മധ്യതിരുവിതാംകൂര്‍ നോണ്‍ വെജ് വിഭവങ്ങൾ

കൊഞ്ച് കുഴമ്പ്, ബീഫ് ഉലര്‍ത്തിയത്, കോഴി വാഴയിലയില്‍ പൊതിഞ്ഞത് എന്നീ പരമ്പരാഗത മധ്യതിരുവിതാംകൂര്‍ നോണ്‍ വെജ് വിഭവങ്ങളുമായി ക്രിസ്തുമസ് ആഘോഷിക്കാം...

1. കൊഞ്ച് കുഴമ്പ്

ചേരുവകൾ:

  • കൊഞ്ച്- അര കിലോ
  • മുളക്പൊടി- 3 ടേബ്ള്‍ സ്പൂണ്‍
  • ഉള്ളി- 250 ഗ്രാം
  • ഇഞ്ചി, വെളുത്തുള്ളി- 1 ടേബ്ള്‍ സ്പൂണ്‍ വീതം
  • കുരുമുളക്പൊടി- 1 ടേബിള്‍ സ്പൂണ്‍ (മുളകു പൊടി മുതല്‍ കുരുമുളക് പൊടി വരെ മിക്സ് ചെയ്ത് അരപ്പാക്കി വെക്കുക)
  • ഉപ്പ്, കറിവേപ്പില, കടുക്, എണ്ണ- ആവശ്യത്തിന്

തയാറാക്കുന്ന വിധം:
കൊഞ്ച് നന്നായി കഴുകി വാരി ഉടന്‍തന്നെ, തയാറാക്കി വെച്ചിരിക്കുന്ന അരപ്പ് പുരട്ടിവെക്കുക. ഒരു ചീനച്ചട്ടി അടുപ്പത്തുവെച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച ശേഷം കറിവേപ്പില ഇടുക. ഇതിനുശേഷം പുരട്ടിവെച്ചിരിക്കുന്ന കൊഞ്ച് ഇട്ട് ഇളക്കി, ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് കുഴമ്പ് പരുവത്തിലാകുമ്പോള്‍ വാങ്ങുക.

2. ബീഫ് ഉലര്‍ത്തിയത്

ചേരുവകൾ:

  • പോത്തിറച്ചി- ഒരു കിലോ
  • മഞ്ഞള്‍പൊടി- 1 ടീ സ്പൂണ്‍
  • മുളക്പൊടി- 2 ടേബ്ള്‍ സ്പൂണ്‍
  • ഗരം മസാല- 1 ടേബ്ള്‍ സ്പൂണ്‍
  • കറിവേപ്പില- ആവശ്യത്തിന്
  • വെളുത്തുള്ളി- 3 കുടം
  • ഇഞ്ചി- 2 കഷണം
  • കുരുമുളക്പൊടി- 2 ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • കടുക്- ആവശ്യത്തിന്
  • എണ്ണ- ഫ്രൈ ചെയ്യാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം:
മുളകുപൊടി, ഗരം മസാല, കറിവേപ്പില, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പോത്തിറച്ചി കുക്കറില്‍ നന്നായി വേവിക്കുക. പിന്നീട് ഇറച്ചി തണുത്ത ശേഷം വിരല്‍ നീളത്തില്‍ കഷണങ്ങളാക്കുക. എണ്ണ, കടുക് പൊട്ടി ചൂടാകുമ്പോള്‍ ഇറച്ചി കുറേശ്ശെ ഇട്ട് വറുത്തു കോരുക. കോരുന്നതിനു തൊട്ടുമുമ്പ് അല്‍പം കുരുമുളക് പൊടിയും കറിവേപ്പിലയും ചേര്‍ക്കുക.

3. കോഴി വാഴയിലയില്‍ പൊതിഞ്ഞത്

ചേരുവകൾ:

  • കോഴി- 1 കിലോ (ചില്ലി പീസ്)
  • ചെറിയ ഉള്ളി രണ്ടായി കീറിയത്- അര കിലോ
  • കറിവേപ്പില- ആവശ്യത്തിന്
  • വെളുത്തുള്ളി- 3 കുടം
  • ഇഞ്ചി- 2 കഷണം
  • ഗരം മസാല- 2 ടേബ്ള്‍ സ്പൂണ്‍
  • വറ്റല്‍ മുളക് (ചെറുതായി കഷണമാക്കിയത്)- 100 ഗ്രാം
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളക് പൊടി- 3 ടേബ്ള്‍ സ്പൂണ്‍
  • എണ്ണ- ആവശ്യത്തിന്
  • വാഴയില- വാട്ടിയത്

(ചെറിയ ഉള്ളി മുതല്‍ കുരുമുളക് വരെയുള്ള ചേരുവകള്‍ മിക്സ് ചെയ്ത് മാറ്റിവെക്കണം)

തയാറാക്കുന്ന വിധം:

അല്‍പം എണ്ണ അടുപ്പത്തുവെച്ച്, പുരട്ടിവെച്ചിരിക്കുന്ന കോഴി ഇട്ട് നന്നായി ഇളക്കി ചെറു തീയില്‍ മൂടിവെക്കുക. ഇടക്ക് ഇളക്കിക്കൊണ്ടിരിക്കണം. വെന്ത് ചാറ് കുറുകുമ്പോള്‍ അല്‍പം വെളിച്ചെണ്ണയില്‍ കടുക് താളിക്കണം. ശേഷം വാഴയിലയില്‍ നന്നായി കെട്ടിവെക്കുക. കഴിക്കാറാകുമ്പോള്‍ കെട്ടഴിച്ച് സെര്‍വ് ചെയ്യാം.

4. കോഴിക്കറി

ചേരുവകൾ ഒന്ന്: 

  • കോഴി ചെറിയ കഷണങ്ങളാക്കിയത് -200 ഗ്രാം
  • മല്ലിപ്പൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മുളകുപൊടി -1/3 ടേബ്ള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി -1/3 ടേബ്ള്‍ സ്പൂണ്‍
  • ഗരംമസാല -1/3 ടേബ്ള്‍ സ്പൂണ്‍
  • ഉപ്പ് -പാകത്തിന്

ചേരുവകൾ രണ്ട്:

  • ചെറിയ ഉള്ളി -ആറെണ്ണം ചതച്ചത്
  • കാന്താരി മുളക് ചതച്ചത് -നാലെണ്ണം
  • ഇഞ്ചി - ഒരെണ്ണം (അരിഞ്ഞത്)
  • വെളുത്തുള്ളി -നാല് ഇതള്‍ ചതച്ചത്
  • കറിവേപ്പില -കുറച്ച്
  • വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍ 
  • തേങ്ങാപ്പാല്‍ -ഒരു കപ്പ്
  • വിനാഗിരി -ഒരു ടേബ്ള്‍ സ്പൂണ്‍
  • ശീതപ്പഴം (ആപ്രിക്കോട്ട്) -കുരു കളഞ്ഞത്

തയാറാക്കുന്നവിധം: 

ഒന്നാമത്തെ ചേരുവയിലുള്ളവ യോജിപ്പിച്ച് കോഴി കഷണങ്ങളില്‍ ചേര്‍ക്കുക. ഒരു പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കാന്താരി, കറിവേപ്പില ചേര്‍ത്ത് വഴറ്റുക. ശേഷം പുരട്ടി വെച്ച കോഴി ചേര്‍ത്ത് വഴറ്റി കാല്‍ കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് മൂടി വെച്ച് വേവിക്കുക. ഇതിലേക്ക് ഒന്നാം പാലും ആപ്രിക്കോട്ടും വിനാഗിരിയും ചേര്‍ത്ത് വാങ്ങാം. കല്ലപ്പത്തിനൊപ്പം വിളമ്പാവുന്നതാണ്. 

Tags:    
News Summary - Middle Travancore Non Veg Dishes -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.