അരൂർ: ജലയാനങ്ങളുടെ രൂപഭേദങ്ങൾക്കനുസരിച്ച് യന്ത്രവേഗത ക്രമപ്പെടുത്താനുള്ള വൈദഗ്ധ്യമാണ് മനോഹരനെ വ്യത്യസ്തനാക്കുന്നത്. ഓട്ടോമെക്കാനിക്കായിരുന്ന മനോഹരൻ എല്ലാത്തരം ജലയാനങ്ങളിലും ഹോണ്ട മോട്ടോറുകൾ ഘടിപ്പിക്കുന്ന വിദഗ്ധനായത് യാദൃച്ഛികമായാണ്. 54 കാരനായ അരൂർ കളപ്പുരക്കൽ മനോഹരന്റെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു. ഏഴുപേരിൽ ഏറ്റവും ഇളയവനാണ്. പട്ടിണിയും കഷ്ടപ്പാടും മനോഹരനെ സ്കൂളിലേക്ക് ആകർഷിച്ചില്ല .എന്നാലും മനോഹരൻ പത്തുവരെ പഠിച്ചു. പഠിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ മെക്കാനിക്ക് വർഷോപ്പിൽ സ്ഥിരം സന്ദർശകനായി.
ഏത് യന്ത്രവും മനോഹരന് അഴിച്ചുകാണണം. മണിക്കൂറുകൾ വർക്ക്ഷോപ്പിൽ കൗതുകത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ സുരേന്ദ്രൻ ആശാന് താൽപര്യം തോന്നി. ഏഴാം ക്ലാസിലെ സ്കൂൾ അവധിക്കാലത്ത് കശുവണ്ടി വിറ്റ അഞ്ചുരൂപയുമായി മനോഹരൻ ആശാന്റെ സമീപത്തെത്തി. അഞ്ചുരൂപ ദക്ഷിണവെച്ച് ഓട്ടോറിക്ഷ മെക്കാനിക്ക് പഠിക്കാൻ തുടങ്ങി. അന്നൊക്കെ ലാമ്പെർട്ട എൻജിനുള്ള ഓട്ടോറിക്ഷകളായിരുന്നു അധികവും. പിന്നീട് ബാക്ക് എൻജിൻ ഓട്ടോറിക്ഷകളുടെ വരവായി.പിന്നെ ഡീസൽ എൻജിനുകളും. എല്ലാം മനോഹരൻ പരീക്ഷിച്ചു, പഠിച്ചു വിദഗ്ധനായി. ഇതിനിടയിൽ കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്താം ക്ലാസ് വരെ പഠിച്ചു.
ആശാൻ വർക്ക്ഷോപ്പ് ഉപേക്ഷിച്ചപ്പോൾ മനോഹരൻ ഏറ്റെടുത്തു. ഏത് എൻജിനുകളുടെയും സാങ്കേതിക സങ്കീർണതകൾ തേടിപ്പോകുന്ന മനോഹരനെ തന്റെ വള്ളത്തിൽ എൻജിൻ പിടിപ്പിക്കാൻ ധനികനായ ഒരു വൈക്കംകാരൻ തേടിയെത്തി. ഹോണ്ട കമ്പനിയുടെ മൾട്ടിപർപ്പസ് എൻജിനിൽ അത്യാവശ്യമാറ്റങ്ങൾ വരുത്തി ചരൽ വാരാനുള്ള വള്ളത്തിൽ യന്ത്രത്തുഴ ക്രമീകരിക്കാൻ അദ്ദേഹം ധൈര്യം നൽകി.
മനോഹരൻ യന്ത്രത്തിന്റെ വേഗത ക്രമപ്പെടുത്തി വള്ളത്തിന്റെ അരികിൽ പിടിപ്പിക്കുന്ന തുഴയുമായി ഘടിപ്പിച്ചു. പരിശ്രമം ഫലം കണ്ടു. ആവശ്യക്കാർ ദിനംതോറും ഏറിയേറി വന്നു. സാധാരണ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയുന്ന ചെറിയ വള്ളങ്ങളിലും യന്ത്രത്തുഴ ഘടിപ്പിച്ചു നൽകി. എറണാകുളത്തെ ഹോണ്ട ഡീലറിന്റെ പക്കൽനിന്നും ഏറ്റവും അധികം എൻജിൻ വാങ്ങുന്ന ഉപഭോക്താവിനെ കാണാൻ ജപ്പാനിലെ ഹോണ്ട കമ്പനിയിൽ നിന്നും ഉന്നതർ മനോഹരനെ തേടിയെത്തി. ഹോണ്ട എൻജിനിൽ മനോഹരൻ വരുത്തുന്ന സൂത്രപ്പണികൾ ജപ്പാനിലെ വിദഗ്ധർ കണ്ടറിഞ്ഞു.
മനോഹരന്റെ യന്ത്രമാതൃകയിൽ ചെറിയജലയാനങ്ങളിൽ ഘടിപ്പിക്കാനുള്ള യന്ത്രങ്ങൾ നിർമ്മിക്കാൻ ഹോണ്ട പരിശ്രമിച്ചു. ഏഴുതവണ ജപ്പാനിലെ വിദഗ്ധർ മനോഹരന്റെ അരികിലെത്തി. എന്നിട്ടും ചെറിയ വള്ളങ്ങളിൽ ഘടിപ്പിക്കാനുള്ള യന്ത്രത്തുഴ നിർമിക്കാനുള്ള ഹോണ്ടയുടെ ശ്രമം പരാജയപ്പെട്ടു. പ്രാദേശിക ജലയാനങ്ങളുടെ വ്യത്യസ്തത ജപ്പാൻ വിദഗ്ധരെ കുഴച്ചു. ഒടുവിൽ അനുമോദനങ്ങളും ഹോണ്ട കമ്പനിയുടെ ഡീലർഷിപ്പും മനോഹരന് നൽകി വിദഗ്ധർ മടങ്ങി. ജാൻസിയാണ് ഭാര്യ. രണ്ട് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.