മലപ്പുറം: പ്ലസ് ടു പൂർത്തിയാക്കി നഴ്സാകണമെന്നായിരുന്നു ആര്യനന്ദയുടെ ആഗ്രഹം. എന്നാൽ, കുടുംബം ദുരിതജീവിതം തള്ളിനീക്കവെ തന്റെ ആഗ്രഹത്തിലേക്ക് വലിയ ദൂരമുണ്ടെന്ന് അവൾ തിരിച്ചറിയുന്നു. നാലു വർഷമായി അച്ഛൻ കിടപ്പിലാണ്. ആരുടെയൊക്കെയോ സഹായത്താൽ ജീവിതം മുന്നോട്ടുപോകുമ്പോൾ തുടർപഠന മോഹങ്ങൾ നോവായി ഉള്ളിലൊതുക്കുകയാണ് ഈ പെൺകുട്ടി.
അപ്രതീക്ഷിതമായാണ് ആര്യനന്ദയുടെ കുടുംബം ദുരിതക്കയത്തിലേക്ക് വീണത്. 2020 ആഗസ്റ്റ് 10ന് എം.എസ്.പിയിലെ താൽക്കാലിക പാചകജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ താമരക്കുഴിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് അച്ഛൻ ഉമ്മത്തൂർ കണ്ണഞ്ചേരി വീട്ടിൽ സുരേഷ് ബാബു വലിയ താഴ്ചയിലേക്ക് പതിച്ചു. നട്ടെല്ലിന് ഗുരുതര ക്ഷതം സംഭവിച്ച് ഇദ്ദേഹം കിടപ്പിലായിട്ട് നാലു വർഷമായി.
ഭാര്യ സിന്ധുവിനും മൂന്നു മക്കളോടുമൊപ്പം മൂന്ന് സെന്റിലെ വീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് സുരേഷ് ബാബു. 20കാരനായ മൂത്തമകൻ യദു വിദേശത്ത് ജോലിക്ക് ശ്രമിച്ചെങ്കിലും ശരിയായില്ല. പടിഞ്ഞാറ്റുമുറിയിലെ പൊലീസ് ക്യാമ്പിൽ താൽക്കാലിക ശുചീകരണ ജോലി ചെയ്യുകയാണിപ്പോൾ. ഇളയ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഭർത്താവ് കിടപ്പിലായതോടെ സിന്ധുവിന് ഒരു ജോലിക്കും പോകാനാകാത്ത സ്ഥിതിയായി.
ഇ.എം.എസ് ഭവനപദ്ധതിയിലും നാട്ടിലെ സന്നദ്ധപ്രവർത്തകരുടെ സഹായത്താലുമാണ് താമസിക്കാൻ ഒരു വീടെങ്കിലും ഒരുങ്ങിയത്. മരുന്നും ചികിത്സയും വീട്ടിലെ മറ്റു ചെലവുകളുമെല്ലാമായി കുടുംബം വലിയ പ്രയാസത്തിലാണ്. പാലിയേറ്റിവ് കെയറും നാട്ടുകാരുടെ സഹായവുമാണ് ആശ്രയം. മകൾക്ക് നഴ്സിങ്ങിന് പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അതിനുള്ള സാഹചര്യമല്ല വീട്ടിലുള്ളതെന്നും സുരേഷ് ബാബുവും സിന്ധുവും സങ്കടത്തോടെ പറയുന്നു.
പ്രത്യേക സാഹചര്യത്തിൽ സർക്കാർ നഴ്സിങ് മേഖലയിൽ അപേക്ഷ നൽകാൻ കഴിയാതിരുന്ന ആര്യനന്ദ സ്വകാര്യ നഴ്സിങ് കോളജിൽ പഠനത്തിന് ആരെങ്കിലും പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.