തൃശൂരിലെ 'ഇണ്ടെറിയപ്പം'

ക്രൈസ്തവരുടെ വലിയ നോമ്പിന്‍െറ പാതി പിന്നിടുമ്പോള്‍ മധ്യ കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളിലൊരുക്കുന്ന പ്രത്യേകതരം പലഹാരമാണ് 'ഇണ്ടെറിയപ്പം'. കോട്ടയം പാലാ ഭാഗത്തെ ക്രൈസ്തവര്‍ പെസഹ വ്യാഴാഴ്ച ഒരുക്കുന്ന കലത്തപ്പവുമായി ചെറിയ സാമ്യം തോന്നാമെങ്കിലും തൃശൂരിലെ രുചിക്കൂട്ട് ഒന്നുവേറെ തന്നെയാണ്. പുതിയ തലമുറ ഈ പഴയ രുചിക്കൂട്ട് മറന്നു തുടങ്ങിയെങ്കിലും, പരമ്പരാഗത ക്രൈസ്തവ കുടുംബങ്ങളില്‍ 'ഇണ്ടെറിയപ്പം' പാതിനോമ്പിന്‍െറ ഭാഗമായി ഇന്നും ഒരുക്കുന്നുണ്ട്. വീട്ടിലെ പ്രായംചെന്നവര്‍ പാടുന്ന അല്‍പം തമാശകലര്‍ന്ന ഈരടിയും പണ്ട് പ്രസിദ്ധമായിരുന്നു. ‘ഇണ്ടെറിയപ്പത്തില്‍ തേങ്ങ പോരാഞ്ഞിട്ട്, അമ്മാനപ്പന്‍ തെങ്ങേറി, ഇണ്ടെറിയപ്പം വെന്തിറങ്ങി അമ്മാനപ്പന്‍ ചത്തിറങ്ങി’.

നാളികേരവും വറുത്ത അരിപ്പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുക്കുന്ന ഇണ്ടെറിയപ്പത്തിന് മധുരം എന്നുപറയാനില്ല. എന്നാല്‍, അരച്ചുചേര്‍ത്ത നാളികേരത്തിന്‍െറയും വറുത്തെടുത്ത തേങ്ങ കൊത്തിന്‍െറയും ചെറിയ മധുരവും രുചിയും കലര്‍ന്ന ഈ പലഹാരം, ഒരു ആചാരത്തിന്‍െറ ഭാഗമായി മാത്രം ഉണ്ടാക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ തലമുറയിലേക്ക് ഈ രുചിക്കൂട്ട് അധികം കൈമാറിയിട്ടില്ല. ഇന്ന് പഴയ രീതികള്‍ അനുകരിക്കുന്നതിന്‍െറ ഭാഗമായി ഇണ്ടെറിയപ്പവും മധ്യകേരളത്തിലെ അടുക്കളയിലേക്ക് തിരിച്ചുവരുകയാണ്. പാതിനോമ്പിന്‍െറ ഈ സമയത്ത് അമ്മിയും അമ്മിക്കല്ലിനും പകരമായി, മിക്സിയുടെ സഹായത്തോടെ തയാറാക്കുന്ന അപ്പത്തിന് അല്‍പം രുചിമാറിയെന്ന് വയസ്സായവര്‍ പറഞ്ഞാല്‍ മുഖം കറുപ്പിച്ചിട്ട് കാര്യമില്ല.

പുതിയ അടുക്കളയും ഗ്യാസ് വേവിന്‍െറ പാകവും മാറിയതിനാലാണിതെന്ന് നമുക്ക് ന്യായം പറയാം.  പാതിനോമ്പ് കഴിയുന്നതോടെ പൂര്‍ണമായും പ്രാര്‍ഥനയുടെയും ഉപവാസത്തിന്‍െറയും നാളുകളിലേക്ക് കടക്കുന്നതിനുമുമ്പ് ഈ പലഹാരം കൂടി ഒരുക്കിക്കഴിയുന്നതോടെ, മധ്യ കേരളത്തിലെ ക്രൈസ്തവര്‍ ആത്മവിശുദ്ധിയുടെ പുതിയ ലോകത്തേക്ക് പ്രവേശിക്കുകയായി. ഇനി ഈസ്റ്റര്‍ വരെ പലഹാരത്തിനും ഭക്ഷണത്തിനും നിയന്ത്രണമാണ്. നോമ്പെടുത്ത് പ്രാര്‍ഥനയില്‍ മുഴുകി വലിയ നോമ്പിന്‍െറ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ഒരുക്കുന്ന ഈ രുചിക്കൂട്ട്, എല്ലാ വീട്ടമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതാണ്.

തയാറാക്കുന്ന വിധം:

ഒരു കിലോ അരിപ്പൊടി, 100 ഗ്രാം ഉഴുന്ന്, ചിരവിയ ഒരു തേങ്ങയും അരച്ചു തയാറാക്കിയ മാവിലേക്ക് ആവശ്യത്തിന് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. മറ്റൊരു നാളികേരം കൊത്തിയെടുത്തതും 10 കുടം ഉള്ളി അരിഞ്ഞെടുത്തതും വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് മാവിലേക്ക് കലര്‍ത്തി കിണ്ണത്തില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.