ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം എന്നാണു ചൊല്ല്. സദ്യവട്ടം കെങ്കേമമാക്കുന്നതിനുള്ള പ്രഥമനും പാല്‍പായസവുമാണ് രുചിപ്പൂക്കളത്തില്‍ അവസാനത്തേത്. ഒരു ഏത്തപ്പഴം കടലപ്പരിപ്പ് ഗോതമ്പു പ്രഥമനും സ്പെഷല്‍ സേമിയ ബദാം കാരറ്റ് പാല്‍ പായസവും തയാറാക്കുന്ന വിധമാണ് പറഞ്ഞുതരുന്നത്. പരമ്പരാഗത പായസങ്ങളുടെ ചേരുവകള്‍ ഒന്നു നന്നാക്കിയെന്നേയുള്ളൂ. രുചി അതിലും നന്നാവും. പാചകരീതിയൊക്കെ പഴയതുതന്നെ.
1. ഏത്തപ്പഴം കടലപ്പരിപ്പ് ഗോതമ്പു പ്രഥമന്‍
ചുക്കുപൊടിച്ചതും വറുത്ത ജീരകവും തൊലിമാറ്റിയ ഏലക്കായും നന്നായി പൊടിച്ചുവെക്കുക. അരമുറി തേങ്ങ കൊത്തിയെടുത്ത് ചെറുതായി അരിഞ്ഞു നെയ്യില്‍ വറുത്തുവെക്കുക. കശുവണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തു വെക്കുക. രണ്ടു തേങ്ങ ചിരകി അരച്ചു പിഴിഞ്ഞ് ഒന്നാം പാല്‍ എടുക്കുക.
കുറച്ചു വെള്ളം ചേര്‍ത്തു രണ്ടാം പാലും പിന്നെയും ഒരിക്കല്‍കൂടി വെള്ളം ചേര്‍ത്ത് മൂന്നാം പാലും എടുത്തുവെക്കുക. 250 ഗ്രാം സൂചി ഗോതമ്പു നുറുക്ക് നന്നായി വറുത്തെടുക്കുക. വറുത്ത ഗോതമ്പ് ഇരട്ടി വെള്ളം ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു വെക്കുക. ഇനി 100 ഗ്രാം കടലപ്പരിപ്പും പ്രഷര്‍ കുക്കറില്‍ വേവിച്ചു വെക്കണം. രണ്ടു ഏത്തപ്പഴം നെടുകെ കീറി കുരു കളഞ്ഞ് മിക്സിയില്‍ നന്നായി അരച്ചെടുക്കണം. 500 ഗ്രാം ശര്‍ക്കര കുറച്ചു വെള്ളത്തില്‍ ഉരുക്കി തണുക്കുമ്പോള്‍ നേര്‍ത്ത തുണിയിലൂടെ അരിച്ചുവെക്കുക.
ഉരുളിയോ ചുവടു കട്ടിയുള്ള പരന്ന പാത്രമോ അടുപ്പില്‍വെച്ച് ശര്‍ക്കരപ്പാനി ഒഴിച്ച് ചൂടാകുമ്പോള്‍ തീ കുറച്ചുവെച്ച് വേവിച്ച ഗോതമ്പും കടലപ്പരിപ്പും അരച്ച ഏത്തപ്പഴവും ചേര്‍ത്തു നന്നായി വരട്ടുക. നന്നായി വറ്റിയാല്‍ ഒന്നോ രണ്ടോ ടേബ്ള്‍ സ്പൂണ്‍ നെയ്യ് കൂടി ചേര്‍ത്തു വരട്ടുക. ഇനി അതിലേക്കു മൂന്നാം പാല്‍ ചേര്‍ത്ത് നന്നായി വറ്റിയാല്‍ രണ്ടാം പാല്‍ ചേര്‍ത്തിളക്കി നന്നായി കുറുകുമ്പോള്‍ തീ അണച്ചശേഷം ഒന്നാം പാല്‍ ചേര്‍ത്തിളക്കുക.
ഇനി പൊടിച്ചുവെച്ച ചുക്ക്, ജീരകം, ഏലക്ക മിശ്രിതവും വറുത്തുവെച്ച തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് അടച്ചുവെക്കുക. വിളമ്പും വരെ അതേ ഉരുളിയില്‍ തന്നെവെച്ചിരിക്കണം.
2. സേമിയ ബദാം കാരറ്റ് പാല്‍പായസം
സേമിയയും പാലും മാത്രമായിട്ടല്ളേ സ്ഥിരം പായസം ഉണ്ടാക്കുക. അതിലും രുചിയുള്ള ഈ പായസം ഒന്നുണ്ടാക്കി നോക്കൂ. ഒരു കപ്പ് സേമിയ അല്‍പം നെയ്യ് ചേര്‍ത്ത് ചുവക്കെ വറുത്തുവെക്കുക. ഒരു വലിയ കാരറ്റ് ഗ്രേറ്റ് ചെയ്തു നെയ്യില്‍ വഴറ്റി വെക്കണം. ബദാം ചൂടുവെള്ളത്തില്‍ ഇട്ടു കുതിര്‍ത്തി തൊലി കളഞ്ഞ ശേഷം അരച്ചുവെക്കുക. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്തുവെക്കുക. തൊലികളഞ്ഞ ഏലക്ക അല്‍പം പഞ്ചസാര ചേര്‍ത്ത് പൊടിച്ചുവെക്കുക. ഇനി ചുവടു കട്ടിയുള്ള പാത്രത്തില്‍ ഒരു കപ്പു പാലും ഒരു കപ്പ് വെള്ളവും തിളക്കുമ്പോള്‍ സേമിയ ഇട്ടു വേവിക്കുക. സേമിയ പാകത്തിന് വെന്താല്‍ അരക്കപ്പ് പഞ്ചസാരയും നാലു കപ്പ് പാലുംകൂടി ചേര്‍ത്ത് കുറുകിവരുമ്പോള്‍ വഴറ്റിയ കാരറ്റും അരച്ചുവെച്ച ബദാമും ചേര്‍ത്ത് പാകത്തിന് വറ്റുമ്പോള്‍ വറുത്തുവെച്ച അണ്ടിപ്പരിപ്പും കിസ്മിസും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കി വാങ്ങിവെക്കാം.(മധുരം പോരെങ്കില്‍ അല്‍പംകൂടി പഞ്ചസാര ഇടക്ക് ചേര്‍ത്താല്‍ മതി.
വിളമ്പുമ്പോള്‍ വല്ലതെ കുറുകി ഇരുന്നാല്‍ കുറച്ചുകൂടി തിളപ്പിച്ച പാല്‍ ചേര്‍ത്ത് നേര്‍പ്പിക്കുക. മേമ്പൊടി: ഇന്നു കുറെ കാര്യങ്ങള്‍ ഒരുക്കിവെച്ചാല്‍ നാളെ സദ്യ ഉണ്ടാക്കല്‍ എളുപ്പമാവും. രാത്രിയില്‍ പായസത്തിനുവേണ്ടി തേങ്ങാപ്പാല്‍ എടുത്ത് ഫ്രിഡ്ജില്‍വെക്കാം. തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുവെക്കാം. നുറുക്ക് ഗോതമ്പും സേമിയയുമൊക്കെ വറുത്തുവെക്കാം. ശര്‍ക്കരപ്പാനിയുണ്ടാക്കി അരിച്ചുവെക്കാം. ചോറുവെക്കാനും തോരനുണ്ടാക്കാനും പപ്പടം കാച്ചാനും മറന്നുപോവില്ലല്ളോ. ഒരു നല്ല ഓണസദ്യയുണ്ടാക്കി എല്ലാവരും ഈ അവധിക്കാലം ആഘോഷമാക്കൂ. എല്ലാര്‍ക്കും ‘നല്ളോണം’ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.