ഓണപ്പായസം

ഓണപ്പായസത്തിലും ചേരുവകള്‍ കാലത്തിനൊത്ത് മാറുന്നു. വ്യത്യസ്തമായ ചില ഓണപ്പായസങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ ഒപ്പം പരമ്പരാഗത ശൈലിയിലുള്ളതും.

ജാക്ഫ്രൂട്ട്, ബനാന, കാരറ്റ് പ്രഥമന്‍

ചേരുവകള്‍:
1) പഴുത്ത ചക്കച്ചുള -ഒരു കപ്പ് (ഏറ്റവും ചെറുതായരിഞ്ഞത്)
2) നേന്ത്രപ്പഴം -ഒരു കപ്പ് (നാരും കുരുവും നീക്കി ചെറുതായരിഞ്ഞത് )
3) കാരറ്റ് ഒന്നുവേവിച്ച് ചെറുതായരിഞ്ഞത് -ഒരു കപ്പ്
4) പഞ്ചസാര -അര കപ്പ്
5) ശര്‍ക്കര -600 ഗ്രാം
6) നെയ്യ് -50 മി.ലി
7) പാല്‍ -ഒരു കപ്പ്
8) പാല്‍പ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
9) മില്‍ക്ക്മെയ്ഡ് -രണ്ട് ടേബ്ള്‍സ്പൂണ്‍
10) കൂവപ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
11) അണ്ടിപ്പരിപ്പ് -50 ഗ്രാം
12) നാളികേരം കുറച്ചുവലുത് -രണ്ടെണ്ണം
13) കിസ്മിസ് -20 ഗ്രാം
14) ഏലയ്ക്കാപ്പൊടി - ഒന്നേകാല്‍ ടീ സ്പൂണ്‍
15) ബദാം അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍

പാകപ്പെടുത്തുന്ന വിധം:
പഞ്ചസാര കാല്‍ കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് പാനിയാക്കി ഒരുനുള്ള് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് അരിഞ്ഞുവെച്ചവ (1 മുതല്‍ 3 വരെയുള്ളവ) പാനിയില്‍ ഇളക്കി കുതിര്‍ത്തുവെക്കണം. ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി അരിച്ച് വെക്കണം. തേങ്ങ ചതച്ച് പിഴിഞ്ഞ് ഒന്ന്/ഒന്നര ഗ്ളാസ് ഒന്നാം പാല്‍ എടുക്കണം. അല്‍പം ചൂടുവെള്ളമൊഴിച്ച് ചതച്ച് രണ്ടാം പാലും തയാറാക്കണം. 7 മുതല്‍ 10 വരേയും കുറച്ച് അണ്ടിപ്പരിപ്പും എടുത്ത് മിക്സിയില്‍ അരച്ചെടുക്കണം.
ഉരുളി അടുപ്പത്തുവെച്ച് ചൂടാകുമ്പോള്‍ കുറച്ച് നെയ്യൊഴിച്ച് കുതിര്‍ത്തുവെച്ച ചേരുവകള്‍ ചേര്‍ത്ത് നന്നായി വഴറ്റണം. കുറേ വഴറ്റി നിറം മാറുമ്പോള്‍ മുക്കാല്‍ ഭാഗം എടുത്ത് മിക്സിയില്‍ ഒന്നടിച്ച് എടുത്ത് ഉരുളിയിലേക്കൊഴിച്ച് ഇളക്കണം. ഇതിലേക്ക് രണ്ടാം പാലൊഴിച്ചിളക്കണം. തിളച്ച് കുറുകിവരുമ്പോള്‍ 8 മുതല്‍ 12 വരെ അരച്ചുമാറ്റിവെച്ചത് ഒഴിച്ച് യോജിപ്പിക്കണം. എല്ലാം ഒന്നുചേര്‍ന്ന് പാകമായാല്‍ ഏലയ്ക്കാപ്പൊടിയും ഒന്നാംപാലും ഒഴിച്ചിളക്കാം. തിളവരാന്‍ തുടങ്ങുമ്പോള്‍ ഇറക്കിവെക്കാം.
നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് ഒഴിക്കണം. ബദാം അരിഞ്ഞതും വിതറി ആവിപോകത്തക്കവിധത്തില്‍ അടച്ചുവെച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ഒന്നു സെറ്റായാല്‍ മാത്രമേ കയിലിടാവൂ. വളരെ രുചികരമായ തിരുവോണം സ്പെഷല്‍ ജാക്ഫ്രൂട്ട്, ബനാന കാരറ്റ് പ്രഥമന്‍ വിളമ്പാന്‍ റെഡി.
NB: ചക്കച്ചുള ഒന്നുചൂടാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് തണുപ്പ് മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.

നേന്ത്രപ്പഴം പ്രഥമന്‍

ചേരുവകള്‍:

1) നന്നായി മൂത്തുപഴുത്ത നാടന്‍ നേന്ത്രപ്പഴം -6-7 എണ്ണം
2) ശര്‍ക്കര -അര കി. ഗ്രാം
3) വിളഞ്ഞ വലിയ തേങ്ങ -രണ്ടെണ്ണം
4) നെയ്യ് -മൂന്ന് ടേബ്ള്‍ സ്പൂണ്‍
5) ജീരകപ്പൊടി, ചുക്കുപൊടി -അര ടീസ്പൂണ്‍ വീതം
6) ഏലയ്ക്കാപ്പൊടി -ഒരു ടീസ്പൂണ്‍
7) തേങ്ങാക്കൊത്ത് -ഒന്നര ടേബ്ള്‍ സ്പൂണ്‍
8) അണ്ടിപ്പരിപ്പ്  -10-12 എണ്ണം
9) ബദാം അരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍

പാകപ്പെടുത്തുന്ന വിധം:
നേന്ത്രപ്പഴം തൊലിയും കുരുവും കളഞ്ഞ് ചെറുതായരിഞ്ഞുവെക്കണം. കുറച്ചു രണ്ടാം പാലൊഴിച്ച് നന്നായി വേവിച്ച് മയത്തില്‍ ഉടച്ചെടുക്കണം. തേങ്ങചിരകി മിക്സിയില്‍ ചതച്ച് ഒന്ന്-ഒന്നരക്കപ്പ് ഒന്നാം പാല്‍ മാറ്റിവെക്കണം. ബാക്കി പീരയില്‍ ചൂടുവെള്ളമൊഴിച്ച് വീണ്ടും ചതച്ച് പിഴിഞ്ഞ് അരിച്ചെടുത്ത 7-8 കപ്പ് രണ്ടും മൂന്നും പാലും തയാറാക്കണം. ശര്‍ക്കര ഒരുകപ്പ് വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുക്കണം.
ഉടച്ചെടുത്ത പഴം ഉരുളിയില്‍ പകര്‍ന്ന് കുറച്ച് നെയ്യൊഴിച്ച് കുറെ നേരം വഴറ്റണം. ഇതിലേക്ക് ശര്‍ക്കരപ്പാനി ഒഴിച്ചിളക്കണം. വരണ്ടുവരുമ്പോള്‍ രണ്ടും മൂന്നും പാലൊഴിച്ച് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഒന്നുകുറുകി പാകമായി എന്നു തോന്നുമ്പോള്‍ ഒന്നാം പാലും പൊടികളും ചേര്‍ത്ത് യോജിപ്പിച്ച് തിളവരാന്‍ തുടങ്ങുമ്പോള്‍ ഇറക്കിവെക്കാം. നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തുകോരി പ്രഥമനിലേക്ക് ചേര്‍ക്കുക. ആവി പോവത്തക്കവിധത്തില്‍  അര - മുക്കാല്‍ മണിക്കൂര്‍ അടച്ചുവെച്ച് പ്രഥമന്‍ അല്‍പം ചൂടാറി ഒന്നു സെറ്റായശേഷം മാത്രം ഉപയോഗിക്കുക.

കയമ അരി പാല്‍പ്പായസം (കുക്കര്‍ പായസം)

ചേരുവകള്‍:

1) കയമ അരി -ഒരുകപ്പ്
2) പാല്‍ -എട്ട് കപ്പ്
3) പഞ്ചസാര -രണ്ട് കപ്പ്
4) വെണ്ണ -ഒരു ടേ. സ്പൂണ്‍
5) ഏലയ്ക്കാപ്പൊടി -മുക്കാല്‍ ടീ സ്പൂണ്‍
6) ബദാം കുതിര്‍ത്തരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
7) പനിനീര്‍ -3-4 തുള്ളി or കുങ്കുമപ്പൂ -ഒരു നുള്ള്

പാകപ്പെടുത്തുന്ന വിധം:
വലിയകുക്കര്‍ (ഏഴര-എട്ട് ലിറ്ററായാല്‍ കൂടുതല്‍ നന്നായി) എടുത്ത് കഴുകി അരിച്ചു വെള്ളം വാരാന്‍ വെച്ച അരിയും പാലും പഞ്ചസാരയും ചേര്‍ത്ത് അടച്ചുവെച്ച് നന്നായി ആവിവരുമ്പോള്‍ വെയ്റ്റ് ഇട്ട് ഒരു വിസില്‍ വന്നാല്‍ തീ ഏറ്റവും കുറച്ച്, വെയ്റ്റ് മാറ്റി 20 മിനിറ്റ് അടുപ്പില്‍തന്നെ വെക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് കുറച്ചുനേരം കഴിഞ്ഞ് അടപ്പുതുറന്ന് 4 മുതല്‍ 7 വരെ ചേര്‍ത്ത് ചൂട് കുറഞ്ഞതിനുശേഷം വിളമ്പാവുന്നതാണ്. ഏലയ്ക്കാപ്പൊടി, പനിനീര്‍ എന്നിവ ഇല്ളെങ്കിലും പായസം രുചികരമായിരിക്കും. സ്വാദ് കൂട്ടാന്‍ ചേര്‍ക്കാമെന്നു മാത്രം.

പാലട പ്രഥമന്‍

ചേരുവകള്‍:

1) പാലട പാക്കറ്റ് (ഏറ്റവും നല്ല ബ്രാന്‍ഡ്) -200 ഗ്രാം
2) പാല്‍ - രണ്ടര ലിറ്റര്‍
3) മില്‍ക്ക്മെയ്ഡ് - അര ടിന്‍
4) പഞ്ചസാര -രണ്ട് കപ്പ്
5) ഏലയ്ക്കാപ്പൊടി -മുക്കാല്‍  ടീ സ്പൂണ്‍
6) നെയ്യ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
7) അണ്ടിപ്പരിപ്പ് -15-16 എണ്ണം
8) കിസ്മിസ് -ഒരു ടേബ്ള്‍ സ്പൂണ്‍
9) വെണ്ണ -ഒരു ടേബ്ള്‍ സ്പൂണ്‍

പാകപ്പെടുത്തുന്ന വിധം:
അട കഴുകി അരിച്ച് തിളപ്പിച്ച വെള്ളത്തിലിട്ടുവെച്ച് 10 മിനിറ്റ് കഴിഞ്ഞ്  വെള്ളം ഊറ്റിക്കളയണം. ഇതിലേക്ക് കുറച്ച് പഞ്ചസാര ചേര്‍ത്തിളക്കി വെക്കണം. കുറച്ചുപാലും കുറച്ചുവെള്ളവും അടയും ഉരുളിയില്‍ വെച്ച് വേവിക്കണം. അട നല്ല മയമായിക്കഴിഞ്ഞാല്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കുറെ നേരം ഇളക്കി കുറച്ച് കുറുകി നിറംമാറി വരുമ്പോള്‍ മില്‍ക്ക്മെയ്ഡ് ചേര്‍ത്ത് യോജിപ്പിക്കണം. നല്ല കുറുകിയ അടപ്രഥമന്‍ പാകമായിക്കഴിഞ്ഞെങ്കില്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി ഇറക്കിവെക്കാം.
നെയ്യില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത്കോരി പായസത്തിലേക്കൊഴിക്കണം. വെണ്ണയും ചേര്‍ത്തുകൊടുക്കാം. ആവിപോകാന്‍ പാകത്തില്‍ അടച്ചുവെക്കണം. ചൂടു കുറഞ്ഞുകഴിഞ്ഞശേഷം വിളമ്പി ഉപയോഗിക്കാം. ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്ത് പാകപ്പെടുത്തിയാല്‍ അട പ്രഥമനാകും.

തയാറാക്കിയത്: ശാന്ത അരവിന്ദന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.