പട്ടാമ്പി: ആറ് വർഷത്തെ പ്രണയസാഫല്യത്തിനൊടുവിൽ പട്ടാമ്പി കൊടുമുണ്ട സ്വദേശിനിക്കും ഇറ്റാലിയൻ പൗരനും ഇനി പുതുജീവിതം. കൊടുമുണ്ട തടംമനയിൽ സതീശൻ-അനിത ദമ്പതികളുടെ രണ്ടാമത്തെ മകൾ വീണയെയാണ് ഇറ്റാലിയൻ പൗരനും അമേരിക്കയിൽ എൻജിനീയറുമായ ഡാരിയോ താലി ചാർത്തിയത്. കൊടുമുണ്ടയിലെ കുടുംബക്ഷേത്രത്തിൽ കേരളീയ രീതിയിലായിരുന്നു വിവാഹം.
ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും പങ്കെടുത്തു. യു.എസ്.എയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വെച്ചാണ് ഡാരിയോയെ വീണ പരിചയപ്പെട്ടത്. സൗഹൃദം അടുപ്പത്തിലേക്കും പ്രണയത്തിലേക്കും നീങ്ങി. പഠനം പൂർത്തിയാക്കി സാൻഫ്രാൻസിസ്കോയിൽ ജോലിയിൽ പ്രവേശിച്ച വീണ കഴിഞ്ഞ വർഷമാണ് വീട്ടുകാരെ ആഗ്രഹം അറിയിച്ചത്. യു.എസ്.എയിൽ ജനിച്ച ഡാരിയോ പഠിച്ചതും വളർന്നതും ഇറ്റലിയിലായിരുന്നു.
ആദ്യമായാണ് ഇന്ത്യയിലേക്ക് വരുന്നതെന്നും കേരളം അതിമനോഹരമാണെന്നും ഡാരിയോ പറഞ്ഞു. ഒരു മാസം കൊടുമുണ്ടയിൽ തങ്ങിയ ശേഷം നവദമ്പതികൾ അമേരിക്കയിലേക്ക് തിരിക്കും. മുതുതല പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സി.പി.എം നേതാവുമായിരുന്ന പരേതനായ തടം പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ പേരക്കുട്ടിയാണ് വീണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.