'കോലാപൂര്‍' സന്ദര്‍ശിക്കുക എന്ന എന്‍റെ ചിരകാലമോഹം ചിറകുവിടര്‍ത്തി പറന്നത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു.  മുംബൈയിലെ അയല്‍വാസിയായ ലളിത ദല്‍വി ആന്‍റിയുടെ കൂട്ടുകാരി അല്‍ക്ക ദെവ്ഗൊകര്‍, ദല്‍വി ആന്‍റിയെ സന്ദര്‍ശിക്കാനെത്തിയത് അതിന് നിമിത്തമായി. കോലാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം ആന്‍റിയുടെ വീടിനു തൊട്ടടുത്താണു താനും.

കോലാപുരി ശാലിനി കൊട്ടാരം
 


മുംബൈയില്‍നിന്ന് രാത്രി 8.20നുള്ള മഹാലക്ഷ്മി എക്സ്പ്രസിലായിരുന്നു യാത്ര. പിറ്റേന്ന് രാവിലെ 7.30ന് ഷാഹു മഹാരാജ്  ടെര്‍മിനസില്‍ ഞങ്ങൾ എത്തിച്ചേര്‍ന്നു. മുംബൈയില്‍ നിന്ന് 380 കി.മി. ദൂരമുണ്ട് കോലാപൂരിലേക്ക്. കോലാപൂര്‍ ചരിത്ര പശ്ചാത്തലമുള്ള ചെറുനഗരമാണ്. തീരദേശ കൊങ്കണിനും ഡെക്കാന്‍ സമതലത്തിനും ഇടയിലാണ് കോലാപൂര്‍.  കോലാപൂരിനു ‘കലാപൂര്‍’ എന്നും പേരുണ്ട്. കലാപരവും സാംസ്കാരികവുമായ പാരമ്പര്യമുള്ള നാട്. മറ്റൊരു പേര് ദക്ഷിണകാശി എന്നാണ്. ഉസ്താദ് അല്ലാദിയ ഖാന്‍, കേശവ്റാവു ഭോസ് ലെ, ഗോവിന്ദ് റാവു തുടങ്ങിയവരാണ് ഇവിടെ ഹിന്ദുസ്ഥാനി സംഗീതത്തെ പോഷിപ്പിച്ചത്. അബലാല്‍ റഹ്മാന്‍, ബാബ ഗജ്ബാര്‍, രവീന്ദ്ര മിസ്ത്രി തുടങ്ങിയവരുടെ  വിരലുകളാല്‍ ചിത്രരേഖകള്‍ തഴച്ചുവളര്‍ന്നു. വ്യത്യസ്തങ്ങളായ മതങ്ങളും സംസ്കാരങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെടാവുന്ന ഇവിടത്തെ ജനങ്ങള്‍, വളരെ ഒത്തൊരുമയോടും ശാന്തിയോടും ജീവിക്കുന്നു. നല്ല  ആതിഥേയരുമാണവര്‍.

കോലാപുരിയിലെ മഹാലക്ഷ്മി ക്ഷേത്രം
 


പിറ്റേന്ന് വെളുപ്പിനു തന്നെ മഹാലക്ഷ്മിയിലേക്ക് പുറപ്പെട്ടു. പ്രഭാതത്തിലെ കുളിരും ഭക്തിയുടെ ചൂടും എല്ലാംകൂടി നല്ലൊരുന്മേഷം തോന്നി. ദര്‍ശനം കഴിയാന്‍ കുറച്ചധികം സമയമെടുത്തു. വയര്‍ വിശന്നു പൊരിഞ്ഞുതുടങ്ങി. അടുത്തുള്ള  തെരുവിലെ തട്ടുകടയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മഹാരാഷ്ട്രയുടെ തനതു വിഭവമാണ് ‘മിസല്‍ പാവ്’. ഇവിടെ കിട്ടുന്നതിലും നല്ല മിസല്‍ പാവ്  മറ്റെവിടെനിന്നും കിട്ടുകയില്ലെന്ന് അല്‍ക്ക ആന്‍റി  തെല്ലൊരഭിമാനത്തോടെ പറഞ്ഞു.
സാമാന്യം നല്ല തിരക്കും ആ ചെറിയ കടയില്‍  അനുഭവപ്പെട്ടു. എങ്കിലും ചൂടോടെ കിട്ടിയ മിസല്‍ പാവും മസാല ചായയും  ഞങ്ങളുടെ നാവിന്‍റെ രുചിയെ ഉണര്‍ത്തുകയും വയറിന്‍റെ കാളല്‍ മാറ്റുകയും ചെയ്തു.  


മിസല്‍ പാവ്

മിസല്‍ (മിശ്രിതം എന്നര്‍ഥം) മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വിഭവമാണ്. പ്രഭാത ഭക്ഷണമായോ ഉച്ചഭക്ഷണമായോ കഴിക്കാം. അത് ഉണ്ടാക്കാനും എളുപ്പമാണ്. വളരെ പ്രശസ്തമായ ഈ ലഘുഭക്ഷണം താരതമ്യേന നല്ല പോഷക മൂല്യമുള്ളതാണ്. മഹാരാഷ്ട്രയിലെ ദെഷ് എന്ന സ്ഥലത്തു നിന്നാണ് ഈ വിഭവത്തിന്‍റെ ഉദ്ഭവം. മട്കി (ചെറുപയര്‍പോലെ) എന്ന പയര്‍ മുളപ്പിച്ച് ഉപയോഗിച്ചാണ് സ്വാദിഷ്ഠമായ ഈ വിഭവം തയാറാക്കുന്നത്. എരിവും പുളിയും നമ്മുടെ ഇഷ്ടാനുസരണം ചേര്‍ക്കാവുന്നതേ ഉള്ളൂ. അലങ്കരിക്കാന്‍ ഉരുളക്കിഴങ്ങ് ചീവ്ട മിക്സ്, ഫര്‍സന്‍ (കടലമാവ് ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കുഴച്ച് എണ്ണയില്‍ മുറുക്ക് പാകത്തിന് വറുത്തുകോരിയത്), അല്ലെങ്കില്‍ നമ്മുടെ മിക്സ്ചര്‍ ആയാലും മതി, സവാള ചെറുതായി അരിഞ്ഞത്, ചെറുനാരങ്ങ, മല്ലിയില, പപ്പടം പൊടിച്ചത് ഇതൊക്കെയാണ് പ്രധാന ചേരുവകള്‍.

ചേരുവകള്‍:

  • മുളപ്പിച്ച മട്കി (മുളപ്പിച്ച ചെറുപയര്‍) -2 കപ്പ്
  • ഉരുളക്കിഴങ്ങ് -1 വലുത്
  • സവാള -1 (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് -2 എണ്ണം ചെറുതായി അരിഞ്ഞത്
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
  • മല്ലിയില അരിഞ്ഞത് -1 ടീസ്പൂണ്‍
  • ചെറുനാരങ്ങ ജ്യൂസ് -ഒരു ചെറുനാരങ്ങയുടെ
  • മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി -അര ടീസ്പൂണ്‍
  • ഗരംമസാല അര ടീസ്പൂണ്‍ (മഹാരാഷ്ട്രയില്‍ ഗോഡ മസാലയാണ് ഉപയോഗിക്കുക. അതിനുപകരം ഗരം മസാലയായാലും മതി.)
  • കടുക് -അര ടീസ്പൂണ്‍
  • ജീരകം - അര ടീസ്പൂണ്‍
  • കായപ്പൊടി -ഒരു നുള്ള്
  • കറിവേപ്പില - ഒരു തണ്ട്
  • എണ്ണ (സണ്‍ ഫ്ലവര്‍ ഓയില്‍ ) -12 ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്

കറിക്കുള്ള മസാല തയാറാക്കാന്‍ ആവശ്യമായവ:

  • തേങ്ങാക്കൊത്ത് -അര കപ്പ് ചെറുതായി അരിഞ്ഞെടുത്തത്
  • സവാള -1 വലുതായി അരിഞ്ഞത്
  • തക്കാളി -2 എണ്ണം അരിഞ്ഞത്
  • വെളുത്തുള്ളിയല്ലി- 4-5
  • ഇഞ്ചി -മുക്കാലിഞ്ച് അരിഞ്ഞത്
  • മല്ലിയില അരിഞ്ഞത് -1 ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  • മുളകുപൊടി -1 ടീസ്പൂണ്‍
  • മല്ലിപ്പൊടി -1 ടീസ്പൂണ്‍
  • ജീരകപ്പൊടി -അര ടീസ്പൂണ്‍
  • ഗരംമസാല, അല്ലെങ്കില്‍ ഗോഡ മസാല -അര ടീസ്പൂണ്‍
  • എണ്ണ -2-3 ടീസ്പൂണ്‍
  • കടുക് -ആവശ്യത്തിന്
  • കായപ്പൊടി -ഒരു നുള്ള്
  • പഞ്ചസാര  -കുറച്ച്
  • പുളി -ഒരു ചെറിയ ഉരുള പിഴിഞ്ഞെടുത്തത്
  • ഉപ്പ്  -ആവശ്യത്തിന്


വിളമ്പാന്‍ ആവശ്യമായത്:

  • പാവ് (ബണ്‍) -6
  • കടഞ്ഞ തൈര് -കുറച്ച്
  • സവാള -ചെറുതായി അരിഞ്ഞത്
  • തക്കാളി -ചെറുതായി അരിഞ്ഞത്
  • മല്ലിയില -ചെറുതായി അരിഞ്ഞത്
  • ഫര്‍സന്‍/ മിക്സ്ചര്‍


മട്കി, അല്ലെങ്കില്‍ ചെറുപയര്‍ മുളപ്പിച്ചത് ഉപ്പിട്ട് വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങ് വേവിച്ചു ചെറുതായി അരിഞ്ഞെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ടു പൊട്ടിക്കുക. ജീരകവും കറിവേപ്പിലയും ഇടുക. ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക. അതിലേക്കു വേവിച്ചുവെച്ച മട്കിയും ഉരുളക്കിഴങ്ങും രണ്ടു മിനിറ്റ് നേരം ഇളക്കുക. മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ക്രമത്തില്‍ ചേര്‍ത്തിളക്കുക. അല്‍പം വെള്ളം തളിച്ച് പാത്രത്തിന്‍െറ അടപ്പ് അടച്ചുവെച്ച് കുറച്ചുസമയം വേവിക്കുക. അടുപ്പില്‍നിന്നിറക്കി ചെറുനാരങ്ങ നീരും മല്ലിയില അരിഞ്ഞതും തൂവുക.

മസാല തയാറാക്കുന്ന വിധം:

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ അരിഞ്ഞുവെച്ചിരിക്കുന്ന സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ സ്വര്‍ണ നിറമാകുന്നതുവരെ വഴറ്റുക. അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന തക്കാളിയിട്ട് വീണ്ടും വഴറ്റുക. തണുക്കാന്‍ അനുവദിക്കുക. തണുത്തു കഴിയുമ്പോള്‍ തേങ്ങാക്കൊത്ത് ഈ മിശ്രിതത്തിന്‍െറ കൂടെ നന്നായി അരക്കുക. ഒരു പാനില്‍ വീണ്ടും രണ്ടു സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുക് പൊട്ടിച്ച് കായപ്പൊടി ഇടുക. അരച്ചുവെച്ച അരപ്പ് ഇട്ട് നന്നായി വഴറ്റുക. അതിലേക്കു മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്, പഞ്ചസാര ഇവയെല്ലാമിട്ട് എണ്ണ തിരിയുംവരെ വഴറ്റുക. അതിലേക്കു മൂന്നു കപ്പ് വെള്ളം, പുളിവെള്ളം, ഗരംമസാല ചേര്‍ക്കുക. 5-10 മിനിറ്റ് തിളപ്പിക്കുക. അതിലേക്ക് മല്ലിയില അരിഞ്ഞതിട്ട് അടുപ്പില്‍നിന്ന് ഇറക്കിവെക്കുക. വലിയൊരു ഭംഗിയുള്ള പാത്രത്തില്‍ മുട്കി ഉസല്‍ നിറക്കുക. അതിലേക്കു തയാറാക്കിവെച്ചിരിക്കുന്ന മസാല ഒഴിക്കുക. ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള സവാളയും തക്കാളിയും മല്ലിയിലയും തൈരും ചേര്‍ക്കുക. അതിനു മുകളിലേക്ക് ഫര്‍സന്‍, അല്ളെങ്കില്‍ മിക്സ്ചര്‍ വിതറി അലങ്കരിക്കുക. ചെറുനാരങ്ങാ നീര് തളിക്കുക.

മിസല്‍ പാവ് കഴിക്കേണ്ടവിധം:
ബണ്‍ ഒരു കഷണം മുറിച്ചെടുത്ത് മിസല്‍ കറിയില്‍ മുക്കി, മിക്സ്ചര്‍ ചേര്‍ത്ത് കഴിക്കുക.

ഗോഡ മസാല ഉണ്ടാക്കേണ്ട വിധം:
തേങ്ങാക്കൊത്ത്, കസ്കസ്, കറുകയില, വറ്റല്‍മുളക്, ജീരകം, മല്ലി, കറുവപ്പട്ട, ഗ്രാമ്പു, കുരുമുളക് ഇതെല്ലം കൂടി എണ്ണയില്ലാതെ ചൂടാക്കി പൊടിച്ചെടുക്കുക.

തയാറാക്കിയത്: ആശ എം.ടി

Tags:    
News Summary - marathi dishes misal pav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.