മിസ് ഇന്ത്യ യു.എസ്.എ-2022 പട്ടം ആര്യ അഭിജിത്ത് വൽവേക്കറിന്. ന്യൂജേഴ്സിയിൽ നടന്ന ഫാഷൻ മാമാങ്കത്തിലാണ് 18കാരിയായ ആര്യ കിരീടം ചൂടിയത്. വിർജീനിയ സർവകലാശാലയിലെ പാരാമെഡിക്കൽ വിദ്യാർഥിയായ സൗമ്യ ശർമയ രണ്ടാം സ്ഥാനവും ന്യൂജഴ്സിയിലെ സഞ്ജന ചെകുരി മൂന്നാം സ്ഥാനവും നേടി.
'അഭ്രപാളിയിൽ എന്നെ കാണുക എന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. ടെലിവിഷനിലും സിനിമയിലും സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നു' -വിജയത്തിളക്കത്തിൽ ആര്യ പ്രതികരിച്ചു.
വിർജീനിയയിലെ ബ്രയർ വുഡ്സ് ഹൈസ്കൂളിലെ മുൻ വിദ്യാർഥിയാണ് ആര്യ വൽവേക്കർ. കുട്ടികൾക്കായി കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കുന്ന യൂഫോറിയ ഡാൻസ് സ്റ്റുഡിയോയുടെ സ്ഥാപകയായ ആര്യ, ജനങ്ങളുടെ മാനസികാരോഗ്യത്തിനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
യോഗയെ ഏറെ ഇഷ്ടപ്പെടുന്ന ആര്യ, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും രുചികരമായ വിഭവങ്ങൾ പാകം ചെയ്ത് വിളമ്പാനും ആഗ്രഹിക്കുന്നു. ഇളയ സഹോദരിയോടൊപ്പം ഇടവേളകൾ ചെലവഴിക്കാനും ആര്യ സമയം കണ്ടെത്തുന്നു.
കഴിഞ്ഞ 40 വർഷമായി ഇന്ത്യക്ക് പുറത്ത് നടത്തി വരുന്ന ഏറ്റവും പഴക്കമേറിയ സൗന്ദര്യ മത്സരമാണ് മിസ് ഇന്ത്യ യു.എസ്.എ. ഇന്ത്യൻ-അമേരിക്കൻ വംശജരായ ധർമാത്മ, നീലം ശരൺ എന്നിവർ ചേർന്ന് തുടങ്ങിയതാണ് മിസ് ഇന്ത്യ യു.എസ്.എ.
30 സംസ്ഥാനങ്ങളിലായി 74 മത്സരാർഥികളാണ് മിസ് ഇന്ത്യ യു.എസ്.എ, മിസിസ് ഇന്ത്യ യു.എസ്.എ, മിസ് ടീൻ ഇന്ത്യ യു.എസ്.എ എന്നീ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. മൂന്ന് വിഭാഗങ്ങളിൽ വിജയിച്ചവർക്ക് അടുത്ത വർഷം മുംബൈയിൽ ആഗോള തലത്തിൽ നടക്കുന്ന സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.