ഇലയിട്ട് സദ്യ വിളമ്പേണ്ടത്...?

വിശേഷ അവസരങ്ങളിലും അല്ലാത്തപ്പോഴും സദ്യയുടെ വിഭവങ്ങള്‍ നേരാംവണ്ണം വിളമ്പിയില്ലെങ്കില്‍ കഴിക്കുന്നവര്‍ക്ക് പൂര്‍ണ തൃപ്തി ഉണ്ടാവില്ല. ചോറിനൊപ്പം എപ്പോഴും കഴിക്കേണ്ടതും അല്ലാത്തതുമായ കറികള്‍ നിരവധിയാണ്. തുടര്‍ച്ചയായി കഴിക്കുന്ന കറികളാണ് അവിയല്‍, തോരന്‍, കൂട്ടുക്കറി എന്നിവ. എന്നാല്‍ അച്ചാറുകളും കിച്ചടി, പച്ചടി എന്നിവ മേമ്പൊടിയായാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ആവശ്യമുള്ള കറികള്‍ വലത് കൈക്ക് അടുത്തായി ക്രമീകരിക്കണം. കൂടാതെ കറികള്‍ ക്രമത്തില്‍ വിളമ്പിയാല്‍ കാഴ്ചയില്‍ സദ്യക്ക് മനോഹാരിത കൂടും.

സദ്യ വിളമ്പേണ്ടവിധം:
ഇടതുവശത്തേക്ക് വരുന്ന രീതിയില്‍ തൂശനില ഇടുക. അതിന് ശേഷം ഇടതുഭാഗത്ത് നിന്ന് വലത്തേക്ക് ഉപ്പുവെച്ച് കറികള്‍ വിളമ്പാന്‍ ആരംഭിക്കുക. തുടര്‍ന്ന് ഉപ്പേരി, ശര്‍ക്കര വരട്ടി എന്നിവ വിളമ്പുക. തുടര്‍ന്ന് ഇഞ്ചിക്കറി/പുളിയിഞ്ചി, മാങ്ങ അച്ചാര്‍, നാരങ്ങ അച്ചാര്‍ തുടങ്ങിയവ വെക്കുക. ശേഷം മെഴുക്കുപുരട്ടി, കിച്ചടി, പച്ചടി എന്നിവയും ഇതിനോട് ചേര്‍ന്ന് തോരനും അവിയലും വിളമ്പുന്നതോടെ  ഒന്നാംനിര പൂര്‍ത്തിയാകും.

പച്ചടി, തോരന്‍ എന്നിവയുടെ നടുഭാഗത്ത് അല്‍പം മുമ്പിലായി കൂട്ടുകറി/ഓലന്‍ വിളമ്പുക. ഇടത് ഭാഗത്ത് പഴം, പപ്പടം വെക്കുന്നതോടെ ഒന്നാംഘട്ട വിളമ്പല്‍ പൂര്‍ത്തിയാകും.

പിന്നാലെ, ആളിരുന്ന ശേഷം ഇലയുടെ മധ്യഭാഗത്തായി ചോറ് വിളമ്പാം. പരിപ്പുകറിയും നെയ്യും ഒഴിക്കുക. തുടര്‍ന്ന് സാമ്പാറും പുളിശേരിയും പിന്നാലെ ചോറും രസവും വിളമ്പുക. മധുരത്തിനായി അട പ്രഥമന്‍, പാലട, പാല്‍ പായസം എന്നിവയും അവസാനമായി അല്‍പം ചോറിട്ട് പച്ചമോരോ തൈരോ ഒഴിക്കുന്നതോടെ സദ്യ വിളമ്പല്‍ പൂര്‍ത്തിയാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.