മസ്കത്ത്: ഓണാഘോഷം കളറാക്കുന്നതിൽ ഓണക്കോടിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഓണം പടിവാതിൽക്കലെത്തി നിൽക്കെ പ്രവാസ ലോകത്തും വസ്ത്രവിപണിയിൽ തിരക്ക് വർധിച്ചു. ഇത്തവണത്തെ ഓണം കളറാക്കാൻ പ്രവാസ ലോകത്തും നിരവധി ഉടയാടകൾ എത്തിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾക്കാണ് കൂടുതൽ പുതുമകളും വൈവിധ്യങ്ങളുമുള്ളത്. സെറ്റ് സാരിയുടെ കൂടെ ദാവണിയുടെ മുന്നിൽ പ്രിന്റ് പതിപ്പിച്ച മോഡലുകൾ, വ്യത്യസ്തമായ വലിയ ചിത്രങ്ങൾ പതിപ്പിച്ച മോഡലുകൾ എന്നിവ സ്ത്രീകളുടെ മേഖലയിൽ ഏറെ ആവശ്യക്കാരെത്തുന്നതാണ്.
മുമ്പ് കഥകളി ചിത്രങ്ങൾ പതിപ്പിച്ചതാണെങ്കിൽ ഇപ്പോൾ തെയ്യത്തിന്റെ ചിത്രങ്ങൾ കൂടുതൽ കാണുന്നുണ്ട്. കൃഷ്ണന്റെയും ആലിലയുടെയും ഓടക്കുഴലിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സാരികൾക്ക് മുൻകാലങ്ങളിൽ നല്ല ഡിമാൻഡ് ആയിരുന്നെങ്കിലും ഇപ്പോൾ വലിയ പൂക്കൾ പതിപ്പിച്ച സാരികൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് സുഹാറിലെ മലയാളം മിഷൻ പ്രവർത്തക ലിൻസി സുഭാഷ് പറയുന്നു.
ദാവണി, പട്ടുപാവാട, പാരമ്പര്യ ഓണസാരി, സെറ്റ് മുണ്ടും നേര്യതും, കേരള സാരി എന്നിങ്ങനെ ഓണത്തിന്റെ പൊലിമ ഒട്ടും കുറയാതെ ആഘോഷമാക്കാൻ വലിയ വസ്ത്രശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. റോ സിൽക് ചാരുതയിൽ റോസ് നിറത്തിലും മറ്റു കളറിലും ഇറങ്ങിയ സാരികളാണ് ഈ വർഷത്തെ പുതുമകളിൽ ഒന്ന്. പെൺകുട്ടികൾക്ക് പട്ടുപാവാടയിൽ ചിത്രങ്ങൾ പതിപ്പിച്ച ഉടുപ്പും പാവാടയും ബ്ലൗസും ദാവണിയും ചേർത്ത സെറ്റ് പുതിയ ഫാഷനാണ്. നല്ല ഗോൾഡനിലും മറ്റു കളറുകളിലും ലഭ്യമാണിത്.
ആൺകുട്ടികൾക്ക് ദോത്തിയും ജുബ്ബയും കുർത്തയും കസവുമുണ്ടും വ്യത്യസ്ത നിറത്തിലും വീതിയുള്ള സ്വർണക്കരയിലും വിപണിയിലുണ്ട്. ഓണാഘോഷ പരിപാടികളിൽ എല്ലാവരും ഡ്രസ് കോഡ് ധരിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ സെറ്റ് സാരി തന്നെയാണ് കൂടുതലും വിറ്റുപോകുന്നത്. കളർ ജുബ്ബയും മുണ്ടും തന്നെയാണ് ആണുങ്ങളുടെ വസ്ത്രം. മുണ്ടിന്റെ കരയിൽ വരുന്ന മാറ്റങ്ങൾ മാത്രമാണ് പുതിയ ഫാഷനായിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.