ദുബൈ: യു.എ.ഇയുടെ വളർച്ച നേരിൽ കണ്ടറിഞ്ഞ 46 വർഷത്തെ പ്രവാസത്തിനുശേഷം മലപ്പുറം വെളിയംകോട് പുതിയവീട്ടിൽ നാലകത്ത് മുഹമ്മദ് കുട്ടി നാടണയുന്നു. ദുബൈ റാശിദ് ആശുപത്രിയിലെ ന്യൂട്രീഷൻ വിഭാഗത്തിൽ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷമാണ് പടിയിറക്കം.
1977ൽ മുംബൈയിൽനിന്ന് കപ്പൽമാർഗമാണ് ഇമാറാത്തി മണ്ണിലെത്തുന്നത്. അബൂദബിയിലെ അളിയൻ നൽകിയ വിസയിലായിരുന്നു യാത്ര. അൽഐനിലെ തവാം ആശുപത്രിയിൽ ന്യൂട്രീഷൻ വിഭാഗത്തിലാണ് ജോലി തുടങ്ങിയത്. 1985ൽ ദുബൈ റാശിദ് ആശുപത്രിയിലേക്കു മാറി. അന്നു മുതൽ വിരമിക്കുന്നതുവരെ റാശിദ് ആശുപത്രിക്കൊപ്പമായിരുന്നു യാത്ര.
കോവിഡ് കൊടുമ്പിരികൊണ്ട കാലത്ത് ആശുപത്രിയിലെത്തുന്നവരെ സഹായിക്കാൻ മുഹമ്മദ് കുട്ടിയുമുണ്ടായിരുന്നു. മലയാളികളടക്കം ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ അഭയംപ്രാപിച്ച ആശുപത്രിയായിരുന്നു ഇത്. യു.എ.ഇയുടെയും പ്രത്യേകിച്ച് ദുബൈയുടെയും വളർച്ച കൺമുന്നിൽ കണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവാസം.
അന്ന് പലരും അടയാളമായി പറഞ്ഞിരുന്നത് ദേരയിലെ ഖാദർ ഹോട്ടലും നാസർ സ്ക്വയറുമെല്ലാമായിരുന്നു. ഷോപ്പിങ് മാൾ സംസ്കാരത്തിന് തുടക്കംകുറിച്ച് അൽ ഗുറൈർ സെന്റർ ഉയർന്നതും അദ്ദേഹത്തിന്റെ ഓർമയിലുണ്ട്. എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സിലുണ്ടെന്ന് മുഹമ്മദ് കുട്ടി പറയുന്നു. രണ്ടു പതിറ്റാണ്ടോളം കുടുംബവും ഒപ്പമുണ്ടായിരുന്നു.
മടങ്ങുമ്പോൾ യു.എ.ഇ ഭരണാധികാരികൾക്ക് ബിഗ് സല്യൂട്ട് അർപ്പിക്കുകയാണ് അദ്ദേഹം. ഇവിടത്തെ സർക്കാറും ഭരണാധികാരികളും പൗരന്മാരും നൽകുന്ന പിന്തുണയും സ്നേഹവും വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറയുന്നു. പ്രവാസികളിൽനിന്നും നല്ല അനുഭവങ്ങളാണുണ്ടായത്. നാട്ടിലെത്തിയശേഷം എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.