ഇന്ന് തൃക്കേട്ട. നമുക്ക് എരിശ്ശേരിയുടെ കണക്കുകള്‍ പഠിച്ചുവെക്കാം. നല്ല മൂത്തുവിളഞ്ഞ് ലേശം മധുരമുള്ള മത്തങ്ങയും വന്‍പയറും ചേര്‍ന്ന ഈ കൂട്ടാന്‍ പലരുടെയും കുട്ടിക്കാലത്തെ ഇഷ്ടങ്ങളില്‍ ഒന്നാവും. ഒടുവില്‍ മൂപ്പിച്ചു ചേര്‍ക്കുന്ന തേങ്ങയുടെ മണം കൂടി ചേര്‍ന്ന് സ്വാദേറുന്ന ഈ വിഭവം കുട്ടിക്കാലത്ത് പലരും ചുമ്മാ പുഴുക്കു പോലെ ആസ്വദിച്ച് തിന്നിട്ടുണ്ടാകും. വന്‍പയര്‍ കുതിര്‍ത്തിവെച്ചാല്‍ എളുപ്പമുണ്ട്. ഗുണം കൂടുതല്‍ ഉണ്ടെന്നുള്ളതു കൊണ്ടും ഗ്യാസിന്‍െറ ഉപദ്രവം ഉണ്ടാവില്ല എന്നതു കൊണ്ടും മുളപൊട്ടിയ പയറുകൊണ്ട് എരിശ്ശേരി ഉണ്ടാക്കിയാല്‍ നന്നാവും. ഉത്രാടത്തിന് വൈകീട്ട് പയര്‍ കുതിരാന്‍ ഇടുക.
രാത്രി എല്ലാ പണികളും തീര്‍ത്ത് അടുക്കള പൂട്ടുമ്പോള്‍ നന്നായി കഴുകിവാരി അടച്ചുവെച്ചോളൂ. രാവിലെ മുളപൊട്ടിയിരിക്കും. അങ്ങനെ കുതിര്‍ത്ത പയറോ മുളപ്പിച്ച പയറോ പ്രഷര്‍ കുക്കറില്‍ അല്‍പം വെള്ളംവെച്ചു വേവിച്ചുവെക്കുക. ഒറ്റ വിസില്‍ മതി. വെള്ളം തീരെ കുറച്ചു മതി. അല്ളെങ്കില്‍ വെന്തു വല്ലാതെയാകും. ഇനി നുറുക്കിയ മത്തങ്ങാ കഷണങ്ങള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്തു വേവിക്കുക. സദ്യക്ക് വിളമ്പാന്‍ ആവുമ്പോ എരിശ്ശേരി നല്ല കട്ടിയായി ഇരിക്കണം.
അതുകൊണ്ട് വെന്തുവരുമ്പോള്‍ വേവിച്ച പയറും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വെള്ളം വലിയുന്നതുവരെ ചെറിയ തീയില്‍ വെക്കുക. അപ്പോഴേക്ക് തേങ്ങയും ജീരകവും കുറച്ച് തരുതരുപ്പായി അരച്ചുവെക്കാം. എന്നിട്ട്, ഈ അരപ്പുചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒന്നു തിളവന്നാല്‍ തീ അണക്കാം. ഇനി വറുത്തിടണം. അതിന് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റല്‍മുളകും കറിവേപ്പിലയും മൂപ്പിക്കണം. പിന്നെ, ചിരകിയ തേങ്ങ ചേര്‍ത്ത് നല്ല സ്വര്‍ണനിറം വരുംവരെ മൂപ്പിച്ചു കൂട്ടാനിലേക്ക് ചേര്‍ക്കാം.
മേമ്പൊടി: ചിരകിയ തേങ്ങ മിക്സിയുടെ ചെറിയ ബൗളില്‍ ഇട്ടു കറക്കി (അരയേണ്ട) എടുത്താല്‍ തേങ്ങാപ്പീര ഒരേ വലുപ്പമാകും. തേങ്ങ വറുക്കേണ്ട കറികളില്‍ എല്ലാം ഈ സൂത്രം ചെയ്തോളൂ. ഒരുമിച്ച് ഒരേപോലെ മൂത്തു കിട്ടും. പിന്നെ പണ്ടൊക്കെ തീയലിനും വറുത്തരച്ച കൂട്ടാനിനും ഒക്കെ വെളിച്ചെണ്ണ ചേര്‍ത്തു തേങ്ങ മൂപ്പിച്ചിരുന്നു. ഇന്നത്തെ കാലത്തെ ആളുകളുടെ ആരോഗ്യസ്ഥിതിവെച്ചുനോക്കുമ്പോ അതിനുപകരം തേങ്ങ എണ്ണയില്ലാതെ മൂപ്പിച്ച് അരച്ചാല്‍ മതി കേട്ടോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.