പ്രഥമനാണ് താരം...!

വിഭവ സമൃദമായ സദ്യ അവസാനിക്കുന്നത് അടപ്രഥമനും പാലടയും പാല്‍ പായസവും കഴിച്ചാണ്. എന്നാലെ ഒരു പൂര്‍ണതയും സംതൃപ്തിയും വരൂ. സാധാരണ ഒരു പ്രഥമനും പായസവുമാണ് ഉണ്ടാവുക. എന്നാല്‍, ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സദ്യ കേമമായി.

പാചകം എപ്പോഴും എളുപ്പത്തില്‍ കിട്ടാവുന്ന പോഷക ഗുണവും വിലക്കുറവും ഉള്ള വസ്തുക്കള്‍ ഉപയോഗിച്ച് ആയിരിക്കണം. ചക്കക്കുരു ഉപയോഗിച്ച് സ്വാദിഷ്ഠമായ പ്രഥമന്‍ ഉണ്ടാക്കാം. വെറുതെ കളയുന്ന ചക്കക്കുരുവിന് ഉപയോഗവുമായി. വ്യത്യസ്തതയാര്‍ന്ന ആറ് വിഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. അട പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

  • അട -250 ഗ്രാം
  • ശര്‍ക്കര -600 ഗ്രാം
  • തേങ്ങാപാല്‍ -ഒരു കപ്പ് ഒന്നാംപാല്‍ (നാല് തേങ്ങ)
  • കദളിപ്പളം -ഒന്ന് (നല്ലം പഴുത്തത് )
  • രണ്ടാംപാല്‍ -ഒന്നരകപ്പ്
  • മൂന്നാംപാല്‍ -രണ്ടു കപ്പ്
  • നെയ്യ് -രണ്ട് സ്പൂണ്‍
  • കശുവണ്ടി പരിപ്പ് -10 എണ്ണം
  • ഏലക്കപൊടി- ഒരു സ്പൂണ്‍

തയാറാക്കുന്ന വിധം:
അടികട്ടിയുള്ള ഉരുളിയില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. അട കഴുകി വാരിയെടുത്ത് നെയ്യില്‍ ചെറുതായി വാട്ടുക. ശേഷം ശര്‍ക്കരയിലിട്ട് നന്നായി വേവിക്കുക. അട വരണ്ട് കട്ടിയായി വരുമ്പോള്‍ മൂന്നാം പാല്‍ ചേര്‍ത്തിളക്കുക. മൂന്നാംപാലില്‍ അട വേവാറാകുമ്പോള്‍ രണ്ടാം പാല്‍ ചേര്‍ക്കണം. ഇതിലേക്ക് ഏലക്കാപൊടിയും കദളിപ്പഴം മിക്സിയില്‍ നന്നായി തരിയില്ലാതെ അടിച്ചതും ചേര്‍ക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കാം. ചെറുതീയില്‍ തിളപ്പിക്കുക. നറു നെയ്യില്‍ അണ്ടിപ്പരിപ്പ് വറുത്ത് കോരിയിടുക. പ്രഥമന്‍ തയാര്‍.

2. കരിക്ക് പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

  • ഇളം കരിക്ക് -രണ്ട് എണ്ണം
  • നാടന്‍ ശര്‍ക്കര -അര കിലോ
  • നെയ്യ് -50 ഗ്രാം
  • തേങ്ങ ചുരണ്ടിയത് -രണ്ട് എണ്ണം
  • അണ്ടിപ്പരിപ്പ് -10 ഗ്രാം
  • വെള്ള കിസ്മിസ് -10 ഗ്രാം
  • ഏലക്ക -നാല് എണ്ണം

തയാറാകുന്നവിധം:
കരിക്ക് ചുരണ്ടിയെടുത്ത് കരിക്കും കരിക്കിന്‍ വെള്ളവും ഒരു പാത്രത്തില്‍ ഒഴിച്ചുവെക്കുക. തേങ്ങയില്‍ നിന്ന് ഒരു ഗ്ളാസ് ഒന്നാം പാലും രണ്ട് ഗ്ളാസ് രണ്ടാം പാലും എടുക്കുക. ഉരുക്കി അടുപ്പില്‍വെച്ച് കരിക്കും കരിക്കിന്‍ വെള്ളവും ഒഴിച്ച് തിളപ്പിക്കുക. (മിക്സിയില്‍ അടിച്ചെടുക്കുക). കരിക്ക് വെള്ളവുമായി ചേര്‍ന്നു കഴിയുമ്പോള്‍ തിളപ്പിച്ച് അരിച്ചുവെച്ചിരിക്കുന്ന ശര്‍ക്കര ഒഴിക്കുക. അല്‍പം നെയ്യ് ഒഴിച്ച് വീണ്ടും വരട്ടുക. നൂല്‍ പരുവമാകുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക. തിളക്കുമ്പോള്‍ ഒന്നാം പാല്‍ കുറുക്കി ഇറക്കിവെക്കുക. ബാക്കിയുള്ള നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുക്കുക. ഇറക്കിവെച്ച് ഏലക്കപ്പൊടിയും അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത് ഇട്ട് തണുത്ത് കഴിഞ്ഞ് ഉപയോഗിക്കുക.

3. കായ് പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

  • റോബസ്റ്റ കായ് (പഴുപ്പ് തട്ടാത്തത്) -ആറ് എണ്ണം
  • ശര്‍ക്കര -അരക്കിലോ
  • തേങ്ങ -രണ്ടെണ്ണം (വലുത്)
  • ഏലക്കായ് -12 എണ്ണം
  • നെയ്യ് -ഒരു വലിയ സ്പൂണ്‍
  • അണ്ടിപ്പരിപ്പ്, മുന്തിരി -10 എണ്ണം (വറുത്തത്)

തയാറാകുന്നവിധം:
കായ് തൊണ്ടുകളഞ്ഞ് കഴുകി വട്ടത്തില്‍ അരിഞ്ഞ് നിറയെ വെള്ളം ഒഴിച്ച് കുക്കറില്‍ മൂന്ന് സ്റ്റീം വരുന്നതുവരെ വേവിക്കുക. തരിയില്ലാതെ ഉടച്ച് ശര്‍ക്കര ഉരുക്കി അരിച്ച്  ചേര്‍ക്കുക. നെയ്യ് ചേര്‍ത്ത് വെള്ളം വറ്റുംവരെ വരട്ടുക. തേങ്ങയുടെ മൂന്നാം പാല്‍, രണ്ടാം പാല്‍ മുറക്ക് ഒഴിച്ച് വെള്ളം വറ്റിച്ച് വാങ്ങിയതിന് ശേഷം ഒന്നാം പാലും ഏലക്കാപൊടിയും വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് ഇളക്കാതെ അടച്ചുവെക്കുക. ആവി പോയതിനുശേഷം നല്ലവണ്ണം ഇളക്കി യോജിപ്പിച്ച്  ഉപയോഗിക്കുക.

4. പാലട

ആവശ്യമുള്ള സാധനങ്ങള്‍:

  • അട -200
  • പഞ്ചസാര -രണ്ട് കപ്പ്
  • പാല്‍ -രണ്ട് ലിറ്റര്‍
  • വെണ്ണ -50 ഗ്രാം
  • ഏലക്ക പൊടിച്ചത് -അഞ്ചണ്ണെം

തയാറാക്കുന്ന വിധം:
അട തിളച്ച വെള്ളമൊഴിച്ച് അരമണിക്കൂര്‍ അടച്ചുവെക്കുക. പിന്നീട് അത് കഴുകി അല്‍പം നെയ്യില്‍ ചെറുതായി വാട്ടുക. (ഇത് അടയുടെ പച്ചമണം മാറാനാണ്) ശേഷം പാലില്‍ അല്‍പം വെള്ളം ചേര്‍ത്ത് അട വേവിക്കുക. നന്നായി വെന്തശേഷം പഞ്ചസാര ചേര്‍ത്തിളക്കി തിളപ്പിക്കുക. നന്നായി ഇളക്കിക്കൊണ്ടിരിക്കണം. അട വെന്ത് കുറുകണം. പായസത്തിന് മധുരം പോരെങ്കില്‍ ചേര്‍ക്കാം. അതില്‍ ഏലക്ക പൊടിച്ചതും വെണ്ണയും ചേര്‍ത്തിളക്കി യോജിപ്പിച്ച് വാങ്ങിവെക്കാം.

5. ചക്കക്കുരു പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

  • മൂത്തുപഴുത്ത ചക്കക്കുരു -35
  • ശര്‍ക്കര -250 ഗ്രാം
  • ചുക്ക് - ഒരു കഷണം
  • ജീരകം -ഒരു നുള്ള്
  • നാളികേരം വിളഞ്ഞത് (വലുത്)  -ഒരെണ്ണം

തയാറാകുന്നവിധം:
നാളികേരം ചിരകി, വെള്ളം കൂടാതെ പിഴിഞ്ഞ് എടുത്ത തലപ്പാല്‍ മാറ്റിവെക്കുക. പിന്നീട് ഒരു ഗ്ളാസ് വെള്ളത്തില്‍ ആ നാളികേരം തന്നെ മിക്സിയില്‍ അടിച്ച് പാല്‍ പിഴിഞ്ഞ് അരിച്ച് എടുത്തുമാറ്റുക. ആ നാളികേരം ചിരകിയത് വീണ്ടും രണ്ടുനാഴി വെള്ളത്തില്‍ മിക്സിയിലടിച്ച് പാല്‍ പിഴിഞ്ഞെടുക്കുക. ചക്കക്കുരു തൊലികളഞ്ഞ് നല്ലപോലെ കഴുകുക. മൂന്നാം പാലിന്‍െറ പാതി ഒഴിച്ച് വേവിച്ച്, അത് മിക്സിയില്‍ അടിക്കുക.
നല്ലപോലെ അരയണം. പകുതി മൂന്നാം പാലില്‍ ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക. പിന്നീട് ശര്‍ക്കര ഉരുക്കിയതും ചക്കക്കുരു അടിച്ചതും കൂടി പരന്ന ഒരു പാത്രത്തില്‍ അടുപ്പത്ത് വെക്കുക. ഇളക്കി വറ്റുമ്പോള്‍ രണ്ടാം പാല്‍ ഒഴിക്കുക. എന്നിട്ട് ഇളക്കുക. രണ്ടാം പാല്‍ ഒഴിച്ച് ഇളക്കി, കയിലില്‍ പറ്റിയാല്‍ തീ കെടുത്തുക. ജീരകവും ചുക്കും പൊടിച്ച് ഒന്നാം പാലിട്ട്, പ്രഥമനില്‍ ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

6. ഏത്തക്ക പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍:

  • നന്നായി പഴുത്ത നേന്ത്രപ്പഴം - 3 എണ്ണം (ചെറുതാക്കി നുറുക്കിയത്)
  • ശര്‍ക്കര ഉരുക്കിയത് -ഒന്നര കപ്പ്
  • തേങ്ങാപ്പാല്‍ -രണ്ട് തേങ്ങയുടെ ഒന്നും രണ്ടും പാല്‍
  • ഏലക്ക പൊടിച്ചത് -ചെറിയ സ്പൂണ്‍
  • അണ്ടിപ്പരിപ്പ് -ആവശ്യത്തിന്
  • മുന്തിരി -ആവശ്യത്തിന്
  • നെയ്യ് -രണ്ട് വലിയ സ്പൂണ്‍

തയാറാകുന്നവിധം:
പാന്‍ ചൂടാക്കി അല്‍പം നെയ്യൊഴിച്ച് അരിഞ്ഞുവെച്ച പഴം വഴറ്റുക. നന്നായി വഴറ്റിയശേഷം അതിലേക്ക് ശര്‍ക്കരപാനി ഒഴിച്ച് തുടരെയിളക്കി യോജിപ്പിക്കുക. ശേഷം രണ്ടാംപാല്‍ ഒഴിച്ച് നന്നായി ഇളക്കി കുറുക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. ഇളക്കി നന്നായി ചൂടാകുമ്പോള്‍ ഏലക്കപൊടിയും അണ്ടിയും മുന്തിരിയും വറുത്തതും ചേര്‍ത്തിളക്കി ചെറിയ ചൂടില്‍ ഉപയോഗിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.