നോമ്പ് കഞ്ഞി

1. തരിക്കഞ്ഞി

ചേരുവകള്‍:

  • റവ-കാല്‍ക്കപ്പ്
  • ഉള്ളി-രണ്ടു ടേബ്ള്‍ സ്പൂണ്‍
  • നെയ്യ് -രണ്ടു ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ്-പാകത്തിന്
  • തേങ്ങാപ്പാല്‍-നാലു കപ്പ്

തയാറാക്കുന്ന വിധം:
ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യ് ഒരു പാനിലൊഴിച്ച്  ചൂടാക്കി റവയിട്ട് അല്‍പനേരം ചെറുതീയില്‍ വറുക്കുക. ഇതില്‍ അരക്കപ്പ് തേങ്ങാപ്പാലൊഴിച്ച്  നന്നായി വേവിക്കുക. മിച്ചമുള്ള തേങ്ങാപ്പാല്‍ കൂടി ചേര്‍ത്ത് നന്നായി തിളപ്പിച്ച് വാങ്ങുക. ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യ് ഒരു പാനില്‍ ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ ഉള്ളിയിട്ട് വറുത്ത് തയാറാക്കി വെച്ചിരിക്കുന്ന കഞ്ഞിയിലേക്ക് കോരിയിടുക. കഞ്ഞി തീരെ കുറുകാന്‍ പാടില്ല. കുടിക്കാന്‍ പാകത്തിനായിരിക്കണം ഇതിന്‍െറ അയവ്. നോമ്പ് നോല്‍ക്കുന്ന     ആള്‍ക്ക് ഈ കഞ്ഞി വളരെ ആശ്വാസം പകരും. നഷ്ടപ്പെട്ട ഊര്‍ജം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. ആദ്യമായി നോമ്പ് നോല്‍ക്കുന്നവര്‍ ഇത്തരം കഞ്ഞി തീര്‍ച്ചയായും കുടിച്ചിരിക്കണം.

2. റൈസ്-വെജിറ്റേബ്ള്‍ കഞ്ഞി

ചേരുവകള്‍:

  • അരി-അരക്കപ്പ്
  • ചെറുപയര്‍ പരിപ്പ്-മൂന്നു ടീ സ്പൂണ്‍ (തൊലികളഞ്ഞത്)
  • വെള്ളം-നാലു കപ്പ്
  • തേങ്ങാപ്പാല്‍-അരക്കപ്പ്
  • തക്കാളി-ഒരെണ്ണം
  • ഇഞ്ചി-അരക്കഷണം
  • വെളുത്തുള്ളി-രണ്ട് അല്ലി
  • പച്ചമുളക്-ഒരെണ്ണം
  • പുതിന ഇല-ഒരു പിടി
  • കാരറ്റ്-ഒരെണ്ണം
  • കറുവാപ്പട്ട-അര ഇഞ്ച് നീളത്തില്‍
  • ഉലുവ-കാല്‍ ടീസ്പൂണ്‍
  • ഉപ്പ്-പാകത്തിന്

തയാറാക്കുന്ന വിധം:
തക്കാളി, വെളുത്തുള്ളി, പച്ചമുളക്, പുതിന ഇല എന്നിവ പൊടിയായരിഞ്ഞുവെക്കുക.  ഇഞ്ചിയുടെയും കാരറ്റിന്‍െറയും പുറം ചുരണ്ടി ഗ്രേറ്റ് ചെയ്തു വെക്കുക. ഉലുവ തരുതരുപ്പായി പൊടിക്കുക. ചുവട് കട്ടിയുള്ള പരന്ന ഒരു പാത്രത്തില്‍ വെള്ളം  ഒഴിച്ച് തിളപ്പിക്കുക. ഇനി കഴുകി വൃത്തിയാക്കിയ അരി ഇടുക. ഒപ്പം ചെറുപയറ് പരിപ്പ്, തക്കാളി, വെളുത്തുള്ളി, പച്ച മുളക്, പുതിന ഇല, കാരറ്റ്, ഇഞ്ചി, പട്ട, ഉലുവ പൊടിച്ചത് എന്നിവയിട്ട് ഇളക്കുക. അടച്ച് ഇടത്തരം തീയില്‍ 10 മിനിറ്റ് വെക്കുക. ഇടക്കുമാത്രം തുറന്ന് ഇളക്കുക. ഇനി ഉപ്പിട്ടിളക്കാം. ചെറുതീയില്‍ ചോറ് വെന്ത്  നന്നായി ഉടയുന്ന പാകത്തില്‍ വാങ്ങുക. തേങ്ങാപ്പാല്‍  ഒഴിച്ചിളക്കി അടച്ചുവെക്കുക.

തയാറാക്കിയത്: ഇന്ദു നാരായണ്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.