കൊടുങ്ങല്ലൂർ: ഇന്ത്യയുടെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞുള്ള സ്വപ്നതുല്യ യാത്രയുടെ സന്തോഷത്തിലാണ് മതിലകം പുതിയകാവ് സ്വദേശിയും അധ്യാപകനുമായ സക്കീർ ഹുസൈൻ. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ശരീരത്തിന്റെ 80 ശതമാനവും തളർന്ന ഇദ്ദേഹത്തിന്റെ റോഡുമാർഗമുള്ള യാത്ര ഒരാഴ്ച മുമ്പ് ജമ്മുകശ്മീരിലെ കുപ്വാരയിലെ അതിർത്തി ഗ്രാമമായ കേരനിൽനിന്നാണ് ആരംഭിച്ചത്. തളരാത്ത മനസ്സുമായി വീൽ ചെയറിൽ കന്യാകുമാരി വരെ റോഡുമാർഗം യാത്ര ചെയ്യാനാണ് ഫീനിക്സ് സ്റ്റഡി സെന്റർ ഡയറക്ടർ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ പദ്ധതി.
ഇന്ത്യയുടെ ഒന്നാമത്തെ പോസ്റ്റ് ഓഫിസ് ആരംഭിക്കുന്ന കേരനിലുള്ളവർ കേരളത്തെക്കുറിച്ച് കേട്ടിട്ടില്ലെന്ന് സക്കീർ ഹുസൈൻ പറയുന്നു. യാത്ര കശ്മീരും പഞ്ചാബും ഹരിയാനയും ഡൽഹിയും പിന്നിട്ട് യു.പിയിലെ ആഗ്രയിലെത്തിയിലെത്തി നിൽക്കുകയാണിപ്പോൾ.
സാധ്യമാകുംവിധം ഗ്രാമങ്ങളിലെത്തി ഭിന്നശേഷിക്കാരെയും വീൽ ചെയർ ജീവിതം നയിക്കുന്നവരെ കണ്ട് അവരുടെ പ്രശ്നങ്ങൾ അറിഞ്ഞും അതിജീവന പ്രചോദനം പകർന്നുമാണ് യാത്ര മുന്നോട്ട് പോകുന്നത്. ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ ഒരുക്കണമെന്ന് നിയമത്തിലുണ്ടെങ്കിലും യാഥാർഥ്യത്തിൽ എവിടെയും ഇവ നടപ്പാക്കി കാണുന്നില്ലെന്നാണ് അനുഭവമെന്ന് സക്കീർ ഹുസൈൻ പറയുന്നു. ഭിന്നശേഷിക്കാർക്ക് താമസിക്കാനും ടോയ് ലറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം പല വലിയ ഹോട്ടലുകളിൽ പോലുമില്ല.
സന്തതസഹചാരിയും പരിസ്ഥിതി പ്രവർത്തകനുമായ പി.കെ. ധർമരാജ്, ട്രിപൻസ് കമ്പനി ഉടമ ജംഷിദ്, ഗൈഡ് ഷഫീഖ്, സുഹൃത്ത് പ്രവിദ് എന്നിവരാണ് യാത്രയിൽ കൂടെയുള്ളത്. ആരോഗ്യവും സാഹചര്യവും അനുവദിക്കുവോളം പരമാവധി യാത്രതുടരാൻ ആഗ്രഹിക്കുന്നതായും മാഷ് പറഞ്ഞു. മതിലകം പുതിയകാവ് പിച്ചത്തറ ബാവു സാഹിബിന്റെ മകനായ സക്കീർ ഹുസൈൻ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന മൈൻഡ് ട്രസ്റ്റിന്റെ ചെയർമാനും, ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.