വിഷു സ്പെഷല്‍സ്

വിഷുക്കട്ട

ചേരുവകള്‍:

  • പച്ചരി -അര കിലോ
  • ജീരകം -ഒരു ടീസ്പൂണ്‍
  • ഉപ്പ് -പാകത്തിന്
  • തേങ്ങാപ്പാല്‍ -ഒന്നാം പാല്‍ ഒരു കപ്പ്
  • രണ്ടാം പാല്‍ രണ്ട് കപ്പ്

തയാറാക്കുന്നവിധം:

അരി കഴുകിവാരി രണ്ടാംപാലും ഉപ്പും ചേര്‍ത്ത് വേവിക്കുക. ഇനി ജീരകവും ഒന്നാംപാലും ചേര്‍ത്തിളക്കുക. നന്നായി കുറുകുമ്പോള്‍ വാങ്ങി ഒരു പ്ലേറ്റിലേക്ക് വിളമ്പുക. സമചതുരാകൃതിയിലോ ത്രികോണാകൃതിയിലോ മുറിച്ച് വിളമ്പുക.

മിക്സഡ് ഓലന്‍

ചേരുവകള്‍:

  • കുമ്പളങ്ങ -200 ഗ്രാം
  • വന്‍പയര്‍ -100 ഗ്രാം
  • പച്ചമുളക് -രണ്ടെണ്ണം പിളര്‍ന്നത്
  • കറിവേപ്പില -ഒരു തണ്ട്
  • ഉപ്പ് -പാകത്തിന്
  • തേങ്ങാപ്പാല്‍ -ഒന്നര കപ്പ്  (ഒന്നാം പാല്‍)
  • പച്ചപ്പയര്‍ നീളത്തില്‍ അരിഞ്ഞത് -അര കപ്പ്
  • ചേമ്പ് -നാലെണ്ണം ചുരണ്ടി വട്ടത്തില്‍ കനം കുറച്ചരിഞ്ഞത്
  • വഴുതിന -കാല്‍ കപ്പ്, വട്ടത്തില്‍ കനം കുറച്ചരിഞ്ഞത്
  • വന്‍പയറ് -ഒരു രാത്രി വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കുക

തയാറാക്കുന്നവിധം:

കുമ്പളങ്ങയുടെ തൊലിയും കുരുവും കളഞ്ഞ് മറ്റു കഷണങ്ങള്‍ക്കൊപ്പം കഴുകിവാരി പച്ചമുളക്, ഉപ്പ്, വേവാനാവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് വേവിച്ച് വാങ്ങുക. തേങ്ങാപ്പാലും വെളിച്ചെണ്ണയും ഒഴിച്ച് കറിവേപ്പില ഉതിര്‍ത്തതിട്ടലങ്കരിച്ച് ചോറിനൊപ്പം വിളമ്പുക.

വിഷുക്കഞ്ഞി

ചേരുവകള്‍:

  • പുഴുക്കലരി -അര കപ്പ്
  • ഉപ്പ് -പാകത്തിന്
  • ചുരണ്ടിയ തേങ്ങ -ഒരു കപ്പ്
  • തേങ്ങാപ്പാല്‍ -മൂന്ന് കപ്പ്
  • വന്‍പയര്‍ -അര കപ്പ്

തയാറാക്കുന്നവിധം:

അരി കഴുകി അരിച്ചുവാരുക. വന്‍പയര്‍ വറുത്ത് തൊലി കളഞ്ഞുവെക്കുക. ഒരു വലിയ കലത്തില്‍ വന്‍പയറും അരിയും ഇട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്താലുടന്‍ തേങ്ങാപ്പാല്‍ ഒഴിച്ച് ചൂടാക്കി ഉടന്‍ വാങ്ങുക. ചുരണ്ടിയ തേങ്ങ മീതെ ഇട്ട് അലങ്കരിക്കുക. ഉപ്പിട്ട് വിളമ്പുക.

ഏത്തപ്പഴ വട

ചേരുവകള്‍:

  • അരി -ഒരു കപ്പ്
  • പുളിച്ച മോര് -ഒരു ടീസ്പൂണ്‍
  • കായപ്പൊടി- പാകത്തിന്
  • ഉപ്പ് -പാകത്തിന്
  • ഏത്തപ്പഴം-രണ്ടെണ്ണം
  • എണ്ണ -വറുക്കാന്‍
  • മുളകുപൊടി -അരടീസ്പൂണ്‍

തയാറാക്കുന്നവിധം:

അരി കുതിര്‍ക്കുക. അരിയും മോരും ഒഴിച്ചുള്ളവ എല്ലാംകൂടി അരക്കുക. മോരും കൂടി ചേര്‍ത്ത് അര മണിക്കൂറിനുശേഷം വട ചുട്ടെടുക്കുക (ചെറു ഉരുളകളാക്കി മധ്യത്തിലൊരു കുഴിയുണ്ടാക്കി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.