ജൂഡ്​സൺ

റിവേഴ്​സ്​ ഡ്രോയിങ്ങിൽ ജൂഡ് സൺ അല്ല.. ഫാദർ!

കെട്ടിടങ്ങളുടെ രൂപകൽപന കലയിൽ ലോകത്തെ അമ്പരിപ്പിച്ച അനേകം കലാകാരൻമാരെ ചരിത്രം നമുക്ക്​ പരിചയപ്പെടുത്തിയിട്ടുണ്ട്​. അവരുടെ കലാസൃഷ്ടികൾ നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഒരൽഭുതമായി ലോകത്തിന്‍റെ പല കോണുകളിലും ഇന്നും തലയുയർത്തി നിൽക്കുകയാണ്​​. എന്നാൽ, ത്രിഡി ഡ്രോയിങ്​ എന്ന കലയെ വേറിട്ട വഴിയിലൂടെ നമുക്ക്​ പരിചയ​പ്പെടുത്തുന്ന വിത്യസ്തനായ ഒരു കലാകാരനുണ്ടിവിടെ പ്രവാസ ലോകത്ത്​. ഒരു പക്ഷെ, ഇത്തരമൊരു കലാവൈഭവമുള്ള ലോകത്തെ ഏക വ്യക്​തിയും ഇദ്ദേഹമായിരിക്കും. മലയാളിയായ പി.ആർ. ജൂഡ്​സൺ. റിവേഴ്​സ്​ ഡ്രോയിങ്ങിലൂടെയാണ്​ വാസ്തുശിൽപിയായ ജൂഡ്​സൺ ലോക​ത്തെ അമ്പരിപ്പിക്കുന്നത്​.

തന്‍റെ മുന്നിലിരിക്കുന്ന ആൾക്ക്​ അഭിമുഖമായി ക്യാൻവാസ്​ വെച്ച്​ വരക്കുമ്പോഴാണ്​ റിവേഴ്​സ്​ ഡ്രോയിങ്ങിന്‍റെ അപൂർവമായ കലാസൃഷ്ടികൾ ജൂഡ്​സന്‍റെ വിരലുകളിൽ നിന്ന്​ പിറവിയെടുക്കുന്നത്​. വരക്കുന്ന ചിത്രങ്ങൾ ജൂഡ്​സണ്​ തലതിരിഞ്ഞാണ്​ കാണുകയെങ്കിലും ഉപഭോക്​താവിന്​ നേർ ചിത്രം തന്നെ കാണാനാവും എന്നതാണ്​ ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. തലതിരിച്ച്​ വരയ്ക്കാൻ വേണ്ടി വരച്ചതായിരുന്നില്ല. മുൻപിലിരിക്കുന്ന ആവശ്യക്കാരന്​ മനസിലാകുന്ന രീതിയിലാണ്​ പ്ലാനും എലിവേഷനും വരച്ചു കൊടുക്കുന്നത്​. അയാളെ സംബന്ധിച്ച്​ കൃത്യമായി തത്സമയം വീടിന്‍റെ രൂപരേഖ മനസിലാക്കാൻ സാധിക്കും.

എന്നാൽ, തന്നെ സംബന്ധിച്ച്​ ഒരിക്കലും അത്​ തലതിരിഞ്ഞതായി തോന്നാറില്ലെന്നാണ്​ ജൂഡ്​സൺ പറയുന്നത്​. ആവശ്യക്കാർക്ക്​ തത്സമയം തന്നെ ഡിസൈൻ വരച്ചു കൊടുക്കാനാണ്​ ഇ​ദ്ദേഹത്തിന്​ ഇഷ്ടം. എട്ട്​ വർഷം മുമ്പ്​ ആനന്ദൻ എന്നയാളുടെ വീടിന്‍റെ മാതൃക വരക്കുന്നതിനിടെയാണ്​​ ​ ജൂഡ്​സന്‍റെ അപൂർവമായ ഈ കഴിവ്​ ശ്രദ്ധയിൽ​പ്പെടുത്തുന്നത്​. 360 ഡിഗ്രിയിൽ വരക്കാനുള്ള ജൂഡ്​സന്‍റെ അപൂർവമായ കഴിവ്​ ആരേയും അമ്പരപ്പിക്കുന്നതാണ്​. ആർകിടെക്​ചർ ഡ്രോയിങ്​സ്​ ഇങ്ങനെ വരക്കുന്നവർ ലോക​ത്തു തന്നെ ആരുമില്ലെന്നാണ്​ മനസിലാക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. ഒരിക്കൽ ക്യാൻവാസിൽ പെൻസിൽ കുത്തിയാൽ ചിത്രം പൂർത്തിയാവുന്നത്​ വരെ കൈയെടുക്കാതെ വരക്കാനുള്ള അപൂർവ സിദ്ധിയും ഈ കലാകാരനുണ്ട്​​. ഇതിന്‍റെ ലോക റെകോർഡും ജൂഡ്​സന്‍റെ പേരിലാണ്​​.

ജീവിത സാഹചര്യങ്ങൾ കൊണ്ടും പഠിക്കാൻ പിന്നിലായതു കൊണ്ടും പത്താം ക്ലാസിൽ തോറ്റുപോയെങ്കിലും കേരളത്തിലും പ്രവാസ ലോകത്തും അറിയപ്പെടുന്ന ആർകിടെക്ചർ വിശ്വലൈസറിൽ ഒരാളായി മാറാൻ ജന്മസിദ്ധമായി ലഭിച്ച ഈ കഴിവുകൾ ജൂഡ്​സണെ ഏറെ പിന്തുണച്ചിട്ടുണ്ട്​. സ്​ട്രക്നറൽ ഡിസൈനിങ് ​പ്രഫഷനലായി പഠിച്ചില്ലെങ്കിലും ജൂഡ്​സന്‍റെ അളവുകൾ കിറുകൃത്യമായിരിക്കും. ഓരോ മാതൃകയും തികച്ചും വിത്യസ്തമായിരിക്കുമെന്നാണ്​ മറ്റൊരു അത്​ഭുതം.

കഴിഞ്ഞ 35 വർഷമായി ഈ മേഖലയിൽ സജീവമായി നിലകൊള്ളുന്ന ജൂഡ്​സൺ കേരളത്തിൽ ജൂഡ്​സൺ അസോസിയേറ്റ്​സ്​ എന്ന ആർക്​ടെക്​ചറൽ ഡിസൈൻ സ്ഥാപനത്തിന്‍റെ ഉടമ കൂടിയാണ്​. ​ ത്രിമാന ചിത്രങ്ങളിലേക്ക്​ ലോകം അധിവേഗം പരിവർത്തനം നടത്തിയതോടെ പല കലാകാരൻമാരും പരാജയപ്പെട്ടങ്കിലും തോൽക്കാൻ ജൂഡ്​സൺ തയ്യാറായില്ല. കമ്പ്യൂട്ടറിൽ ത്രിമാന ചിത്രകല സ്വയം പഠിക്കാനും സ്വായത്തമാക്കാനും ഇദ്ദേഹം സാധിച്ചു.

2001ൽ ആണ്​ യു.എ.ഇയിലേക്ക്​ ചേക്കേറുന്നത്​. പ്രവാസ ലോകത്തെ പ്രമുഖരുടെ ഭവനങ്ങൾക്കും നിരവധി കെട്ടിടങ്ങൾക്കും റിവേഴ്​സ്​ ഡ്രോയിങ്ങിലൂടെ ദൃശ്യമുഖം പകർന്നു നൽകുന്ന ഈ കലാകാരൻ പുതു തലമുറക്ക്​ ഒരു മാതൃക കൂടിയാണ്​. വിദ്യാഭ്യാസം തോൽപിച്ചു കളഞ്ഞെങ്കിലും തന്‍റെ ഉള്ളിലെ കഴിവുകൾ കണ്ടെത്തി അതിലൂടെ ജീവിത വിജയം കണ്ടെത്തുന്നതിൽ ഇദ്ദേഹത്തിന്​ കഴിഞ്ഞു. കേരളത്തിൽ എറണാകുളമാണ്​ സ്വദേശം. അജ്​മാനിൽ കുടുംബ സമേതം താമസിക്കുന്ന ജൂഡ്​സന്‍റെ മകളും മികച്ച ആർകിടെക്​റ്റാണ്​. 

Tags:    
News Summary - Architect Judson is surprising the world through reverse drawing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.