മഷ്റൂം ഡിഷെസ്

മഴക്കൊപ്പം തൊടിയില്‍ കിളിർത്തു വരുന്നതാണ് കൂണുകൾ‍. ധാരാളം പ്രോട്ടീൻ ഇവയിൽ അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ സാന്നിധ്യമില്ല. കൊഴുപ്പില്ല. നാരുകളേറെ. പൊണ്ണത്തടി കുറക്കുന്നത് അടക്കമുള്ള ആരോഗ്യ വിശേഷങ്ങളില്‍ കൂണിന് സവിശേഷ പങ്കുണ്ട്. ഊര്‍ജദായകമാണെന്നത് മറ്റൊരു കാര്യം. ഇതുകൊണ്ടുള്ള വിഭവത്തിന്‍റെ സ്വീകാര്യത കൂടുന്നത് ആരോഗ്യ ഭക്ഷണത്തോടുള്ള അഭിനിവേശം കൊണ്ടാണ്. രുചിയേറുന്ന ചില കൂൺ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ...

1. കൂണ്‍ സൂപ്പ്

ചേരുവകൾ:

1. കൂണ്‍ ചെറുതായി അരിഞ്ഞത് -200 ഗ്രാം
2. വെണ്ണ -40 ഗ്രാം
3. ചെറിയ ഉള്ളി അരിഞ്ഞത് -കാല്‍ കപ്പ്
4. കോണ്‍ഫ്ളവര്‍ -ഒരു വലിയ സ്പൂണ്‍
5. പാല്‍ -600 മില്ലിലിറ്റര്‍
6. റൊട്ടി ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് നെയ്യില്‍ വറുത്തത് -മൂന്ന് സ്ലൈസ്
7. കുരുമുളകുപൊടി -ഒന്നര സ്പൂണ്‍
8. ഉപ്പ് -പാകത്തിന്
9. മല്ലിയില -കുറച്ച് 

തയാറാക്കുന്നവിധം:

ചീനച്ചട്ടിയില്‍ പകുതി വെണ്ണയിട്ട് ചെറിയ ഉള്ളിചുവക്കെ വഴറ്റുക. കൂണ്‍കഷണങ്ങള്‍ ഇതില്‍ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതില്‍ കോണ്‍ഫ്ലവര്‍ ചേര്‍ത്ത് ചെറുതീയില്‍ മൂപ്പിക്കുക. പാല്‍ കുറേശ്ശെ ചേര്‍ത്തിളക്കി കുറുകിവരുമ്പോള്‍ വാങ്ങിവെക്കുക. റൊട്ടിക്കഷണങ്ങളും കുരുമുളകും ഉപ്പും മല്ലിയിലയും ചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കാം.

2. കൂണ്‍ ബിരിയാണി

ചേരുവകൾ:

1. കുതിര്‍ത്ത ബിരിയാണി അരി -500 ഗ്രാം
ഉപ്പ് -പാകത്തിന്
നാരങ്ങാനീര് -ഒരു സ്പൂണ്‍
2. നെയ്യ് -100 ഗ്രാം
3. അണ്ടിപ്പരിപ്പ് -50 ഗ്രാം
ഉണക്കമുന്തിരി -50 ഗ്രാം
4. സവാള അരിഞ്ഞത് -200 ഗ്രാം
5. മുളകുപൊടി -ഒരു സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍
മല്ലിപ്പൊടി -ഒരു സ്പൂണ്‍
6. കറുവാപ്പട്ട -രണ്ടു കഷണം
ഗ്രാമ്പൂ -എട്ട് എണ്ണം
ഏലക്ക -അഞ്ച് എണ്ണം
7. പച്ചമുളക് അറ്റംപിളര്‍ന്നത് -നാല്
8. മല്ലിയില -ഒരു പിടി
9. വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂണ്‍
ഇഞ്ചി പേസ്റ്റ് -ഒരു സ്പൂണ്‍
10. പഴുത്ത തക്കാളി ചെറുതായി അരിഞ്ഞത് -150 ഗ്രാം
11. പുളിയില്ലാത്ത തൈര് -അരക്കപ്പ്
12. കൂണ്‍ ചെറുതായി അരിഞ്ഞത് -400 ഗ്രാം
13. ബീന്‍സ് -100ഗ്രാം
കാരറ്റ് -200 ഗ്രാം
പച്ചപ്പട്ടാണി -200 ഗ്രാം
14. തേങ്ങാപ്പാല്‍ -ഒരു കപ്പ്
15.ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്നവിധം:

പകുതി നെയ്യില്‍ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുകോരുക. പകുതി സവാള സ്വര്‍ണനിറമാകുംവരെ വറുത്ത് കോരിവെക്കുക. അഞ്ചാമത്തെ ചേരുവകള്‍ അല്‍പം വെള്ളംചേര്‍ത്ത് അരക്കുക. ബാക്കി നെയ്യൊഴിച്ച് ആറാമത്തെ ചേരുവയിട്ട് മൂത്തശേഷം ബാക്കി സവാളയും പച്ചമുളകും മല്ലിയിലയും ചേര്‍ത്ത് വഴറ്റുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. 11 മുതല്‍ 13 വരെയുള്ള ചേരുവകള്‍ ഇതിലിട്ട് നന്നായി വഴറ്റുക. തേങ്ങാപ്പാലും പാകത്തിന് ഉപ്പുംചേര്‍ത്ത് തിളച്ചശേഷം വാങ്ങുക. അരി ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മുക്കാല്‍ വേവാകുമ്പോള്‍ നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വാങ്ങുക. നെയ്മയം പുരട്ടിയ കുക്കറില്‍ കുറുമയും ചോറും ഒന്നിടവിട്ട് നിരത്തുക. ഇനി  വിസില്‍ വരുംവരെ ചൂടാക്കുക. നേരത്തേ തയാറാക്കിയ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവകൊണ്ടലങ്കരിച്ച് വിളമ്പാം.

3. കൂണ്‍ കട് ലറ്റ്

ചേരുവകൾ:

1. കൂണ്‍ ചെറുതായി അരിഞ്ഞത് -300 ഗ്രാം
2. കാരറ്റ് -50 ഗ്രാം
ബീന്‍സ് -50 ഗ്രാം
സവാള -50 ഗ്രാം
3. ഇഞ്ചി കൊത്തിയരിഞ്ഞത് -ഒരു കഷണം
4. പച്ചമുളക് കൊത്തിയരിഞ്ഞത് -ഏഴ്
5. മല്ലിയില -ഒരു സ്പൂണ്‍
ഉപ്പ് -പാകത്തിന്
6. കുരുമുളകുപൊടി -ഒരു സ്പൂണ്‍
7. ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് -100 ഗ്രാം
8. പച്ചപ്പട്ടാണി വേവിച്ചത് -50 ഗ്രാം
9. മൈദ കുറുകെ കലക്കിയത് -50 ഗ്രാം
10. റൊട്ടിപ്പൊടി -250 ഗ്രാം
11. എണ്ണ -400 ഗ്രാം

തയാറാക്കുന്നവിധം:

ചെറുതായി അരിഞ്ഞ കാരറ്റും ബീന്‍സും ചൂടാക്കിയ എണ്ണയിലിട്ട് വഴറ്റുക. പകുതി വഴലുമ്പോള്‍ കൂണ്‍ ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക. ഇതില്‍ ഇഞ്ചി, പച്ചമുളക്, കൊത്തിയരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് അഞ്ചു മുതല്‍ എട്ടുവരെയുള്ള ചേരുവകള്‍ നല്ലപോലെ ചേര്‍ത്തിളക്കി ഉരുളകളാക്കുക. കട്ലറ്റിന്‍െറ ആകൃതിയില്‍ പരത്തി മൈദമാവില്‍ മുക്കി റൊട്ടിപ്പൊടി പുരട്ടി ചൂടായ എണ്ണയില്‍ വറുത്തു കോരുക. 

4. കൂണ്‍ അച്ചാര്‍

ചേരുവകൾ:

1. കൂണ്‍ ചെറുതായി അരിഞ്ഞത് -300 ഗ്രാം
2. നല്ളെണ്ണ -150 മില്ലി ലിറ്റര്‍
3. കടുക് -ഒരു സ്പൂണ്‍
4. ഇഞ്ചി ചെറുതായി അരിഞ്ഞത് -50 ഗ്രാം
5. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് -50 ഗ്രാം
6. പച്ചമുളക് പൊടിയായി അരിഞ്ഞത് -50 ഗ്രാം
7. കറിവേപ്പില -മൂന്ന് തണ്ട്
8. മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍
9. മുളകുപൊടി -ഒരു സ്പൂണ്‍
10. ഉലുവ പൊടിച്ചത് -ഒരു സ്പൂണ്‍
11. വിനാഗിരി -75 മില്ലിലിറ്റര്‍
12. ഉപ്പ് -പാകത്തിന്

തയാറാക്കുന്നവിധം:

നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഇതില്‍ നാലുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ ചേര്‍ക്കുക. തൊട്ടുപിന്നാലെ കൂണ്‍ചേര്‍ത്ത് നന്നായി വഴറ്റുക. ബാക്കി ചേരുവകള്‍ ചേര്‍ത്ത് തിളപ്പിക്കുക. കൂണ്‍ അച്ചാര്‍ തണുത്തശേഷം തുടച്ചുവൃത്തിയാക്കിയ കുപ്പികളില്‍ നിറക്കുക. കൂടുതല്‍ നാള്‍ കേടുകൂടാതിരിക്കാന്‍ നല്ളെണ്ണ ചൂടാക്കി തണുത്ത ശേഷം മുകളില്‍ ഒഴിച്ച് നന്നായി അടച്ച് സൂക്ഷിക്കാം.

5. കൂണ്‍ ഫ്രൈ

ചേരുവകൾ:
1. കൂണ്‍ അരിഞ്ഞത് -200 ഗ്രാം
2. സവാള അരിഞ്ഞത് -200 ഗ്രാം
3. മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
4. മുളകുപൊടി -അര ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
6. ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
7. കടുക് -ആവശ്യത്തിന്
8. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
9. വെളുത്തുള്ളി -അഞ്ച് അല്ലി
10. പച്ചമുളക് -അഞ്ച് എണ്ണം
11. എണ്ണ, ഉപ്പ്, കറിവേപ്പില -ആവശ്യത്തിന്

തയാറാക്കുന്നവിധം:

ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടി കറിവേപ്പില ഇട്ടശേഷം വെളുത്തുള്ളി, ഇഞ്ചി, സവാള, പച്ചമുളക് എന്നിവ ഇട്ട് ഇളക്കിയ ശേഷം ഇതില്‍ കൂണ്‍ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഉപ്പ്, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റി ഫ്രൈ ആക്കി എടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.