സർക്കസും ക്രിക്കറ്റും പോലെ തന്നെ തലശ്ശേരിയുടെ ചരിത്രത്തിന്റെ ഭാഗമാണ് കേക്കും. ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ്... ഇൗ മൂന്നു ‘സി’കൾ ചേരാതെ തലശ്ശേരിക്ക് ചരിത്രമില്ല. കേക്കിന്റെ പൈതൃകം തുറന്നു കാട്ടുന്നത് തലശ്ശേരിയുടെ ഭൂതകാല പ്രതാപത്തെയാണ്. ഇന്ന് കേക്ക് ഏത് ആഘോഷങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. ക്രിസ്മസ് കാലത്ത് വിവിധ രൂപത്തിലും ഭാവത്തിലും രുചിയിലും ബേക്കറികളിലും മറ്റും തയാറാക്കിവെക്കുന്ന കേക്കുകൾ ഏറെ ആകർഷകമാണ്. പിറന്നാളിന് മാത്രമല്ല ഏത് ആഘോഷത്തിനും കേക്ക് മുറിക്കുന്നതും നിത്യസംഭവം. എന്നാൽ, ഇത്രയും കൊതിപ്പിക്കുന്ന കേക്കുകൾ ഉണ്ടായ ചരിത്രം അറിയുേമ്പാൾ കേക്കുകളുടെ മധുരം ഇരട്ടിയാകും.
ആഘോഷവേളകളിലും പിറന്നാൾ ആഘോഷങ്ങളിലും കേക്ക് മുറിക്കുന്നത് സങ്കൽപത്തിൽ പോലും ഇല്ലാതിരുന്ന കാലത്താണ് പൈതൃക നഗരിയായ തലശ്ശേരിയിൽ കേക്ക് ജന്മം കൊണ്ടത്. അതെ, ഇന്ത്യയിലെ ആദ്യത്തെ ക്രിസ്മസ് കേക്ക്. 1880ലാണ് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു തലശ്ശേരിയിൽ മമ്പള്ളി റോയല്‍ ബിസ്കറ്റ്സ് ഫാക്ടറി സ്ഥാപിച്ചത്. ഇൗ ബേക്കറിയാണ് കേക്കിന്റെ ഇന്ത്യൻ ചരിത്രത്തിന് പിന്നീട് തുടക്കം കുറിച്ചത്. മമ്പള്ളി ബേക്കറിയെ ഇതിലേക്ക് നയിച്ചത് അഞ്ചരക്കണ്ടിയിൽ തോട്ടമുണ്ടായിരുന്ന ബ്രൗണ്‍ സായിപ്പാണെന്നത് ചരിത്രം.
1883ലെ ഒരു ദിവസം മമ്പള്ളിയുടെ തലശ്ശേരിയിലെ ബേക്കറിയിലെത്തിയ അദ്ദേഹം നാട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു കഷണം കേക്ക് നൽകി അതുപോലെ ഒരു ക്രിസ്മസ് കേക്ക് ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. സായിപ്പ് നൽകിയപ്പോഴാണ് മമ്പള്ളി ബാപ്പു ആദ്യമായി കേക്ക് കാണുന്നത് തന്നെ. സായിപ്പ് തന്നെ കേക്ക് ഉണ്ടാക്കുന്നവിധം ബാപ്പുവിന് പറഞ്ഞു കൊടുത്തു.
പിന്നീട് ബേക്കറിക്ക് മുന്നിലെത്തിയ ബ്രൗൺ സായിപ്പിനോട് മമ്പള്ളി ബാപ്പു നെഞ്ചുവിരിച്ചു നിന്ന് ‘‘കേക്ക് റെഡി സായിപ്പേ’’ എന്ന് പറഞ്ഞത് ഒരു വെല്ലുവിളിയുടെ മറുപടിയെന്നോണമായിരുന്നു. ഉടന്‍ ബേക്കറിയില്‍ കയറിയ സായിപ്പ് കേക്ക് രുചിച്ചുനോക്കി. ‘‘എക്സലന്റ്’’ എന്നായിരുന്നു സായിപ്പിന്റെ മറുപടി. അങ്ങനെ 1883 ഡിസംബർ 23ന് ബാപ്പു ഇന്ത്യയിൽ ആദ്യമായി തലശ്ശേരിയിൽ ക്രിസ്മസ് കേക്കുണ്ടാക്കി. ഇത് നന്നായി ഇഷ്ടപ്പെട്ട സായിപ്പ് വേറെ ഒരു ഡസൻ കേക്കിന് കൂടി ഓർഡർ നൽകിയെന്നതും തലശ്ശേരിയുടെ കേക്ക് ചരിത്രം.
വെല്ലസ്ലി പ്രഭുവിലൂടെ ക്രിക്കറ്റിനും കീലേരി കുഞ്ഞിക്കണ്ണനിലൂടെ സര്‍ക്കസിനും ജന്മം നല്കിയ തലശ്ശേരിയില്‍ തന്നെ കേക്കിനും ജന്മം നല്‍കിയത് ചരിത്രത്തിന്റെ നിയോഗം. കല്ലു കൊണ്ടുള്ള കുടുക്കയില്‍ ഗോതമ്പ് പൊടിക്കുന്ന യന്ത്രവുമായാണ് ബാപ്പു ബേക്കറി (അപ്പക്കൂട്) സ്ഥാപിച്ചത്. കള്ള് ചേര്‍ത്താണ് അന്ന് മാവ് കുഴച്ചിരുന്നത്. പുളിപ്പില്‍ വരുന്ന മാറ്റം പലപ്പോഴും പലഹാരങ്ങളുടെ രുചി വ്യത്യാസത്തിന് കാരണമായി. പ്രത്യേകിച്ച് റൊട്ടിയുടെ കാര്യത്തിൽ. അത് പരിഹരിക്കാനായിരുന്നു ബാപ്പുവിന്റെ അടുത്ത ശ്രമം. ഗോവയിലെ ഒരു സായിപ്പില്‍ നിന്ന് ഇതിന്റെ ശാസ്ത്രീയവശം മനസിലാക്കി ആ കുറവും പരിഹരിച്ചു.
ഇംഗ്ലണ്ടിലെ വിപണിയിലിറങ്ങുന്ന പുതിയതരം ബിസ്കറ്റുകളും കേക്കും തലശ്ശേരിയിലെത്തിച്ച് അതുപോലെ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ട മദാമ്മമാരും സായിപ്പുമാരും അക്കാലത്തുണ്ടായിരുന്നു. തലശ്ശേരിയില്‍ വളര്‍ന്ന ബേക്കറി വ്യവസായം അവിടെ നിന്ന് കോഴിക്കോട്ടേക്കും പിന്നീട് കൊച്ചിയിലേക്കും വ്യാപിച്ചു. കൊച്ചി കാന്ഷെഡ് റോഡില്‍ 1939ല്‍ മമ്പള്ളി കുടുംബം സ്ഥാപിച്ച കൊച്ചിന് ബേക്കറിയും തലശ്ശേരി പെരുമ നിറഞ്ഞതായിരുന്നു. കൊച്ചിയില്‍ നിന്ന് തിരുവിതാംകൂറിലേക്കും പിന്നീട് അവിടെ നിന്ന് നാഗര്‍കോവിലിലേക്കും ബേക്കറി വ്യവസായമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.