ചേർത്തല: പാചകവാതകത്തിന് അടിക്കടി വില ഉയരുന്നതു കാണുമ്പോൾ വീട്ടമ്മമാരുടെ നെഞ്ച് പിടക്കും. എന്നാൽ, തണ്ണീർമുക്കത്തെ വീട്ടമ്മ പ്രീതി ജയറാമിന് അതിൽ ആശങ്കയില്ല. ജൈവ രീതിയിലുള്ള നിലക്കാത്ത പാചകവാതകം വീട്ടുമുറ്റത്ത് സുലഭമായതുതന്നെ കാരണം.
അയൽക്കാരൻ കൂടിയായ എം.ബി.എക്കാരൻ തണ്ണീർമുക്കം സുദർശനയിൽ ജി. അനുരൂപാണ് പ്രീതിയുടെ സന്തോഷത്തിന് പിന്നിൽ. അനുരൂപിന്‍റെ സാങ്കേതികവിദ്യയിൽ കായലുകളിലും തോടുകളിലും കാണുന്ന കുളവാഴയിൽനിന്ന് പാചക വാതകം പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചത് പ്രീതിയുടെ പുരയിടത്തിലാണ്.
2021ൽ വിദേശത്ത് ജോലിചെയ്യുന്ന സമയത്ത് മുഹമ്മ കണ്ണങ്കരയിൽ കരിയിൽ കനകനിവാസിൽ ജയറാമിന്റെ ഭാര്യ പ്രീതിയുടെ അടുക്കളയിലേക്ക് ആവശ്യമായ ഗ്യാസ് ഉൽപാദിപ്പിക്കാൻ ടാങ്ക് നിർമിച്ചത് അനുരൂപിനും വഴിത്തിരിവായി. പ്രീതയുടെ വീടിന് സമീപത്തെ തോട്ടിൽനിന്ന് പോളയെടുത്ത് ചാണകവും പച്ചക്കറി അവശിഷ്ടവും ടാങ്കിൽ നിറച്ചാണ് അനുരൂപ് ആദ്യ പരീക്ഷണം നടത്തിയത്. അടുക്കളയിലേക്ക് പാചകത്തിനുള്ള ഗ്യാസ് വന്നതോടെ പ്രീതിക്ക് പ്രതീക്ഷയേറി.
ടാങ്കിൽ മുക്കാൽ ഭാഗത്തോളം ചാണകം കലക്കി അരിച്ച് വെള്ളവും ചേർത്ത് അഞ്ച് ദിവസത്തോളം അടച്ചുവെക്കണം. ഗ്യാസ് വന്നുതുടങ്ങിയാൽ പച്ചക്കറി അവശിഷ്ടങ്ങളും അരിയും മത്സ്യങ്ങളും മറ്റും കഴുകുന്ന വെള്ളവും ടാങ്കിൽ നിറക്കുന്നതോടെ സാധാരണ ഗ്യാസ് അടുപ്പുപോലെ കത്തിക്കാവുന്ന ഉയർന്ന രീതിയിലുള്ള തീനാളത്തിൽ പാചകം ചെയ്യാം.
ഒരുമാസത്തിൽ ഒരു ഗ്യാസ് കുറ്റി ഉപയോഗിച്ചിരുന്ന അഞ്ചംഗങ്ങൾ അടങ്ങിയ പ്രീതിയുടെ കുടുംബത്തിന് പുറത്തുനിന്ന് ഇപ്പോൾ ഗ്യാസ് വാങ്ങേണ്ടിവരുന്നില്ല. പരീക്ഷണം വിജയിച്ചതോടെ വലിയ ബിസിനസ് മേഖലയാക്കുകയായിരുന്നു ഈ എം.ബി.എക്കാരൻ. ' തീജ്വാല' എന്ന കമ്പനിയായി വളർന്നു. ഇതിനകം ആലപ്പുഴ മുതൽ കന്യാകുമാരി വരെ ഇരുന്നൂറോളം ടാങ്ക് നിർമിച്ച് നൽകി.10,000 മുതൽ 16,500 രൂപവരെ മുടക്കിയാൽ എവിടെയും വന്ന് അനുരൂപ് സെറ്റ് ചെയ്ത് കൊടുക്കുന്ന പ്ലാന്റിന് നവ മാധ്യമങ്ങളിലും തരംഗമായതോടെ പ്രിയമേറി. തുരുമ്പിൽനിന്ന് പോലും ഗ്യാസ് ഉൽപാദിപ്പിക്കാമെന്ന പരീക്ഷണത്തിലാണ് അനുരൂപ്. ആറന്മുള എസ്.ബി.ഐയിൽ മാനേജരായ ഭാര്യ വീണ ഡി. ഭട്ടും മക്കളായ അന്വത് എ. ഭക്തനും അശ്വത് എ. ഭക്തനും എപ്പോഴും അനുരൂപിന്‍റെ പരീക്ഷണങ്ങൾക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.