേറ്റ് കണ്ണിന്റെ ആവരണങ്ങൾ പഴുത്ത മനീഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വർക്കല അന്ധവിദ്യാലയത്തിലായിരുന്നു പിന്നീട് ജീവിതം. ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പഠിച്ചതും അവിടെനിന്നാണ്. ഗ്ലോറിയ വിഷൻ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള കേരള ൈബ്ലൻഡ് ടീമിലും അതുവഴി ഇന്ത്യൻ ടീമിലും മനീഷ് എത്തി. ട്വന്റി-20 ലോകകപ്പിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ കിരീടമുയർത്തിയപ്പോൾ നിർണായക സാന്നിധ്യമായി മനീഷുമുണ്ടായിരുന്നു. ലോകകപ്പുയർത്തിയ ടീമിലുണ്ടായിട്ടും ദുരിതവും ദാരിദ്ര്യവും വിട്ടുമാറിയിട്ടില്ല.
2014ൽ കേരള സർക്കാർ ജോലി നൽകിയതോടെയാണ് മനീഷിന്റെ ദുരിതത്തിന് അൽപമെങ്കിലും അറുതിയായത്. അതുവരെ, തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് അമ്മ സമ്പാദിച്ചുകൊണ്ടുവരുന്നതായിരുന്നു മനീഷിലെ ക്രിക്കറ്ററെ വളർത്തിയത്. നിലവിൽ റവന്യൂ ഡിപാർട്ട്മെന്റ് ജീവനക്കാരനാണ് ഈ 34കാരൻ. ആദ്യമായാണ് ഇന്ത്യയിൽ ഒരു ൈബ്ലൻഡ് ക്രിക്കറ്റർക്ക് സർക്കാർ ജോലി കിട്ടിയത്. പിന്നീട് പലർക്കും ഈ ഭാഗ്യം ലഭിച്ചു. ബാറ്റിങ്ങാണ് മനീഷിന്റെ കരുത്ത്. ഇതിലുപരി, ഒന്നാന്തരം ഫീൽഡറുമാണ്. മനീഷിന്റെ നായകത്വത്തിൽ കേരളം കിരീടങ്ങൾ കൊയ്തെടുത്തു. നിലവിൽ കേരള നായകനാണ്. കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയതിന്റെ റെക്കോഡ് മനീഷിനുണ്ട്. ഇന്ത്യൻ ടീമിലെ തന്നെ ഏറ്റവും സീനിയർ താരമാണ്.
ൈബ്ലന്ഡ് ക്രിക്കറ്റ് വളർച്ചയുടെ പാതയിൽ
ക്രിക്കറ്റ് അസോസിയേഷൻ ഫോർ ൈബ്ലൻഡ് ഇൻ ഇന്ത്യയുടെ നേതൃത്വത്തിലാണ് ഷാർജയിൽ ക്രിക്കറ്റ് ടൂർണമെന്റ് നടന്നത്. അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റും കോഴിക്കോട് സ്വദേശിയുമായ രജനീഷ് ഹെൻറിയാണ് ഇതിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനി. കാഴ്ചവൈകല്യമുള്ളവരുടെ ക്രിക്കറ്റിൽ കളിച്ചുകയറി വന്നയാളാണ് ഹെൻറി. അഞ്ചാം വയസിൽ കാഴ്ച പൂർണമായി നഷ്ടമായി. ൈബ്ലൻഡ് ക്രിക്കറ്റിലെ രാഹുൽ ദ്രാവിഡ് എന്ന വിളിപ്പേരുമുണ്ട് ഹെൻറിക്ക്.
അസോസിയേഷന് കീഴിൽ വളർച്ചയുടെ പാതയിലാണ് ൈബ്ലൻഡ് ക്രിക്കറ്റ്. നിലവിൽ 24 സ്റ്റേറ്റ് അസോസിയേഷനുകളുണ്ട്. മൂന്ന് വർഷമായി രഞ്ജി ട്രോഫിയുടെ മാതൃകയിൽ ഈ ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റ് നടക്കുന്നു. കാഴ്ചവൈകല്യമുള്ള 25,000 കുട്ടികൾ ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്നുണ്ട്. യു.എ.ഇയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് പോലുള്ളവ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. ഇതിന് ബിസിനസ് സമൂഹത്തിന്റെ ഉൾപെടെ പിന്തുണവേണം. യു.എ.ഇ ടീം രൂപവത്കരിക്കാനുള്ള ആലോചനയും സംഘാടകർക്കുണ്ട്. ഇതിനായി ചർച്ചകൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.