കുറുക്കു കാളനു വേണം ക്ഷമയുടെ മേമ്പൊടി

12 ചേരുവകളും മേമ്പൊടിയായി അല്‍പം ക്ഷമയും ഉണ്ടെങ്കില്‍ ഇക്കുറി ഓണത്തിന് കുറുക്കു കാളന്‍ ആവാം. അല്ലെങ്കില്‍ ഒഴിച്ചുകൂട്ടാന്‍ പോലെ തെക്കന്‍മാരുടെ പുളിശ്ശേരി. നേന്ത്രക്കായ, ചേന, കുരുമുളക്, മഞ്ഞള്‍പ്പൊടി, തേങ്ങ, ജീരകം, വെണ്ണ മാറ്റിയ നല്ല പുളിച്ച മോര്, കറിവേപ്പില, വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, വറ്റല്‍മുളക് , ഉലുവ വറുത്തുപൊടിച്ചത് ഇത്രയുമാണ് കുറുക്കു കാളന്‍െറ ചേരുവകള്‍. നേന്ത്രക്കായ നെടുകെ കീറി നുറുക്കിയതും ചേന ചതുരത്തില്‍ നുറുക്കിയതും ചേര്‍ത്ത് പാകത്തിനു വെള്ളം വെച്ചു വേവിക്കുക. വേവ് കേറുമ്പോള്‍ കുരുമുളക് അരച്ചുകലക്കി അരിച്ചെടുത്തതും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വറ്റിക്കുക. പിന്നീട് മോര് ചേര്‍ത്ത് ഇളക്കിക്കൊണ്ടേയിരിക്കുക.

കുറച്ചുകഴിഞ്ഞാല്‍ മോര് പതയാനും പിന്നെ തിളക്കാനും തുടങ്ങും. അടിയില്‍പിടിക്കാതെ അതു നന്നായി കുറുകും വരെ ഇളക്കണം. അതാണ് ക്ഷമ എന്ന അത്യാവശ്യ ചേരുവയെപ്പറ്റി മുന്‍കൂറായി പറഞ്ഞത്. നന്നായി കുറുകിവന്നാല്‍ കുറച്ചു കറിവേപ്പില ഇട്ടശേഷം ഇറക്കിവെച്ച് അരപ്പു ചേര്‍ക്കാം. തേങ്ങയും ജീരകവും അല്‍പം മോരു കൂട്ടി  നല്ല വെണ്ണ പോലെ അരച്ചിട്ടുണ്ടാകണം. വെള്ളം തീരെ പാടില്ല എന്നതു കൊണ്ടാണ് നമ്മള്‍ മോരു ചേര്‍ത്തരക്കുന്നത് (മിക്സിയുടെ ബൗളില്‍ അരയ്ക്കാന്‍ അതില്ലാതെ പറ്റില്ലല്ലോ). അരകല്ലില്‍ തീരെ വെള്ളം തൊടാതെ വെണ്ണപ്പരുവത്തില്‍ ആണ് പണ്ടുള്ളവര്‍ അരച്ചിരുന്നതെന്ന് ഓര്‍ക്കുക. അപ്പോള്‍  അരപ്പു ചേര്‍ത്തിളക്കിയശേഷം  സ്വാദ് ക്രമീകരിക്കാന്‍ അല്‍പം പഞ്ചസാരകൂടി ചേര്‍ക്കാം.

പിന്നെ വെളിച്ചെണ്ണയില്‍ കടുകും വറ്റല്‍ മുളകും കറിവേപ്പിലയും മൂപ്പിച്ചു ചേര്‍ക്കുക. കുറച്ചൊന്നു ആറിക്കഴിഞ്ഞാല്‍ ഉലുവപ്പൊടി തൂകി ഇളക്കി വെക്കാം. ഇത്തിരി കഷ്ടപ്പാടാണെങ്കിലും ഒത്തിരി ദിവസത്തേക്ക് കൂട്ടാന്‍ ഉതകുന്നതാണ് കുറുക്കു കാളന്‍. ഫ്രിഡ്ജില്ലാത്ത പണ്ടു കാലങ്ങളില്‍ നല്ല കല്‍ച്ചട്ടിയില്‍ ഈ കൂട്ടാന്‍ ഉണ്ടാക്കി സൂക്ഷിച്ചുവെച്ചിരുന്നു. തലേന്നുതന്നെ ഉണ്ടാക്കി വെയ്ക്കാം എന്നതുകൊണ്ട് നമുക്കും പണി എളുപ്പം. മോരൊക്കെ വല്ലാതെ പുളിച്ചുപോയാല്‍ കുറുക്കി വറ്റിച്ചുവെച്ച് പിന്നീട് കാളന്‍ ആക്കിയെടുക്കുന്ന ഒരു സൂത്രവിദ്യയും ഉണ്ട് കേട്ടോ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.