photo: indiatoday.in

ഈ സാരിയുടുത്താല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കുമെന്ന്

ഭോപ്പാല്‍: കോവിഡ് കാലമായതോടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനിടയിലാണ് മധ്യപ്രദേശില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന അവകാശവാദവുമായി സാരികള്‍ വിപണിയിലെത്തിയിരിക്കുന്നത്.

'ആയുര്‍വസ്ത്ര' എന്ന് പേരിട്ടിരിക്കുന്ന സാരികള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വിവിധ ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചാണത്രെ നിര്‍മിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്റ്റ്‌സ് കോര്‍പറേഷന്‍ ഇത്തരം സാരികളുടെ നിര്‍മാണവും വില്‍പനയും ആരംഭിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പുരാതന ഔഷധ സുഗന്ധവ്യഞ്ജനങ്ങള്‍ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന സാരി ധരിക്കുന്നതിലൂടെ പ്രതിരോധശേഷി ശക്തിപ്പെടുമെന്ന് കോര്‍പറേഷന്‍ അവകാശപ്പെടുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ സാരി തയാറാക്കാനുള്ള ഉത്തരവാദിത്തം ഭോപാലിലെ ടെക്‌സ്റ്റൈല്‍ രംഗത്തെ വിദഗ്ധനാണ് നല്‍കിയിരിക്കുന്നത്. വിവിധ പ്രക്രിയകളിലൂടെ കടന്നുപോകുന്നതിനാല്‍ സാരി തയാറാക്കാന്‍ പ്രത്യേക നൈപുണ്യവും കൂടുതല്‍ സമയവും ആവശ്യമാണ്. ഗ്രാമ്പു, ഏലം, ചക്രഫല്‍, ജാതിപത്രി, കറുവാപ്പട്ട, കുരുമുളക്, റോയല്‍ ജീരകം, തുടങ്ങിയവ ചതച്ച് 48 മണിക്കൂറിലധികം വെള്ളത്തില്‍ സൂക്ഷിക്കും. തുടര്‍ന്ന് ചൂളയിലേക്ക് മാറ്റി നീരാവി തുണിയുടെ നിര്‍മാണഘട്ടത്തില്‍ ഉപയോഗിക്കുമത്രെ. ഇത്തരത്തില്‍ ഒരു സാരി തയാറാക്കാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരുമെന്നും നിര്‍മാണം ഏറ്റെടുത്ത വിനോദ് മലേവര്‍ പറയുന്നു. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള രീതിയാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

മധ്യപ്രദേശ് ഹാന്‍ഡിക്രാഫ്റ്റ്‌സ് ആന്‍ഡ് ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ സര്‍ക്കാര്‍ എംപോറിയങ്ങളിലൂടെയാണ് സാരി വില്‍പന നടത്തുന്നത്. 3000 രൂപ മുതലാണ് വില ആരംഭിക്കുന്നതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.