എൽ.കെ.ജി മുതൽ എസ്.എസ്.എൽ.സി വരെ ഒരേ സ്കൂളിൽ ഒരുമിച്ച് പഠനവും ചങ്ങാത്തവും; പത്താം ക്ലാസ് കഴിഞ്ഞ് പലവഴി പിരിഞ്ഞെങ്കിലും സൗഹൃദത്തിെൻറ നിറക്കൂട്ട് മങ്ങാതെ സൂക്ഷിക്കാൻ ആ അഞ്ചു പെൺകുട്ടികൾക്ക് വിഷമമേതുമില്ലായിരുന്നു. ഒടുവിൽ സൗഹൃദത്തിന്റെ ആഴം അവരെ കൊണ്ടെത്തിച്ചത് സ്ത്രീകൾക്കു മാത്രമായി കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ തുടങ്ങിയ മഹിളാമാളിലെ ‘ഫാബുലസ്’ എന്ന ഫർണിഷിങ് കടയിൽ.
മീഞ്ചന്ത എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്.എസിൽ നഴ്സറി ക്ലാസിൽ ചേർന്നപ്പോഴേ ചങ്ങാത്തം തുടങ്ങിയ മാങ്കാവിലെ അശ്വതി രാജ്, ആഴ്ചവട്ടത്തെ സുഹാന ഹൈഡേക്കർ, പയ്യാനക്കൽ സ്വദേശി നിഷാനി കലന്തൻസ്, കണ്ണഞ്ചേരി സ്വദേശി ഫാത്തിമ ഫർഹാന, പറമ്പിൽ ബസാറിലെ ഷാസിയ അമീർ എന്നിവരാണ് മഹിളാമാളിലെ രണ്ടാംനിലയിൽ സൗഹൃദത്തിെൻറ നീണ്ട വർഷങ്ങൾ ആഘോഷിക്കുന്ന ‘ചങ്കുകൾ’.
1997ലാണ് ഇവർ പത്താംക്ലാസ് പൂർത്തിയാക്കിയത്. പിന്നീട് അഞ്ചുപേരും വ്യത്യസ്ത കോഴ്സുകൾ തേടിപ്പോയി. എങ്കിലും അടുപ്പത്തിന് കുറവൊന്നുമുണ്ടായില്ല. ലാൻഡ് ഫോണും ഇടക്കിടെയുള്ള കണ്ടുമുട്ടലുകളുമായിരുന്നു ആദ്യകാലത്ത് ബന്ധം നിലനിർത്തിയത്. മാസത്തിലൊരിക്കൽ കൂട്ടത്തിലൊരാളുടെ വീട്ടിലോ നഗരത്തിലെ ഏതെങ്കിലും മാളുകളിലോ ആ അഞ്ചുപേർ ഒന്നിച്ചു.
പുത്തൻ ആശയവിനിമയ സങ്കേതങ്ങൾക്കൊപ്പം ഒഴുകിനീങ്ങിയ അഞ്ചംഗ സൗഹൃദം ഒടുവിൽ ‘ഫാബുലസ്’ എന്ന വാട്സ്ആപ് ഗ്രൂപ്പിലെത്തി. അതിനിടയിലാണ് മഹിളാമാളിലേക്ക് വനിത സംരംഭകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്. എന്നാൽ ഒരു കൈ നോക്കിയാലോ എന്ന ആശയത്തിന് എല്ലാവരും ഗ്രൂപ്പിൽ തംസ്അപ് അടിച്ചു. ഉദ്ഘാടനത്തിന് ദിവസങ്ങൾക്കു മുമ്പാണ് ഇവർ മാളിലെത്തി എല്ലാ കാര്യങ്ങളും ഒരുക്കിയത്.
മുമ്പ് ഒരു വെഡിങ് സെൻററിൽ ജോലി ചെയ്തതിെൻറ പരിചയത്തിൽ അശ്വതിയാണ് കടയൊരുക്കാൻ മുന്നിൽ നിന്നത്. ഭർത്താക്കന്മാരുടെയും കുടുംബത്തിെൻറയും പിന്തുണയും ഈ യുവതികൾക്ക് ഊർജമേകുന്നു. നമുക്കിത് ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും ‘ബി പോസിറ്റിവ്’ എന്ന മന്ത്രമാണ് അവരെ നയിക്കുന്നത്.
ഈറോഡ്, സൂറത്ത് എന്നിവിടങ്ങളിൽ നേരിട്ടു പോയാണ് കടയിലേക്കുള്ള പുതപ്പ്, കിടക്കവിരി, കർട്ടൻ, കാർപറ്റ് തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നത്. സമയം ക്രമീകരിച്ച് കടയിൽ ആളു നിൽക്കും. ഒരുമിച്ചുണ്ടാവുമ്പോൾ ‘ചങ്ക് ഫ്രൻഡ്സ്’ ആയിരിക്കുകയും വേർപിരിഞ്ഞാൽ പതിയപ്പതിയെ ചങ്ങാത്തം ഉപേക്ഷിക്കുകയും ചെയ്യുന്നവർക്ക് കണ്ടുപഠിക്കാം ഈ ഫാബുലസ് ഫ്രൻഡ്സിനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.