മസ്കത്തിലെത്തിയ ശേഷമുള്ള നോമ്പു കാലങ്ങൾ ഓരോന്നും ഓർമയിൽ സൂക്ഷിക്കാൻ പോന്നതാണെന്ന് പറയുന്നു ഫാത്തിമ. പല വീടുകളിൽ പാകം ചെയ്ത വിഭവങ്ങളുമായി സുഹൃത്തുക്കളെല്ലാം ഒരു വീട്ടിൽ ഒത്തു ചേർന്ന് നോമ്പ് തുറക്കുന്നു. അഞ്ചു വർഷമായി വീട്ടിൽ നോമ്പ് തുറ നടത്തുന്നുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള വിഭവങ്ങൾ ഉണ്ടാകും. അതിൽ ഉന്നക്കായയും പനീർപ് പെട്ടിയും ചട്ടിപ്പത്തിരിയും തരിക്കഞ്ഞിയും ജീരകക്കഞ്ഞിയും ആണ് കൂടുതൽ ഇഷ്ടം.
പാചകത്തിൽ അത്ര പ്രാവീണ്യം ഉണ്ടായിരുന്നില്ലെങ്കിലും പാചകക്കുറിപ്പുകൾ കുറിച്ചു വയ്ക്കാറുണ്ടായിരുന്നു. മധുര വിഭവങ്ങൾ ഉണ്ടാക്കാനാണ് താൽപര്യം. മലബാർ അടുക്കള അടക്കമുള്ള കൂട്ടായ്മകളിൽ അംഗമായതോടെ പാചക ത്തിൽ താൽപര്യവും കൂടി. ചാവക്കാട് സ്വദേശികളാണ് ഫാത്തിമയും ഭർത്താവ് ഫഹദും. റൂവിയിൽ താമസിക്കുന്നു. വാദി കബീർ സ്കൂളിൽ പഠിക്കുന്ന സയാനും സിദാനുമാണ് മക്കൾ. മധുരപ്രിയയായ ഫാത്തിമ പങ്കുവയ്ക്കുന്നത് ഉണ്ടാക്കാൻ എളുപ്പമുള്ളൊരു കേക്ക് ആണ്. ഓറിയോ ബിസ്കറ്റും മാമ്പഴവും വെണ്ണയും ക്രീമുമൊക്കെ ചേർന്ന ചീസ് കേക്ക്.
ഓറിയോ മാംഗോ ചീസ് കേക്ക്
- ആദ്യത്തെ ലെയർ: 10 ഓറിയോ ബിസ്ക്കത്ത് പൊടിച്ച് രണ്ട് സ്പൂൺ ബട്ടർ ചേർത്ത് നന്നായി ഇളക്കി ഒരു സ്പ്രിങ് ഫോമിൽ സെറ്റ് ആക്കി ഫ്രിഡ്ജിൽ വെക്കുക.
- രണ്ടാമത്തെ ലെയർ: ഒരു പാക്കറ്റ് ഫ്രഷ് ക്രീം, ഒരു കപ്പ് പൊടിച്ച പഞ്ചസാര, 250 ഗ്രാം ക്രീം ചീസ്, ഒരു കപ്പ് വിപ്പിങ് ക്രീം ഇവയെല്ലാം ഒരു ഹാൻഡ് മിക്സർ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ഒരു ടീസ്പൂൺ ജെലാറ്റിൻ ഉരുക്കിയത് ചേർക്കുക. സ്പ്രിങ് ഫോമിൽ അടുത്ത ലയർ ആയി സെറ്റ് ചെയ്യുക.
- മൂന്നാം ലെയർ: ഫ്രഷ് മാമ്പഴത്തിൽ നിന്നെടുത്ത രണ്ട് കപ്പ് ജ്യൂസിൽ രണ്ട് ടീസ്പൂൺ ഉരുക്കിയ ജെലാറ്റിൻ ചേർത്ത് ലാസ്റ്റ് ലെയർ ആയി സെറ്റ് ചെയ്യുക. നാലു മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് സെറ്റ് ആയ ശേഷം പുറത്തെടുത്തു സെർവ് ചെയ്യാം. പുഡിങ് ഡിഷിലും സെറ്റ് ചെയ്യാമെങ്കിലും നല്ല ആകൃതിയിൽ മുറിക്കാൻ സ്പ്രിങ് ഫോം ആണ് സൗകര്യം.
തയാറാക്കിയത്: ഹേമ സോപാനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.