കാളികാവ്: ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിന് ഭരണസമിതി നന്ദി പറഞ്ഞത് വി.ഇ.ഒ പി. മുഹമ്മദ് നൗഫലിനോടാണ്. കാഴ്ചപരിമിതിക്കിടയിലും പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കർമരംഗത്ത് തളരാത്ത പ്രവർത്തനമാണ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസറായ നൗഫൽ കാഴ്ചവെക്കുന്നത്.
ഗൂഗിൾ ടോക്ക്ബാക്ക് എന്ന റീഡിങ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് അദ്ദേഹം മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും കൈകാര്യം ചെയ്യുന്നത്. പ്രത്യേക സ്ക്രീന്‍ റീഡര്‍ സോഫ്റ്റ് വെയര്‍ സഹായത്തോടെ കമ്പ്യൂട്ടറിലാണ് ഓഫിസ് ജോലികൾ ചെയ്യുന്നത്. പിന്നെ സഹപ്രവര്‍ത്തകരുടെ അകമഴിഞ്ഞ സഹകരണവും നല്ലപാതി ആരിഫയുടെ പിന്തുണയും മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറയുന്നു.
ജന്മനാ ബാധിച്ച റെറ്റിനൈറ്റിസ് പിക്ക്മെന്റോസ എന്ന രോഗമാണ് കാഴ്ച കുറയാന്‍ കാരണം. 10ാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ചയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്. എന്നിട്ടും അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ പ്ലസ് ടുവും ബി.കോമും എംകോമും കടന്ന് മുന്നേറി. 2013 ഏപ്രില്‍ 24ന് തിരുവനന്തപുരം ടെക്നോപാര്‍ക്കിൽ ജോലിയില്‍ പ്രവേശിച്ചു.
മമ്പാട് പൈക്കാടന്‍ മുഹമ്മദ് അസ്ലം-സക്കീന ദമ്പതികളുടെ നാല് ആണ്മക്കളില് രണ്ടാമനാണ്. മക്കൾ: ആയിശ മന്ഹ, ആയിശ ഇനാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.