വാളന്‍പുളി ജ്യൂസ്​ റമദാനിലെ ഉത്തമ പാനീയം

ഷാര്‍ജ: വാളന്‍പുളി എന്നാല്‍ മലയാളികള്‍ക്ക് മീന്‍ക്കറിയിലെയും സാമ്പാറിലെയും ഒഴിച്ച് കൂട്ടാനാവാത്ത ഒന്നാണ്. പുളിഞ്ചിക്കും ഇഞ്ചിക്കറിക്കും ഇത് അത്യാവശ്യമാണ്. കുട്ടിക്കാലത്ത് ഉപ്പുംമുളകും ചേര്‍ത്ത് പുളി തിന്നാത്തവര്‍ അപൂര്‍വ്വം. എന്നാല്‍ ഇന്ത്യയിലെ ഈത്തപ്പഴം എന്ന് അറബികള്‍ വിളിക്കുന്ന വാളന്‍പുളി വടക്കന്‍ ആഫ്രിക്കന്‍ രാജ്യക്കാര്‍ക്ക് ഇഫ്താറിലെ ഒഴിച്ച് കൂടാനാവാത്ത പാനീയമാണ്. പുളി ജ്യൂസില്ലാത്ത ഒരു ഇഫ്താറിനെ കുറിച്ച് ഈജിപ്തുകാര്‍ക്ക് ചിന്തിക്കാന്‍ തന്നെ പ്രയാസം. പ്രവാസികളായ ഈജിപ്തുകാരും നോമ്പ് കാലത്ത് ഈ പാനീയം തയ്യാറാക്കുന്നു.

പഴുത്ത പുളി 10 മണിക്കൂറിലേറെ കുതിര്‍ത്ത് വെക്കലാണ് ആദ്യപടി. ഇത് കൈകൊണ്ട് നന്നായി ഉടച്ചെടുത്ത് നേര്‍ത്ത തുണി കൊണ്ട് അരിച്ചെടുക്കും. ഇങ്ങനെ അരിച്ചെടുക്കുന്ന പാനിയത്തില്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുന്നു. അതിലേക്ക് ആവശ്യത്തിന് ചെറുനാരങ്ങ നീര് ചേര്‍ക്കുന്നു. പാകമായാല്‍ അടുപ്പില്‍ നിന്ന് ഇറക്കിവെച്ച് തണുപ്പിച്ചതിന് ശേഷം നല്ല അടച്ചുറപ്പുള്ള കുപ്പികളിലാക്കി റഫ്രിജറേറ്ററില്‍ സുക്ഷിക്കും. ആവശ്യത്തിന് വെള്ളവും ചേര്‍ത്താണ് ഇതി​​​​​​െൻറ ഉപയോഗം. 

നോമ്പിന് പുറമെ വേനല്‍ കാലത്തും ആഫ്രിക്കക്കാര്‍ വാളന്‍പുളി ജ്യൂസ് ഉപയോഗിക്കുന്നു. വാളന്‍പുളിയില്‍ ആരോഗ്യ സംരക്ഷണത്തിനായുള്ള ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പിത്താശയ സംബന്ധമായ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായാണ് വാളന്‍പുളി ജ്യൂസിനെ പഴമക്കാര്‍ കണ്ടിരുന്നത്. ശരീരത്തിലെ കൊളസ്ട്രോളിന്‍െറ അളവു കുറയ്ക്കാന്‍ വാളന്‍പുളി ജ്യൂസ് അത്യുത്തമമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. പുളി ജ്യൂസ് കുടിക്കുന്നത് സൂര്യാഘാതത്തില്‍ നിന്നു രക്ഷനേടാന്‍ സഹായിക്കും.

വയറിനും ത്വക്കിനും പുറമെ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനും വാളന്‍പുളിക്കു ശേഷിയുണ്ട്. പുളിങ്കുരു ഉപയോഗിച്ച് നിര്‍മിക്കുന്ന തുള്ളിമരുന്നുകള്‍ കണ്ണിനെ ബാധിക്കുന്ന ‘ഡ്രൈ ഐ സിന്‍ഡ്രോം‘ എന്ന രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്നുണ്ട്. കറുവാപ്പട്ട, ഏലയ്ക്ക, ശര്‍ക്കര എന്നിവ വാളന്‍പുളി കുഴമ്പിനൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ വിശപ്പില്ലായ്മയ്ക്കും ശാശ്വത പരിഹാരമാകുമെന്ന് നാട്ടുവൈദ്യം. 

ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഒൗഷധമാണ്. വാതം, കഫം, പിത്തം എന്നിവക്കെതിരെ ഉപയോഗിക്കുന്നു. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ള ഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.

Tags:    
News Summary - Tamarind juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.